സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആക്ടിവിസ്റ്റാണ് മലാല യൂസഫ്‌സായി. താലിബാന്റെ ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട നിമിഷം മുതൽ മലാല ലോകത്തെ നിരന്തരം തന്റെ വാക്കുകളിലൂടെ പ്രചോദിപ്പിക്കുകയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശം മുതൽ യുദ്ധത്തിനെതിരെയും സമാധാനത്തിന് വേണ്ടിയും മലാല നിരന്തരം സംസാരിച്ച് കൊണ്ടേയിരിക്കുന്നു.
ഈയിടെ അമേരിക്കൻ റേഡിയോ നെറ്റ് വർക്ക് ആയ എൻപിആർ ന്റെ ജനപ്രിയ പോഡ്‌കാസ്റ്റ് ആയ ” വെയിറ്റ് വെയിറ്റ്..ഡോണ്ട് ടെൽ മീ” എന്ന സെഷനിൽ അവതാരകൻ ജോഷിന്റെ ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ചൂടേറിയ ചർച്ച. പോപ്പ് സംഗീത സംസ്ക്കാരത്തെ കുറിച്ചുള്ള ജോഷിന്റെ കുസൃതിനിറഞ്ഞ ഒരു ചോദ്യത്തിന് മലാല നൽകിയ തന്ത്രപരമായ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
ജോഷിന്റെ ചോദ്യം ഇതായിരുന്നു : താങ്കൾക്ക് നൊബേൽ സമ്മാനം കിട്ടുന്നത് സൗജന്യ സംഗീതപരിപാടികളുടെ ടിക്കറ്റുകളോടെയാണ് എന്ന് കരുതൂ, നിങ്ങൾക്ക് ബിയോൺസിന്റെയും ടെയ്‌ലർ സ്വിഫ്റ്റിന്റെയും സംഗീത പരിപാടികളുടെ ടിക്കറ്റുകളാണ് കിട്ടിയത് എന്നും കരുതുക. നിങ്ങൾ ഏത് തിരഞ്ഞെടുക്കും?”.
Also Read- അഭിനേത്രിയല്ല, മലയാള സിനിമാ നടിയുടെ അമ്മയാണിത്; സുന്ദരിയായ അമ്മയുടെ ചെറുപ്പകാലത്തെ ചിത്രവുമായി താരം
ഈ ചോദ്യത്തിന് മറുപടിയായി മലാലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ ചെറുപ്പത്തിൽ, എന്റെ സുഹൃത്തുക്കളോടൊപ്പം “ലവ് സ്റ്റോറി” (ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനം)എന്ന ഗാനം പാടുമായിരുന്നു. അങ്ങനെ ഞങ്ങൾ പാകിസ്ഥാനിൽ വച്ച് പാടാൻ തുടങ്ങിയ ആദ്യത്തെ രണ്ട് ഗാനങ്ങളിൽ ഒന്നായായിരുന്നു അത്.
ബിയോൺസ്ഒരു ഇതിഹാസമാണ്, അതിനാൽ എനിക്ക് രണ്ട് ടിക്കറ്റുകളും വേണം. എനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനമുണ്ട് അതുകൊണ്ട് തന്നെ അത് രണ്ടും ഞാൻ ആവശ്യപ്പെടുന്നതിൽ തെറ്റില്ല.”
മലാലയുടെ നയതന്ത്രപരമായ മറുപടി ട്വിറ്ററിൽ വൻചലനമുണ്ടാക്കി. പോഡ്‌കാസ്റ്റ് എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെ സ്വിഫ്റ്റിന്റെയും മലാലയുടെയും ഫോട്ടോയ്‌ക്കൊപ്പം മലാലയുടെഉത്തരത്തെക്കുറിച്ച് ദി സ്വിഫ്റ്റ് സൊസൈറ്റി (@TheSwiftSociety) എന്ന ടെയ്‌ലർ സ്വിഫ്റ്റ് ഫാൻ അക്കൗണ്ട് ട്വീറ്റ് ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന 25കാരിയായ മലാല ആ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
I would never want any bad blood between us https://t.co/R5tuhtIFDX
— Malala Yousafzai (@Malala) March 4, 2023
യൂസഫ്‌സായിയുടെ ട്വീറ്റിന് നിരവധി പേർ കമന്റിട്ടു. അതിൽ ഒരാൾ പറഞ്ഞത് “മലാലയുടെ മറുപടി എന്നിൽ മതിപ്പുളവാക്കി. സമാധാനം മനസ്സിലുള്ളവരുടെ ഹൃദയം മാത്രമേ അത്തരമൊരു ഉത്തരം നൽകൂ” എന്നാണ്. “ഇതുകൊണ്ടാണ് നിങ്ങൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഈ ഉത്തരത്തിന് അവർ രണ്ടാമതൊരു നൊബേൽ സമ്മാനം കൂടി നൽകണം, മറ്റൊരാൾ കമന്റ് ചെയ്തു.
പോപ്പ് സംഗീത ആരാധകർ തമ്മിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കാറുള്ള ഫാൻ ഫൈറ്റ് പലപ്പോഴും വാർത്തയാകാറുണ്ട്. റേഡിയോ അവതാരകൻ അത്തരത്തിലൊരു വിവാദം മനസ്സിൽ വച്ചാകാം മലാലയോട് ആ ചോദ്യം ചോദിച്ചത്. എന്നാൽ ആ കെണിയിൽ വീഴാതെ തന്ത്രപരമായ മറുപടി നൽകിയതാണ് മലാലയെ വ്യത്യസ്തയാക്കുന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.