#സൗമ്യ കലാസ
നമ്മളില്‍ എത്ര പേര്‍ക്ക് ഫോൺ നഷ്ടപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്? യഥാര്‍ത്ഥത്തില്‍ എത്രയെണ്ണം കണ്ടെത്തി? പോലീസില്‍ പരാതി നല്‍കുന്നത് മുതല്‍ വിലകൂടിയ പാരിതോഷികങ്ങള്‍ വരെ പ്രഖ്യാപിച്ചിട്ടു വരെ ഫോണ്‍ തിരികെ കിട്ടാത്ത എത്രയോ സംഭവങ്ങളുണ്ട്.
പക്ഷേ നഷ്ടപ്പെട്ടുപോയ ഫോണ്‍ തിരികെ കിട്ടാനുള്ള ഭാഗ്യം ഇവിടെ ഒരാള്‍ക്ക് ലഭിച്ചു. ദിവസക്കൂലിപ്പണിക്കാരന്റെ മകളായ ഒന്‍പത് വയസ്സുകാരി ഹൃതീക്ഷയാണ് ആ ഭാഗ്യശാലി. മരിച്ചുപോയ തന്റെ അമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും സോഷ്യല്‍ മീഡിക വഴി അത് തിരികെ കിട്ടാന്‍ അഭ്യര്‍ത്ഥനകള്‍ നടത്തുകയും ഒക്കെ ചെയ്ത് മാസങ്ങള്‍ക്ക് ശേഷം ആ ഫോണ്‍ തിരികെയെത്തി.
കര്‍ണാടകയിലെ മടിക്കേരി കുശാല്‍നഗര്‍ താലൂക്കിലെ ഗോമനക്കൊല്ലി ഗ്രാമത്തില്‍ നിന്നുള്ള നവീന്‍ - പ്രഭ ദമ്പതികള്‍ക്കും അവരുടെ ഇളയ മകള്‍ ഹൃതീക്ഷയ്ക്കും മൂന്ന് മാസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. പിതാവിനും മകള്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളതിനാല്‍ അവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. അമ്മയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് ശേഷം, മേയ് 16 ന് പ്രഭ കോവിഡിന് കീഴടങ്ങി.
പ്രഭയുടെ മരണശേഷം ആശുപത്രി ജീവനക്കാര്‍ അവളുടെ എല്ലാ സാധനങ്ങളും നവീന്‍ കൈമാറി. പക്ഷേ, കുടുംബവുമായി ബന്ധപ്പെടാനുള്ള ഏക ഉപാധിയായിരുന്ന പ്രഭയുടെ സാംസങ് ഫോണ്‍ കാണാതായി. അമ്മയുടെ ഫോണ്‍ കണ്ടെത്താനാകാത്തതിനാല്‍ ഹൃതീക്ഷ വളരെ വിഷമത്തിലായിരുന്നു. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കുകയും ജില്ലാ കളക്ടര്‍ക്കും, എംഎല്‍എയ്ക്കും കത്തയകയും ചെയ്തിരുന്നു. ഒടുവില്‍ ഹൃതീക്ഷ സാമൂഹ മാധ്യമങ്ങളിലൂടെയും സഹായം തേടി.
“അമ്മയോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഫോണിലുള്ളത്. കുടുംബത്തോടൊപ്പമുള്ള എന്റെ അമ്മയുടെ ചിത്രങ്ങള്‍ മാത്രമാണ് അവ. ഞാനും അമ്മയും ഒരുമിച്ച് ക്ലിക്ക് ചെയ്ത സെല്ഫികളുണ്ട്. മുഴുവന്‍ കുടുംബവുമൊത്തുള്ള ഞങ്ങളുടെ മറ്റ് ഫോട്ടോകളൊന്നും എന്റെ പക്കലില്ല. ഇത് മാത്രമാണ് ഓര്‍മ്മിക്കാനുള്ളത്. എനിക്ക് ഇത് ശരിക്കും വേണം. ദയവായി സഹായിക്കൂ,” സോഷ്യല്‍ മീഡിയയില്‍ വൈറലാലായ വീഡിയോയിൽ ഹൃതീക്ഷ പറഞ്ഞ വാക്കുകളാണിത്.
സംഭവം വൈറലായതോടെ പെണ്‍കുട്ടിയെ സഹായിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് രംഗത്തുവരികയും കാണാതായ സെല്‍ഫോണ്‍ കണ്ടെത്താന്‍ പ്രാദേശിക പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കോവിഡ് ആശുപത്രി ഉള്‍പ്പെടെ സാധ്യമായ എല്ലാ സ്ഥലങ്ങളിലും പോലീസ് തിരഞ്ഞു. ആശുപത്രിയുടെ മുക്കിലും മൂലയിലും അവര്‍ തിരച്ചില്‍ നടത്തിയെങ്കിലും എവിടെ നിന്നും ഫോണ്‍ കണ്ടെത്തിയില്ല. ഇതോടെ ഹൃതീക്ഷ വളരെ നിരാശയായി. പക്ഷേ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഫോണ്‍ നഷ്ടപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വളരെ അത്ഭുതകരമായി ഫോൺ കണ്ടെത്തി. ആശുപത്രി വൃത്തിയാക്കുന്നതിനിടെ സ്റ്റോര്‍ റൂമില്‍ നിന്ന് ഒരു ഫോണ്‍ കണ്ടെത്തുകയും ആശുപത്രി ജീവനക്കാര്‍ അത് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പോലീസ് പരിശോധനയില്‍ ആ ഫോണ്‍ പ്രഭയുടേതാണ് തിരിച്ചറിയുകയും പോലീസ് ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.
ഒടുവില്‍ ഹൃതീക്ഷ അവളുടെ അമ്മാവന്റെ കൂടെ വന്ന് ഫോണ്‍ കൈപ്പറ്റി. അതില്‍ എല്ലാ ചിത്രങ്ങളും ഡാറ്റയും തടസ്സമില്ലാതെ ഉണ്ടായിരുന്നു. പക്ഷേ, ഫോണിന്റെ കവര്‍ മാറ്റുകയും സിം കാര്‍ഡും നഷ്ടപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അമ്മയെക്കുറിച്ചുള്ള അവളുടെ ഓര്‍മ്മകള്‍ അടങ്ങിയ ചിത്രങ്ങള്‍ നഷ്ടപ്പെടാതെ ആ ഫോണ്‍ തിരികെ ലഭിച്ചതില്‍ ഇപ്പോള്‍ ഹൃതീക്ഷ വളരെ സന്തോഷവതിയാണ്.
“ഫോണ്‍ തിരികെ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഫോണ്‍ കാണാതായപ്പോള്‍ മകൾ വളരെ അസ്വസ്ഥയായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ അത് തിരികെ ലഭിച്ചു എന്നതിൽ സന്തോഷമുണ്ട്. ഫോട്ടോകള്‍ ഇപ്പോഴും നല്ല നിലയില്‍ കാണാനാകുന്നു. അവള് വളരെ സന്തോഷവതിയാണ്,” ഹൃതിക്ഷയുടെ അമ്മാവന് സന്തോഷ് പറഞ്ഞു
പക്ഷേ ഇപ്പോഴും പോലീസിനെ കുഴപ്പിക്കുന്നത് ആ ഫോണ്‍ ഇപ്പോള്‍ എങ്ങനെ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ വന്നു, ആരാണ് കവര്‍ മാറ്റി സിം നീക്കം ചെയ്തത് എന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.