• HOME
 • »
 • NEWS
 • »
 • buzz
 • »
 • Pet Dog | ഉടമയെ തേടുന്ന നായയുടെ വീഡിയോ വൈറലായി; ഒടുവിൽ 9 വയസ്സുള്ള നായയെ ദത്തെടുക്കാൻ ആളെത്തി

Pet Dog | ഉടമയെ തേടുന്ന നായയുടെ വീഡിയോ വൈറലായി; ഒടുവിൽ 9 വയസ്സുള്ള നായയെ ദത്തെടുക്കാൻ ആളെത്തി

ഒമ്പത് വയസ്സുള്ള ബെക്ക അവസാനം അവളുടെ കുടുംബത്തെ കണ്ടെത്തി

 • Share this:
  നായ്ക്കളെ (Dogs) വീട്ടിലെ ഒരം​ഗത്തെ പോലെ അരുമയായി വളർത്തുന്നവർ നിരവധിയാണ്. ആരെയും അത്ഭുതപ്പെടുത്തുന്ന സ്നേഹമാണ് നായ്ക്കൾ ഉടമകൾക്ക് തിരികെ നൽകുന്നത്. അതുകൊണ്ടു തന്നെ നായ്ക്കളെ ഇഷ്ടപ്പെടുന്നവർക്ക് അവയെ ഉപേക്ഷിക്കുന്ന കാഴ്ച വളരെ ഹൃദയഭേദകമായിരിക്കും.

  നായ്കുട്ടികളെ (puppies) ദത്തെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. പ്രായമായ (Older) നായ്ക്കളെ ദത്തെടുക്കുന്നവർ (adopt) വളരെ കുറവാണ്. എന്നാൽ ഒരു പ്രായമായ നായയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ റെസ്‌ക്യൂ സിറ്റി കഴിഞ്ഞ മാർച്ച് 20 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. വീഡിയോ കാഴ്ചക്കാരെ വേദനിപ്പിച്ചെങ്കിലും ഈ കഥയ്ക്ക് പിന്നീട് ശുഭകരമായ ഒരു അന്ത്യം ഉണ്ടായി എന്നതാണ് സന്തോഷകരമായ കാര്യം.

  " ബുൾഡോഗ് ഇനത്തിൽപ്പെട്ട പ്രായമായ ഒരു നായ, മറ്റ് നായ്ക്കുട്ടികളെ ദത്തെടുക്കുന്നത് ദുഃഖത്തോടെനോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ബെക്ക എന്ന് പേരിട്ടിരിക്കുന്ന ഈ നായയുടെ ദുഃഖാർദ്രമായ ഭാവം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഇതുവരെ 1.7 ദശലക്ഷത്തിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ബെക്കയെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സുദീർഘമായ ഒരു അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
  ബെക്ക അവളുടെ വീടിന് വേണ്ടി തിരയുകയാണ്, 9 വയസ്സും 68 പൗണ്ട് ഭാരവുമുള്ള ഒരു മുതിർന്ന ബുൾ ഡോ​ഗാണ് അവൾ. പിന്നീട് ബെക്കയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
  അവൾ വളരെ നന്നായി സ്നേഹിക്കാൻ അറിയുന്നവളാണ്. മാത്രമല്ല അവളുടെ ആ സ്നേഹം നിങ്ങൾ തിരിച്ചറിയണം എന്നും ആ സ്നേഹം തിരിച്ച് ലഭിക്കണം എന്ന് ആ​ഗ്രഹിക്കുകയും ചെയ്യും. സാവധാനം ചുറ്റി നടക്കുന്ന അവൾ വളരെ സൗമ്യ പ്രകൃതക്കാരിയാണ്. ചില തൈറോയ്ഡ് പ്രശ്നങ്ങളോടെയാണ് ബെക്ക ഞങ്ങളുടെ അടുത്ത് എത്തിയത്. മരുന്നും കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും നൽകി ഇത് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ബെക്കയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു വീടാണ് ആവശ്യം. സ്നേഹവും പ്രോത്സാഹനവും നൽകുന്ന ഒരാളോടൊപ്പം ആയിരിക്കാനാണ് അവൾ ആ​ഗ്രഹിക്കുന്നത്, എന്നുകരുതി അവൾക്ക് കൂടുതൽ പരിചരണങ്ങൾ ഒന്നും ആവശ്യമില്ല. അവളുടെ സ്നേഹം സ്വീകരിക്കാനും തിരിച്ചു നൽകാനും പ്രായം കൂടി വരുന്ന ഇനിയുള്ള വർഷങ്ങളിൽ സഹായിക്കാനും കഴിയുന്ന ആളുകൾ/ മൃ​ഗങ്ങൾ ഉള്ള ഒരു വീടാണ് അവൾ ആ​ഗ്രഹിക്കുന്നത്. എല്ലാ നായ്ക്കളോടും മനുഷ്യരോടും അവൾ നന്നായി പെരുമാറും. പൂച്ചകളോടു പോലും അവൾ നന്നായി ഇടപഴകും. ഇനിയുള്ള സുവർണ്ണ വർഷങ്ങൾ നിങ്ങൾക്കൊപ്പം ജീവിക്കാൻ അവൾ കാത്തിരിക്കുകയാണ് " എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞിരുന്നത്.

  ഈ വീഡിയോ വൈറലായതോടെ ധാരാളം ആളുകൾ ബെക്കയെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് എത്തി. തുടർന്ന് ബെക്ക തന്റെ പുതിയ കുടുംബത്തെ കണ്ടെത്തുകയും ചെയ്തു. മാർച്ച് 26 ന് ഈ പേജ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, ബെക്ക തന്റെ പുതിയ കുടുംബത്തോടൊപ്പം ഇരിക്കുന്നതും കാണാം.
  "ദത്തെടുത്തു! ഒമ്പത് വയസ്സുള്ള ബെക്ക അവസാനം അവളുടെ കുടുംബത്തെ കണ്ടെത്തി. കഴിഞ്ഞ ക്രിസ്തുമസ്സ് നാൾ മുതൽ അവൾ കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ അവൾ ശരിക്കും അവളുടെ വീട്ടിലെത്തി. തൊട്ടടുത്തുള്ള പാർക്കിൽ നിന്നും കൂടുതൽ കൂട്ടുകാരെ അവൾക്ക് കണ്ടെത്താൻ കഴിയും " എന്നാണ് പുതിയ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടികുറിപ്പ്.

  ബെക്കയുടെ ആദ്യ വീഡിയോ കണ്ട് വിഷമിച്ചവർക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ. മികച്ച പ്രതികരണങ്ങളാണ് ഇൻസ്റ്റ​ഗ്രാം ഉപയോക്താക്കളിൽ നിന്നും ഈ വീഡിയോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
  Published by:user_57
  First published: