ലോകത്തിലെ എല്ലാവരും ഭൂത-പ്രേത-പിശാചുകളില്‍ വിശ്വസിക്കുന്നവരല്ല. എന്നാല്‍ ചിലര്‍ അമാനുഷിക ശക്തികളില്‍ വിശ്വസിക്കാറുണ്ട്. 'പ്രേതങ്ങള്‍' അല്ലെങ്കില്‍ 'അമാനുഷിക ശക്തികള്‍' എന്നവകാശപ്പെടുന്നവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുമുണ്ട്. പക്ഷേ ഈ ദൃശ്യങ്ങള്‍ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണെങ്കിലും ചില വീഡിയോകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് യുകെയിലെ ഒരു പബ്ബില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍.
യുകെയിലെ കര്ഡിഫിലുള്ള ലാന്‍സ്ഡൗണ്‍ പബ്ബിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് അവിശ്വസനീയമായ ചില ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. പബ്ബിന്റെ പഴയ ഉടമസ്ഥ ലേഡി ലാന്‍സ്ഡൗണ്‍ ഇവിടെ പ്രേതമായി എത്തുന്നുവെന്നാണ് ഇപ്പോഴത്തെ പബ്ബ് മാനേജര്‍ ഹെയ്ലി ബഡ് പറയുന്നത്. പബ്ബ് അധികൃതര്‍ തന്നെയാണ് വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ല്‍ അപ്ലോഡ് ചെയ്തത്. ഏറ്റവും പുതിയ വീഡിയോയില്‍, 'ലാന്‍സ്ഡൗണിന്റെ പ്രേതം' പബ്ബിന്റെ മാനേജരുടെ അരികില്‍ ഇരിക്കുന്നതായിട്ടാണ് കാണപ്പെട്ടത്. ദൃശ്യങ്ങളില്‍ കാണുന്നത് - പബ്ബിലെ ഭക്ഷണ മേശയ്ക്കരികില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ (പബ്ബ് മാനേജര്‍) മുന്‍പിലുള്ള കസേര സ്വയം നീങ്ങാന്‍ തുടങ്ങുന്നതാണ്. ആരോ ഒരാള്‍ കസേരയില്‍ ഇരിക്കുന്ന് കസേര അനക്കുന്നതായി തോന്നുന്നതാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കസേരയില്‍ ആരെയും കാണാനില്ല.
പബ്ബിലെ സിസിടിവി ക്യാമറയില്‍ ഈ വീഡിയോ പതിഞ്ഞത് ജൂലൈ 26ന് വൈകുന്നേരം 7:30നാണ്. വീഡിയോയില്‍ കാണുന്ന സംഭവം നടക്കുമ്പോള്‍ പബ്ബ് മാനേജരുടെ ശ്രദ്ധ പൂര്‍ണമായും ഫോണിലായിരുന്നു. അപ്പോള്‍ പെട്ടെന്ന് ആരോ മുന്‍പിലുള്ള കസേര നീക്കിയതായി യുവതിയ്ക്ക് തോന്നി. ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ അവള് മേശയ്ക്കടിയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. അവിടെ മുഴുവന്‍ പരിശോധിച്ചിട്ടും അവള്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വീണ്ടും ഫോണിലേയ്ക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ പഴയ അനുഭവം ആവര്‍ത്തിച്ചു. ഒടുവില്‍, തന്റെ തോന്നലിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ഞെട്ടിപ്പോയി.
വീഡിയോയെക്കുറിച്ച് പബ്ബ് മാനേജര്‍ ഹെയ്ലി ബഡ് പറയുന്നതനുസരിച്ച് - ഈ 'പ്രേതം' പബ്ബിന്റെ പഴയ ഉടമസ്ഥയാണെന്നാണ് കരുതുന്നത്, ആളുകളെ ഭയപ്പെടുത്തി ഈ സ്ഥലം അടച്ചുപൂട്ടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നാണ് ഹെയ്ലിയുടോ ആരോപണം. ഹെയ്ലി ബഡ് കഴിഞ്ഞ എട്ട് വര്‍ഷമായി ഈ പബ്ബില്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ലേഡി ലാന്‍സ്ഡൗണ്‍ ആണോയെന്ന് അറിയുന്നതിനായി പബ്ബിലെ പഴയ ഉപഭോക്താക്കളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കി. അസാധാരണമായ ഈ സംഭവങ്ങള്‍ കാരണം ഇപ്പോള്‍ പഴയ ഉപഭോക്താക്കള്‍ പബ്ബിലേക്ക് വരാറില്ലെന്നും ഹെയ്ലി പറയുന്നു.
ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ യുട്യൂബിലും, ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ വൈറലായി മാറിക്കഴിഞ്ഞു. ചിലര്‍ ഇത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള പബ്ബിന്റെ തട്ടിപ്പാണെന്നും, പെണ്‍ക്കുട്ടി കാലുക്കൊണ്ട് കസേര അനക്കുന്നതാണെന്നും മറ്റും പ്രതികരിക്കുന്നുണ്ട്.
''പബ്ബിനുള്ള നല്ല പരസ്യം. കൃത്രിമമായ അമാനുഷിക പ്രതിഭാസങ്ങള്‍ എല്ലായ്പ്പോഴും മികച്ച വിപണന തന്ത്രമാണെന്ന്'' ഒരു ഉപയോക്താവ് കുറിച്ചു.
''അവള് അത് കാലുകള്‍ കൊണ്ട് ചെയ്തതാണെന്ന്'' മറ്റ് ചില ഉപയോക്താക്കള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.