നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഞങ്ങൾക്കിതുവരെ ശമ്പളം തന്നിട്ടില്ല': തത്സമയ വാർത്ത വായിക്കുന്നതിനിടെ ആരോപണവുമായി അവതാരകൻ

  'ഞങ്ങൾക്കിതുവരെ ശമ്പളം തന്നിട്ടില്ല': തത്സമയ വാർത്ത വായിക്കുന്നതിനിടെ ആരോപണവുമായി അവതാരകൻ

  ഈ സംഭവത്തിന്റെ വീഡിയോ ഇതിനകം ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ കണ്ടുകഴിഞ്ഞു

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഒരു സാംബിയൻ വാർത്താ അവതാരകൻ തത്സമയ വാർത്താ ബുള്ളറ്റിനിടെ തനിക്കും സഹപ്രവർത്തകർക്കും ചാനൽ ശമ്പളം നൽകുന്നില്ല എന്ന് ആരോപിച്ചു. കെ ബി എൻ (കെൻമാർക്ക് ബ്രോഡ്‌കാസ്റ്റിംഗ്‌ നെറ്റ്‌വർക്ക്) ടി വിയുടെ വാർത്താ അവതാരകനായ കബിന്ദ കലിമിനയാണ് പ്രധാന വാർത്തകൾ വായിക്കുന്നതിനിടെ അവതരണം നിർത്തുകയും ചാനൽ അധികൃതർ ജീവനക്കാരുടെ വേതനം പിടിച്ചു വച്ചിരിക്കുകയാണ് എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ സംഭവം വലിയ ചർച്ചകൾക്കാണ് തിരി കൊളുത്തിയത്.

   ഫെയ്‌സ്ബുക്കിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കലിമിന സാധാരണ നിലയിൽ തന്നെയാണ് വാർത്താവതരണം ആരംഭിച്ചതെന്ന് വ്യക്തമാണ്. പ്രധാനപ്പെട്ട വാർത്തകളുടെ തലക്കെട്ടുകൾ വായിച്ചതിന് ശേഷം അപ്രതീക്ഷിതമായി അദ്ദേഹം ഈ ആരോപണം ഉന്നയിക്കുകയായിരുന്നു. "ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്ക് ശമ്പളം നൽകണം", അദ്ദേഹം പറയുന്നു.

   "ദൗർഭാഗ്യവശാൽ കെബിഎൻ ചാനലിൽ ഞങ്ങൾക്കാർക്കും ശമ്പളം ലഭിക്കുന്നില്ല. ഞാൻ ഉൾപ്പെടെ ഷാരോണിനും മറ്റുള്ളവർക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് വേതനം ലഭിക്കണം", അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ ഈ പരാമർശത്തിന് ശേഷം തത്സമയ സംപ്രേക്ഷണം ചാനൽ അവസാനിപ്പിക്കുന്നു. പിന്നീട്, അദ്ദേഹം തന്നെ ഈ വീഡിയോ ക്ലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെയ്ക്കുകയുണ്ടായി.   "അതെ, ഞാൻ തത്സമയ വാർത്താവതരണത്തിനിടയിലാണ് അത് ചെയ്തത്. മിക്കവാറും മാധ്യമപ്രവർത്തകരും കാര്യങ്ങൾ തുറന്നു പറയാൻ ഭയപ്പെടുന്നു എന്നതിന്റെ അർത്ഥം മാധ്യമപ്രവർത്തകർ തുറന്നു സംസാരിക്കരുത് എന്നല്ല", അദ്ദേഹം വീഡിയോയോടൊപ്പം കുറിച്ചു.

   ഈ സംഭവത്തിന്റെ വീഡിയോ ഇതിനകം ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ കണ്ടുകഴിഞ്ഞു. നിരവധി ആളുകളാണ് കെബിഎൻ ടി വി ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പിന്തുണയുമായി എത്തിയത്. അവർക്ക് എത്രയും പെട്ടെന്ന് ശമ്പളം നൽകാൻ ചാനൽ അധികൃതർ തയ്യാറാകണമെന്നും ആളുകൾ ആവശ്യപ്പെടുന്നു.

   അതേസമയം, കെബിഎൻ ടി വി പ്രതികരണവുമായി രംഗത്തെത്തി. ആ വാർത്താവതാരകൻ മദ്യപിച്ചിരുന്നെന്നാണ് ചാനൽ നേതൃത്വത്തിന്റെ വാദം. പോരാത്തതിന് അദ്ദേഹത്തിന്റെ പരാമർശത്തെ ചാനൽ നിന്ദ്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിൽ കെ ബി എൻ ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കെന്നഡി മാംബ്‍വെ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് അധികൃതർ പ്രതികരണം അറിയിച്ചത്.

   "മറ്റേതൊരു സ്ഥാപനത്തെയും പോലെ കെബിഎൻ ടിവിയ്ക്കും ജീവനക്കാരുടെ ആശങ്കകളും പരാതികളും പരിഹരിക്കാനുള്ള സംവിധാനമുണ്ട്. ആ സംവിധാനത്തിലൂടെ ജീവനക്കാർക്ക് ഏത് തരത്തിലുള്ള പരാതിയും ഉന്നയിക്കാവുന്നതാണ്‌", ചാനൽ അധികൃതർ പ്രസ്താവനയിലൂടെ അറിയിക്കുന്നു. "അതിനാൽ, കബിന്ദ കലിമിനയുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പെരുമാറ്റം അത്യധികം നിന്ദ്യമാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. പ്രശസ്തിയ്ക്ക് വേണ്ടി നടത്തിയ ആ വില കുറഞ്ഞ പ്രകടനത്തെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് ഞങ്ങൾ പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നു", അവർ കൂട്ടിച്ചേർത്തു.
   Published by:user_57
   First published:
   )}