സോഷ്യൽ മീഡിയയിൽ പല വിധത്തിലുള്ള ചലഞ്ചുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭാഷയും ദേശവും ലംഘിച്ച് ഈ ചലഞ്ചുകൾ ലോകമെമ്പാടുമുള്ളവർ ഏറ്റെടുക്കാറുമുണ്ട്. യുട്യൂബ് (Youtube) മുതൽ ഫെയ്സ് ബുക്ക് (Facebook) വരെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇങ്ങനെ വിവിധ ചലഞ്ചുകൾ തരംഗമാകാറുണ്ട്. 'ഐസ് ബക്കറ്റ് ചലഞ്ച്' പോലുള്ള വ്യത്യസ്ത ചലഞ്ചുകൾ ഓരോ വർഷവും ഉണ്ടാകാറുണ്ട്. എഎൽഎസ് രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ചലഞ്ചായിരുന്നു ഐസ് ബക്കറ്റ് ചലഞ്ച്. ഇത്തരത്തിൽ നവംബർ മാസത്തിൽ ഏറ്റെടുക്കാൻ പറ്റിയ ചലഞ്ചാണ് നോ-ഷേവ് നവംബർ (No Shave November). ക്യാൻസർ ബോധവത്ക്കരണത്തിനുള്ള മാസം കൂടിയായാണ് നവംബർ മാസത്തെ കണക്കാക്കുന്നത്.
നോ-ഷേവ് നവംബർ
ക്യാൻസർ ബോധവത്ക്കരണത്തിനായി നവംബർ മാസത്തിൽ ഷേവിങ് ഉപേക്ഷിക്കുന്നതാണ് ഈ ചലഞ്ച്. ക്യാൻസർ ബാധിച്ചവർക്ക് ചികിത്സയിലൂടെ നഷ്ടപ്പെടുന്ന മുടിയെ സൂചിപ്പിച്ചുകൊണ്ടാണ് നോ ഷേവ് നവംബറിൽ ഷേവിങ് ചെയ്യാത്തത്. പകരം ഷേവിങ്ങിനും മേക്കപ്പിനുമായി ഉപയോഗിക്കുന്ന പണം ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി മാറ്റിവെക്കുക എന്നാണ് ചലഞ്ച് കൊണ്ട് അർത്ഥമാക്കുന്നത്. "30 ദിവസത്തേക്ക് നിങ്ങളുടെ റേസർ താഴെ വയ്ക്കുക, നിങ്ങളുടെ ഈ മാസത്തെ സൗന്ദര്യ പരിപാലന ചെലവുകൾ കാൻസർ രോഗികൾക്കായി സംഭാവന ചെയ്യുക," എന്നാണ് നോ-ഷേവ് നവംബറിന്റെ ഔദ്യോഗിക സൈറ്റിൽ കുറിച്ചിരിക്കുന്നത്.
നോ ഷേവ് നവംബറിൽ ഷേവ് ചെയ്യാതെ അല്ലെങ്കിൽ മേക്കപ്പ് ചെയ്യാതെ ഒരു മാസം മുഴുവൻ തുടരണം. സോഷ്യൽ മീഡിയയിൽ നോ ഷേവ് നവംബറിലെ ഷേവ് ചെയ്യാത്ത സെൽഫികൾ വൈറൽ ആണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1,138,330 പോസ്റ്റുകൾ #NoShaveNovember എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ൽ, ബാലിക വധു എന്ന ഷോയിലൂടെ പ്രശസ്തരായ ഇന്ത്യൻ ടിവി അഭിനേതാക്കളായ നടൻ ശശാങ്ക് വ്യാസ്, മൃണാൽ ജെയിൻ എന്നിവരും ഈ ചലഞ്ചിൽ പങ്കെടുത്തിരുന്നു.
മൂവ്മ്പർ (MOVEMBER)
പ്രോസ്റ്റേറ്റ് കാൻസർ, വൃഷണ കാൻസർ, പുരുഷന്മാരുടെ ആത്മഹത്യ തുടങ്ങിയ പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നവംബർ മാസത്തിൽ നടത്തുന്ന ധനസഹായ പദ്ധതികളെ ഏകോപിപ്പിക്കുന്നതാണ് മൂവ്മ്പർ. വർഷത്തിൽ ഒരിക്കൽ ഈ ധനസഹായ പദ്ധതികൾ ചർച്ച ചെയ്യപ്പെടാറുണ്ട്. “ലോകത്തിലെ തന്നെ കണക്കെടുത്താൽ പുരുഷന്മാർ സ്ത്രീകളേക്കാൾ 6 വർഷം മുമ്പ് മരിക്കുന്നു. മാത്രമല്ല, ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ വർഷവും ആഗോളതലത്തിൽ 510,000 പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു. അതായത് ഓരോ മിനിറ്റിലും ഓരോ പുരുഷൻ ആത്മഹത്യ ചെയ്യുന്നു. ഇത്തം ചലഞ്ചുകളിൽ പങ്കാളികളാകുന്നതിലൂടെ ഓരോ മിനിറ്റും ലോകത്തിലെ ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും എന്നാണ് വെബ്സൈറ്റിൽ വിശദീകരിക്കുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.