• HOME
 • »
 • NEWS
 • »
 • buzz
 • »
 • Jacinda Ardern | ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ലൈവ് സ്ട്രീം തടസപ്പെടുത്തി വാശിക്കാരി മകളുടെ കുസൃതി

Jacinda Ardern | ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ലൈവ് സ്ട്രീം തടസപ്പെടുത്തി വാശിക്കാരി മകളുടെ കുസൃതി

ലൈവ് സ്ട്രീമില്‍ പങ്കെടുക്കുമ്പോള്‍ അപ്രതീക്ഷിതമായി കുസൃതിത്തരവുമായി എത്തിയ ജസീന്തയുടെ കുഞ്ഞുമകളുടെ ഒരു വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരിക്കുകയാണ്

 • Share this:
  ന്യൂസിലന്‍ഡ് (New Zealand) പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ (Jacinda Ardern) അവരുടെ നിലപാടുകള്‍കൊണ്ടും കര്‍മ്മശേഷിക്കൊണ്ടും ആഗോള തലത്തില്‍ തന്നെ പ്രശസ്തി നേടിയ വ്യക്തിയാണ്. ജസീന്ത അധികാരത്തിലിരിക്കുമ്പോള്‍ തന്നെയായിരുന്നു അവര്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതുമൊക്കെ. അതുകൊണ്ട് തന്നെ ജസീന്തയും അവരുടെ കുഞ്ഞുമകളും എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. ഗൗരവകരമായ ഒരു ലൈവ് സ്ട്രീമില്‍ പങ്കെടുക്കുമ്പോള്‍ അപ്രതീക്ഷിതമായി കുസൃതിത്തരവുമായി എത്തിയ ജസീന്തയുടെ കുഞ്ഞുമകളുടെ ഒരു വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

  ലൈവ് സ്ട്രീമിലൂടെ കോവിഡ്-19 നിയന്ത്രണങ്ങളിലെ സുപ്രധാന പരിഷ്‌കരണങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളോട് പറയുന്ന തിരക്കിലായിരുന്നു ജസീന്ത. അതിനിടയില്‍ അപ്രതീക്ഷിതമായ ഒരു ശബ്ദം എത്തി: 'മമ്മി' എന്നൊരു നീട്ടിവിളിയായിരുന്നു അത്. ലോകമെമ്പാടുമുള്ള മാതാപിതാക്കള്‍ക്ക് സുപരിചിതമായ ആ വിളി തന്നെ. പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് ജസീന്തയുടെ മൂന്ന് വയസ്സുള്ള മകള്‍ നീവ് ആയിരുന്നു. അവളുടെ വാശിക്ക് മുമ്പിള്‍ അവസാനം ജസീന്തയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു.

  തിങ്കളാഴ്ചത്തെ ഫേസ്ബുക്ക് ലൈവ് സ്ട്രീമിന് ഇടയിലായിരുന്നു 41കാരിയായ ജസീന്തയുടെയും കുഞ്ഞിമകളുടെയും രസകരമായ സംഭാഷണം നടന്നത്. ലൈവിനിടയില്‍ 'ഓമനേ.. നീ ഉറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ' എന്ന് ജസീന്ത ചോദിച്ചുകൊണ്ടാണ് ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത്. 'ഇല്ല' എന്ന് കുഞ്ഞ് നീവ് പ്രതികരിക്കുന്നു. തുടര്‍ന്നും ജസീന്ത മകളോട് കാര്യങ്ങള്‍ പറയുന്നുണ്ട്.

  ''ഇത് ഉറങ്ങാനുള്ള സമയമാണ്, വീണ്ടും ഉറങ്ങാന്‍ പോകൂ. ഞാന്‍ ഒരു നിമിഷത്തിനുള്ളില്‍ നിന്റടുത്തേക്ക് വരും. ഒരു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായും വരും'' എന്ന് പറഞ്ഞ് മകളെ സമാധാനിപ്പിച്ചതിന് ശേഷം തിരികെ ലൈവില്‍ എത്തി ഒരു പുഞ്ചിരിയോടെ ജസീന്ത പറഞ്ഞു, ''എല്ലാവരും ക്ഷമിക്കണം.. അത് ഒരു ബെഡ്ടൈം ഫെയ്‌ല്യർ ആയിരുന്നു, അല്ലേ? ഫെയ്‌സ്ബുക്ക് ലൈവിൽ വരാൻ അനുയോജ്യമായ സമയമാണ് ഇതെന്നാണ് ഞാൻ കരുതിയത്. ഭാഗ്യവശാൽ എന്റെ അമ്മ ഇവിടെയുണ്ട്.. അവര്‍ക്ക് എന്നെ സഹായിക്കാനാകും.''  ''ശരി, നമ്മള്‍ എവിടെയായിരുന്നു പറഞ്ഞ് നിര്‍ത്തിയത്?'' എന്ന് ചോദിച്ചുകൊണ്ട് ജസീന്ത ലൈവില്‍ തുടരാന്‍ ശ്രമിച്ചു. വൈകാതെ വീണ്ടും മകളുടെ ശബ്ദം ഉയർന്നുകേട്ടു. 'ഇത്രയും സമയം എടുക്കുന്നത് എന്താണ്?' എന്നായിരുന്നു അൽപം പരിഭവത്തോടെ മകൾ ചോദിച്ചത്. മറുപടിയായി ''എന്നോട് ക്ഷമിക്കണം ഓമനെ, ഇത് വളരെയധികം സമയമെടുക്കുന്നു" എന്ന് പറഞ്ഞ ജസീന്ത കാണികളോട് വീണ്ടും ക്ഷമ ചോദിച്ചു. മകൾ ഉറങ്ങേണ്ട സമയം പിന്നിട്ടുകഴിഞ്ഞു എന്നും അതിനാൽ അവളെ ഉറക്കാൻ പോവുകയാണ് എന്നും കാണികളോട് പറഞ്ഞാണ് ജസീന്ത ലൈവ് സ്ട്രീം അവസാനിപ്പിക്കുന്നത്.

  കൊറിയന്‍ അനലിസ്റ്റ് റോബര്‍ട്ട് കെല്ലിയുടെ മക്കള്‍ അദ്ദേഹത്തിന്റെ 2017 ലെ ബിബിസി അഭിമുഖത്തെ തടസ്സപ്പെടുത്തിയത് പോലെ നാടകീയമല്ലെങ്കിലും, ജസീന്തയുടെ കുഞ്ഞ് നെവിയുടെ വാശിയും നെറ്റിസണ്‍സിന്റെ ഹൃദയം കവര്‍ന്നു. പാകിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ പ്രസവിച്ച ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. ജനിച്ച് ഏതാനും മാസങ്ങള്‍ പ്രായമുള്ളപ്പോള്‍ തന്നെ നെവിയുമായി ന്യൂയോര്‍ക്കിലെ യുഎന്‍ അസംബ്ലിയിലും ജസീന്ത എത്തിയിരുന്നു. അന്നും ഇരുവരും ആഗോള മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
  Published by:Karthika M
  First published: