1990കളില്‍ മിക്ക എയര്‍ലൈനുകളും പുകവലി നിരോധിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, വിമാനങ്ങളിലെ ടോയ്ലറ്റ് ഡോറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ആഷ്ട്രേകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണിത്? ഈ ചോദ്യം ടിക് ടോക്ക് വീഡിയോയിലൂടെ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് ചോദിക്കുന്നതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ജൂലൈ 16ന് കനേഡിയന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റ് ആയ കെയ്ലി എല്‍ ആണ് വൈറല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍, ''പുതിയ വിമാനങ്ങള്‍ക്ക് പോലും ആഷ്ട്രേകള്‍ ഉണ്ടെന്ന് കെയ്ലി പറയുന്നുണ്ട്. വിമാനത്തിനുള്ളിലെ ബാത്ത്റൂം വാതിലിന്റെ ദൃശ്യങ്ങള്‍ പശ്ചാത്തലത്തില്‍ കാണുകയും ചെയ്യാം. വാതിലില്‍, 'ടോയ്ലറ്റിനുള്ളില് പുകവലി പാടില്ല' എന്ന് ചുവപ്പ് നിറത്തില്‍ എഴുതി വച്ചിട്ടുമുണ്ട്. തുടര്‍ന്ന് ക്യാമറ താഴേക്ക് നീങ്ങുകയും ബാത്ത്റൂമിന്റെ വാതില്‍ ഘടിപ്പിച്ചിട്ടുള്ള ആഷ്ട്രേ കാണിക്കുകയും ചെയ്യുന്നുണ്ട്.
ഫ്ലൈറ്റ് അറ്റന്‍ഡന്റ് തന്റെ വലതു കൈകൊണ്ട് ആഷ്ട്രേ തുറക്കുന്നതും വീഡിയോയില്‍ കാണാം. അത് യഥാര്‍ത്ഥത്തില്‍ ഉപയോഗയോഗ്യമാണെന്ന് തെളിയിക്കാനാണ് അങ്ങനെ ചെയ്തത്. പിന്നീട് ബാത്ത്റൂമിനകത്തും ആഷ്ട്രേ ഘടിപ്പിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍ ബാത്ത്റൂം തുറക്കുന്നതും കാണാം. തുടര്‍ന്ന് എന്തുകൊണ്ടാണ് ആഷ്ട്രേ ഘടിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട്, 'നിങ്ങളുടെ ഉത്തരം എന്നെ അറിയിക്കൂ' എന്ന അടിക്കുറിപ്പും കെയ്ലി നല്കി.
കെയ്ലിയുടെ ചോദ്യത്തിന് മറുപടിയായി, പല ഉപയോക്താക്കളും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. കെയ്ലിയുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം നല്കിയ മറ്റൊരു ഫ്ലൈറ്റ് അറ്റന്‍ഡന്റിന്റെ വീഡിയോയ്ക്ക് കെയ്ലി മറുപടിയും നല്കി. ''ആളുകള്‍ പലപ്പോഴും നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആഷ്ട്രേകള്‍ സ്ഥാപിച്ചിരിക്കുന്നത്. കത്തിച്ച സിഗരറ്റുകള്‍ വിമാനത്തിന്റെ മൂലകളില്‍ ഒളിപ്പിച്ച് തീപിടുത്തമുണ്ടാക്കുന്നതിനു പകരം സിഗരറ്റുകള്‍ ആഷ്ട്രേകളില് തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത് ' എന്ന് ഈ ഉപയോക്താവ് വ്യക്തമാക്കി. ഉത്തരം ശരിയാണെന്ന് കെയ്ലി മറുപടിയും നല്കി.
'നിയമവിരുദ്ധമായ സിഗരറ്റുകള്‍ വയ്ക്കുന്നതിന് ഫ്ലൈറ്റ് ക്രൂവിന് സുരക്ഷിതമായ ഒരു സ്ഥലം ആവശ്യമാണ്.' എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. 'മികച്ച പ്രതികരണം' എന്ന് ഇതിന് കെയ്ലി മറുപടി നല്കി.
അടുത്തിടെ ഫ്ലോറിഡയിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരി വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിച്ചത് സഹയാത്രികരെ പ്രകോപിപ്പിച്ചിരുന്നു. സീറ്റിലിരുന്ന് പുകവലിച്ച യുവതിയെ പിന്നീട് അധികൃതരെത്തി പുറത്താക്കി. ലാന്‍ഡിംഗിന് ശേഷം വിമാനം ടെര്‍മിനലിലേക്ക് നീങ്ങുമ്പോഴാണ് യുവതി സിഗരറ്റ് കത്തിച്ചത്. പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തന്റെ നേരെ തിരിഞ്ഞ് മുഖത്തേയ്ക്ക് പുക ഊതിയെന്ന് സഹയാത്രിക പറഞ്ഞു.
1988 മുതല്‍ ലോകമെമ്പാടുമുള്ള എല്ലാ ഫ്ലൈറ്റുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങളില്‍ പുകവലി 2000 മുതലാണ് നിരോധിച്ചത്. പിടിക്കപ്പെട്ടാല്‍, 4000 ഡോളര്‍ വരെ പിഴ ഈടാക്കും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.