HOME » NEWS » Buzz » NOTE ABOUT THE TALLEST TEA GARDEN IN THE WORLD 2

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം; സഞ്ചാരികളുടെ സ്വര്‍ഗീയ ഭൂമി കൊളുക്കുമല

കൊളുക്കുമല തേയിലത്തോട്ടവും ടീ ഫാക്ടറിയും സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെയെത്താന്‍ കേരളത്തില്‍നിന്ന് മാത്രമേ വഴിയുള്ളൂ

News18 Malayalam | news18-malayalam
Updated: July 11, 2021, 11:48 AM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം; സഞ്ചാരികളുടെ സ്വര്‍ഗീയ ഭൂമി കൊളുക്കുമല
Image Facebook
  • Share this:
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ കൊളുക്കുമല സന്ദര്‍ശിച്ചതിന്റെ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ഹരൂണ്‍. 1935ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് മീശപ്പുലിമലയോട് ചേര്‍ന്നുകിടക്കുന്ന കൊളുക്കുമലയില്‍ ടീ ഫാക്ടറി സ്ഥാപിക്കുന്നത്.

കൊളുക്കുമല തേയിലത്തോട്ടവും ടീ ഫാക്ടറിയും സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെയെത്താന്‍ കേരളത്തില്‍നിന്ന് മാത്രമേ വഴിയുള്ളൂ. കൊളുക്കുമലയുടെ ചരിത്രവും അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് പങ്കുവച്ചിരിക്കുന്നത്. മനസ്സില്‍ എന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന എന്തെങ്കിലുമൊന്ന് സമ്മാനിക്കാതെ ഒരു സഞ്ചാരിയെയും ഈ മലനിരകള്‍ മടക്കി അയക്കാറില്ലെന്ന് ഹാറൂണ്‍ കുറിക്കുന്നു.

ഹാറൂണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം

കൊളുക്കുമല; ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. 1935ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് മീശപ്പുലിമലയോട് ചേര്‍ന്നുകിടക്കുന്ന കൊളുക്കുമലയില്‍ ടീ ഫാക്ടറി സ്ഥാപിക്കുന്നത്. ഇന്നും പരമ്പരാഗത രീതിയില്‍ തന്നെയാണ് തേയിലക്കൊളുന്തുകള്‍ ഉണക്കിയെടുക്കുന്നതും പൊടിച്ച് തേയിലയാക്കുന്നതും. അതുകൊണ്ടുതന്നെ ഇവിടത്തെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്യ കൊളുക്കുമല തേയിലത്തോട്ടവും ടീ ഫാക്?ടറിയും സ്?ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെയെത്താന്‍ കേരളത്തില്‍നിന്ന് മാത്രമേ വഴിയുള്ളൂ.

മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ പറ്റുമെങ്കിലും അവിടെനിന്ന് കാഴ്ചകളുടെ വസന്തം തീര്‍ക്കുന്ന കൊളുക്കുമലയുടെ മുകളിലെത്തണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് തന്നെ ശരണം. നമ്മുടെ വാഹനത്തില്‍ പോകുകയാണെങ്കില്‍ 'വന്ദനം' സിനിമയില്‍ മോഹന്‍ലാലിന് പിന്നാലെ ജഗദീഷ് ഓടിച്ചുപോയ സൈക്കിളിന്റെ അവസ്ഥയായിരിക്കും. സാധാരണ ഗതിയില്‍ 1500 മുതല്‍ 2000 രൂപ വരെയാണ് ജീപ്പ് സവാരിക്ക് ഈടാക്കാറുള്ളത്. ഈ 13 കിലോമീറ്റര്‍ പിന്നിടാന്‍ ഒന്നരമണിക്കൂറെടുക്കും എന്നതില്‍ നിന്നുതന്നെ റോഡിന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ... ആ വഴിയെ റോഡെന്ന് വിളിക്കുന്നത് തെറ്റായിപ്പോകും; പാറക്കല്ലുകള്‍ അടുക്കിയടുക്കിവെച്ച ഒരു മണ്‍പാത.

സൂര്യനെല്ലിയിലെ ഡ്രൈവര്‍മാര്‍ കൊളുക്കുമലയുടെ നെറുകയിലേക്ക് ജീപ്പോടിച്ച് കയറ്റുന്നത് ഒരിക്കല്‍ കണ്ടാല്‍മതി, വലിയ ഡ്രൈവറാണെന്നൊക്കെയുള്ള നമ്മുടെ അഹങ്കാരമൊക്കെ ഒന്ന് തീര്‍ന്നുകിട്ടാന്‍. കുത്തനെയുള്ള പാതയുടെ പല വളവുകളിലും ഒന്നും രണ്ടും തവണ റിവേഴ്‌സെടുത്തും ഒടിച്ചും വളച്ചുമൊക്കെ മലയടിവാരത്തിലൂടെയുള്ള അവരുടെ പോക്ക് കണ്ടാല്‍ നമ്മുടെ നാട്ടിലെ ഏത് കൊലകൊമ്പന്‍ ഡ്രൈവറും അറിയാതെ പറഞ്ഞുപോകും; 'പടച്ചോനേ കാത്തോളീന്‍'...

എന്നും സഞ്ചാരികളുടെ സ്വര്‍ഗീയ ഭൂമിയാണ് ഈ അനുഗ്രഹീത മലനിരകള്‍. അത് സൂര്യോദയമാവട്ടേ, കാഴ്ചകളുടെ നീലവസന്തം തീര്‍ക്കുന്ന 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയാവട്ടേ, തൊട്ടടുത്ത് നില്‍ക്കുന്ന ആളെപ്പോലും ഒരു നിമിഷംകൊണ്ട് മറച്ചുകളയുന്ന കുളിരുകോരുന്ന കോടമഞ്ഞാവട്ടേ... മനസ്സില്‍ എന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന എന്തെങ്കിലുമൊന്ന് സമ്മാനിക്കാതെ ഒരു സഞ്ചാരിയെയും ഈ മലനിരകള്‍ മടക്കി അയക്കാറില്ല. സാധാരണ സൂര്യോദയം കാണാന്‍ ബീച്ചുകളെയാണല്ലോ നമ്മള്‍ ആശ്രയിക്കാറുള്ളത്. പക്ഷേ, ഒരിക്കലെങ്കിലും കൊളുക്കുമലയില്‍ വന്ന്, പാലുപോലെ പരന്നുകിടക്കുന്ന മേഘങ്ങള്‍ക്ക് മുകളില്‍കൂടി പച്ചപുതച്ച് മഞ്ഞിലുറങ്ങിക്കിടക്കുന്ന മലനിരകളെ തട്ടിയുണര്‍ത്തി സൂര്യന്റെ പൊന്‍കിരണങ്ങള്‍ ഉദിച്ചുയരുന്നത് കാണുമ്പോള്‍ നിങ്ങളും അറിയാതെ പറഞ്ഞുപോകും; ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ സൂര്യോദയം ഇവിടെത്തന്നെയാണെന്ന്.

2018ലാണ് അവസാനമായി കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തത്. അന്ന് പ്രളയം തകര്‍ത്തെറിഞ്ഞ വഴികളിലൂടെ മലകയറി കൊളുക്കുമലയുടെ താഴ് വാരങ്ങളില്‍ കണ്ട, മഞ്ഞിനൊപ്പം ആടിയുലയുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച ഇന്നും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. (lovely thanks dear friend askar, kolukkumalai tea factory manager). സാധാരണ മൂന്നാറിന്റെ ചുറ്റുവട്ടങ്ങളിലും കൊടൈക്കനാലിലുമാണ് നീലക്കുറിഞ്ഞി കൂടുതല്‍ പൂക്കാറുള്ളതെങ്കിലും ആ വര്‍ഷം കൂടുതല്‍ പൂത്തത് കൊളുക്കുമലയിലെ താഴ് വാരങ്ങളിലായിരുന്നു. ഇനി 2030 വരെ കാത്തിരിക്കണം; കാഴ്ചയുടെ നീലവസന്തത്തിനായി.

പറ്റുമെങ്കില്‍ ഒരിക്കല്‍ നിങ്ങളും പോകണം കേട്ടോ കൊളുക്കുമലയിലേക്ക്. ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായിരിക്കുമത്; തീര്‍ച്ച. കൊളക്കുമലയില്‍ മഞ്ഞ് പെയ്യുന്നതും കണ്ട് തിരിച്ചിറങ്ങുംമുമ്പ് ടീ ഫാക്ടറിയില്‍നിന്ന് ഓര്‍ഗാനിക് തേയില വാങ്ങാനും ആവിപറക്കുന്ന ചൂട് ചായ കുടിക്കാനും മറക്കരുത്, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടത്തിലെ ചായ!

*ബാക്കി കഥകള്‍ ചിത്രങ്ങള്‍ നിങ്ങളോട് പറയും*



NB: മലമുകളിലെ മഞ്ഞുപെയ്യുന്ന രാത്രിയിലെ കൊടുംതണുപ്പ് ആസ്വദിക്കാനും സൂര്യോദയം കാണാനാഗ്രഹിക്കുന്നവര്‍ക്കു മായി കൊളക്കുമലയില്‍ ടീ ഫാക്ടറി അധികൃതരുടെ നേതൃത്വത്തില്‍ നിരവധി കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ട് എസ്റ്റേറ്റ് അധികൃതരെ ബന്ധപ്പെട്ടിട്ടുവേണം കൊളുക്കുമല യാത്ര പ്ലാന്‍ ചെയ്യാന്‍: 9495820458.

*സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലേക്കുള്ള ജീപ്പ് യാത്രക്ക് ഡ്രൈവറുടെ കാര്യം കൂടി ശ്രദ്ധിക്കണം. അത്രയും ദുര്‍ഘടം പിടിച്ച പാതയാണിത് നമ്മള്‍ പോകുമ്പോള്‍ സെലക്ട് ചെയ്യാറുള്ളത് വര്‍ഷങ്ങളായി കൊളുക്കുലയിലേക്ക് വളയംപിടിക്കുന്ന രമേശിന്റെ ജീപ്പാണ്. സൂര്യനെല്ലിയിലെ മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് ഡ്രൈവര്‍.
Published by: Jayesh Krishnan
First published: July 10, 2021, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories