ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾ അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ അനുഭവപ്പെടുന്ന വിഭവക്ഷാമം പരിഹരിക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ പിന്തുണയുമായിഎത്തുന്നുണ്ട്. നടി പ്രിയങ്ക ചോപ്ര തന്റെ ആരാധകരോടും ഫോളോവേഴ്‌സിനോടും ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി മറികടക്കാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജൊനാസും രാജ്യത്തിന് വേണ്ട സഹായം എത്തിക്കുന്നതിനായി ജനങ്ങളിൽ നിന്നുള്ള പിന്തുണ അഭ്യർത്ഥിക്കുകയാണ്.
ഗായകൻ കൂടിയായ ജൊനാസ് 'ഇന്ത്യയ്ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്! ഒന്നിച്ച് നിന്ന് നമുക്ക് കോവിഡ് വ്യാപനത്തെ ചെറുക്കാം' എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഇൻഫോഗ്രാഫിക് ചിത്രങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളോട് വിഭവങ്ങൾ ശേഖരിക്കാനും ഈ മഹാവ്യാപനംതടയുന്നതിൽ തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകാനും അദ്ദേഹം അഭ്യർത്ഥിക്കുന്നു. പ്രിയങ്ക ചോപ്ര ജൊനാസ് ഫൗണ്ടേഷനിലൂടെ പ്രിയങ്കയും നിക്ക് ജൊനാസും വിഭവങ്ങൾ ശേഖരിക്കുകയുംസംഭാവനകൾ നൽകുകയും ചെയ്യുന്നുണ്ട്.
നിക്ക് ജൊനാസിന്റെ പോസ്റ്റുകൾക്ക് ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ തങ്ങളുടെ സ്നേഹവും കൃതജ്ഞതയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഈ പ്രയത്‌നം ആരാധകരിൽ വലിയ മതിപ്പ് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് അവർ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി, "വളരെയധികം നന്ദി... ഇന്ത്യയും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു". അതിന് നന്ദി പറഞ്ഞുകൊണ്ട് നിക്കും കമന്റ് നൽകി. അനുഷ ദണ്ഡേകറിനെ പോലുള്ള സെലിബ്രിറ്റികളും അദ്ദേഹത്തിന്റെ പരിശ്രമത്തെ പ്രശംസിക്കുകയും ഹാർട്ട് ഇമോജികളിലൂടെ കൃതജ്ഞത അറിയിക്കുകയുംചെയ്തു.
62.7 മില്യൺ ആളുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന പ്രിയങ്ക ചോപ്രയും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ലോകസമൂഹത്തിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ട പിന്തുണ നേടാൻ പരിശ്രമിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ഇന്ത്യ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യം എന്താണെന്ന് അവർ ലോകത്തെ അറിയിക്കുന്നു. കോവിഡ് നിവാരണത്തിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയായ ഗിവ്ഇന്ത്യയുമായി സഹകരിച്ച് ധനസമാഹരണം ആരംഭിച്ചതായിആ വീഡിയോയ്ക്ക് നൽകിയ ക്യാപ്‌ഷനിലൂടെ പ്രിയങ്ക അറിയിച്ചു. "എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ല" എന്നും അവർ പറഞ്ഞു. സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ട് വരുന്നവരെഅഭിനന്ദിക്കാനും നടി മറക്കുന്നില്ല.
"ഇന്ത്യ എന്റെ വീടാണ്, ഇന്ത്യയുടെ രക്തം വാർന്നുകൊണ്ടിരിക്കുകയാണ്. ഒരു ലോക സമൂഹം എന്ന നിലയിൽ നാം അവർക്ക് വേണ്ട കരുതൽ നൽകേണ്ടതുണ്ട്", പ്രിയങ്ക പോസ്റ്റ് ചെയ്യുന്നു. ഈ മഹാമാരിയുടെ വ്യാപനം തടയാൻ സഹായിക്കുന്നതിനായി വിഭവങ്ങൾ ഉപയോഗിക്കാനും നമ്മുടെ ഊർജം ഇതിലേക്ക് മാത്രം കേന്ദ്രീകരിക്കാനും അവർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കഴിയാവുന്നത്ര സംഭാവനകൾ നൽകാനും അവർ ആരാധകരോട് അഭ്യർത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.