• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'കൊള്ളാവുന്ന ഒരു ഓഫിസറെ അയയ്ക്കാന്‍ പറഞ്ഞിട്ട് ലേഡി ഓഫീസറെയാണോ അയച്ചിരിക്കുന്നത്?' ഷെര്‍ണി അനുഭവം

'കൊള്ളാവുന്ന ഒരു ഓഫിസറെ അയയ്ക്കാന്‍ പറഞ്ഞിട്ട് ലേഡി ഓഫീസറെയാണോ അയച്ചിരിക്കുന്നത്?' ഷെര്‍ണി അനുഭവം

കാട് ഇഷ്ടമായവര്‍ക്ക് ഷേര്‍ണി എന്ന സിനിമ ഇഷ്ടമാകുമെന്നും കാട് കണ്ടിട്ടില്ലാത്തവര്‍ക്ക് ചിത്രം പുതിയൊരനുഭവമായിരിക്കുമെന്നും സനൂജ് പറയുന്നു

SHERNI

SHERNI

 • Last Updated :
 • Share this:
  'ഷേര്‍ണി' എന്ന ചിത്രത്തെകുറിച്ചുള്ള സനൂജ് സുശീലന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിദ്യബാലന്റെ ഷേര്‍ണി എന്ന ചിത്രം തന്നിലുണ്ടാക്കിയ ഓര്‍മകള്‍ ചേര്‍ത്തുകൊണ്ടുള്ള ആസ്വാദക കുറിപ്പാണ് സനൂജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഷേര്‍ണി എന്ന ചിത്രം കണ്ടപ്പോള്‍ മസനഗുഡിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ ട്രിപ്പാണ് ഓര്‍മവന്നതെന്ന് സനൂജ് കുറിക്കുന്നു. അലയടങ്ങി കിടക്കുന്ന സമുദ്രം പോലെ തന്നെയാണ് കടുംപച്ചയുടെ ഇരുള്‍ മൂടി നില്‍ക്കുന്ന കാനനവും എന്ന് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു.

  കാട് ഇഷ്ടമായവര്‍ക്ക് ഷേര്‍ണി എന്ന സിനിമ ഇഷ്ടമാകുമെന്നും കാട് കണ്ടിട്ടില്ലാത്തവര്‍ക്ക് ചിത്രം പുതിയൊരനുഭവമായിരിക്കുമെന്നും സനൂജ് പറയുന്നു. മധ്യപ്രദേശിലെ ഒരു വനത്തില്‍ പുതുതായി ചാര്‍ജെടുക്കാന്‍ വരുന്ന വനിതാ ഫോറസ്റ്റ് ഓഫീസറായ വിദ്യ വിന്‍സെന്റ് അവിടെ മനുഷ്യരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളിയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ മികച്ച വിവരണമാണ് സനൂജ് തന്റെ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

  സനൂജ് സുശീലന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

  മൈസൂര്‍ - ഊട്ടി റോഡില്‍ മസനഗുഡിയിലുള്ള ഒരു റിസോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു ട്രിപ്പ് പോയിരുന്നു. അന്നാണ് ഒരു കാട്ടിനുള്ളില്‍ ആദ്യമായി താമസിക്കുന്നത്. പ്രശസ്തനായ ഒരു വേട്ടക്കാരനാണ് ഈ റിസോര്‍ട്ടിന്റെ ഉടമ. ആള്‍ ചില്ലറക്കാരനല്ല. ഉത്തര്‍പ്രദേശില്‍ പണ്ട് നരഭോജികളായ രണ്ടു പുലികള്‍ നഗരത്തിലിറങ്ങി ജനങ്ങളെ ആക്രമിച്ചപ്പോള്‍ അതിനെ കൈകാര്യം ചെയ്യാന്‍ അവിടത്തെ സര്‍ക്കാര്‍ ക്ഷണിച്ചത് ഇദ്ദേഹത്തെയാണത്രെ. പുള്ളി പോയി സാഹസികമായി രണ്ടു പുലികളെയും വെടി വച്ച് കൊന്നു. മാത്രമല്ല, കര്‍ണാടക സംസ്ഥാനത്തില്‍ മനുഷ്യന് ഭീഷണിയായ അപകടകാരികളായ ആനകളെ വെടി വച്ച് കൊല്ലാന്‍ ലൈസന്‍സുള്ള വിരലിലെണ്ണാവുന്ന വേട്ടക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇങ്ങനെ പുള്ളിയുടെ വീരകഥകള്‍ പലതും യാത്രമധ്യേ കേട്ടാണ് നമ്മള്‍ വൈകിട്ടായപ്പോളേക്കും അവിടെത്തിയത്. കാട്ടിനുള്ളിലൂടെയുള്ള റോഡില്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ പ്രവേശനമില്ല. അത് കാരണം ബാംഗ്ലൂരില്‍ നിന്ന് ആറ് അറുപതില്‍ കത്തിച്ചിട്ടാണ് ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് അവിടം കടക്കാന്‍ കഴിഞ്ഞത്. കാറിലിരുന്ന് സുഹൃത്ത് പറഞ്ഞ കഥകള്‍ കേട്ട് വീരപ്പനെയോ ദോപ്പയ്യയെയോ പോലെ ഒരാളെയാണ് നമ്മള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കണ്ടതോ സുമുഖനും മാന്യനുമായ ഒരു മനുഷ്യനെ. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്നു. പുലിയുടെയും കടുവയുടെയും ഒക്കെ അദ്ദേഹം നില്‍ക്കുന്ന ചിത്രങ്ങളില്‍ ചിലത് റിസപ്ഷനില്‍ വച്ചിട്ടുണ്ട്. ഞങ്ങള്‍ ചെന്നതിനു തലേ ദിവസം ഈ റിസോര്‍ട്ടിന് സമീപത്തായി അസുഖബാധിതനായ ഒരു കടുവ തളര്‍ന്നു വീഴുകയുണ്ടായി. അതിനു ഫസ്റ്റ് എയ്ഡ് കൊടുത്തതിനു ശേഷം ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച കഥ ആരോടോ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തളര്‍ന്നു ബോധമില്ലാതെ കിടക്കുന്ന കടുവയുടെ ഫോട്ടോകളും ഒരു ലാപ്‌ടോപ്പില്‍ അദ്ദേഹം കാണിച്ചുതന്നു. ആ മനുഷ്യനാണ് കാടിനെക്കുറിച്ചും കാട്ടിലെ നിയമങ്ങളെക്കുറിച്ചും ആദ്യമായി നമ്മളോട് പറഞ്ഞു തന്നത്. അനാവശ്യമായി ഒരു മൃഗങ്ങളെയും ഉപദ്രവിക്കാന്‍ പാടില്ല, അവരുടെ സ്ഥലമാണിത്. നമ്മള്‍ ഇവിടത്തെ അതിഥികളാണ്. കാടിന്റെ ഉടമകള്‍ക്ക് ഒരു ശല്യവും ഉണ്ടാക്കരുത് എന്ന് സ്‌നേഹത്തോടെ അദ്ദേഹം ഉപദേശിച്ചു.

  അന്നത്തെ രാത്രി ഒരിക്കലും മറക്കാനാവില്ല. ഒരു ട്രീ ഹട്ടിലാണ് ഞങ്ങള്‍ തങ്ങിയത്. എട്ടൊമ്പത് മണി ആകുമ്പോളേക്കും തന്നെ അവിടമാകെ ഇരുട്ടും കൊടും തണുപ്പും വന്നു മൂടും. കുറച്ചൂടെ കഴിയുമ്പോള്‍ പിന്നെ പല്ലു കൂട്ടിയിടിക്കുന്ന തണുപ്പാണ്. പതിനൊന്നു മണിയാവുമ്പോളേക്കും പതിയെ എല്ലാം നിശബ്ദമാവും. ഹട്ടിലിരുന്നു വാചകമടിച്ചുകൊണ്ടിരുന്ന നമ്മള്‍ ചുമ്മാ ഒരു രസത്തിന് രണ്ടു പാട്ടു പാടിയപ്പോളേക്കും അവര്‍ ആളയച്ചു അത് വിലക്കി. മൃഗങ്ങള്‍ക്കു ശല്യമാകുമത്രേ. നമ്മളുടെ പാട്ടു കേട്ടാല്‍ മനുഷ്യര്‍ക്ക് പോലും സഹിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ എതിര്‍പ്പൊന്നുമില്ലാതെ എല്ലാം നിര്‍ത്തി ഞങ്ങള്‍ കിടന്നുറങ്ങി. കണ്ണടച്ച് കഴിഞ്ഞാല്‍ അങ്ങ് ദൂരെ പല ശബ്ദങ്ങളും കേള്‍ക്കാം. കൂക്ക് വിളികള്‍, മുരടനക്കങ്ങള്‍, നല്ല മുഴക്കമുള്ള ചിന്നം വിളികള്‍ തുടങ്ങി ഇതുവരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍. കാടിന്റെ സംഗീതം. രാത്രി കുറച്ചു കൂടി കനത്തതോടെ എല്ലാമൊതുങ്ങി. അടുത്ത ദിവസം അദ്ദേഹവും മകനും കൂടി റിസോര്‍ട്ടില്‍ വന്ന ഒരു ഗ്രൂപ്പിനോട് കാടിനെപ്പറ്റി ചെറിയൊരു ക്ലാസ്സെടുക്കുന്നത് കേള്‍ക്കാന്‍ പറ്റി. ചിത്രകഥകളിലും മറ്റും നമ്മള്‍ വായിച്ചറിഞ്ഞതല്ല കാടും മൃഗങ്ങളും എന്ന തിരിച്ചറിവ് അവിടെ വച്ചാണ് ആദ്യമുണ്ടാകുന്നത്. പിന്നീട് കാടു കയറ്റം ഭ്രാന്തായ പലരെയും പരിചയപ്പെട്ട ശേഷം കാടിനെക്കുറിച്ച് അറിയാത്ത ഒരുപാടു കഥകള്‍ കേട്ടു. അവയോരോന്നും പുതിയ അനുഭവങ്ങളായിരുന്നു. അലയടങ്ങി കിടക്കുന്ന സമുദ്രം പോലെ തന്നെയാണ് കടുംപച്ചയുടെ ഇരുള്‍ മൂടി നില്‍ക്കുന്ന കാനനവും എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.

  ഇന്നലെ 'ഷെര്‍ണി' എന്ന പുതിയ ഹിന്ദി ചിത്രം കാണുമ്പോള്‍ ഈ കഥകളൊക്കെ ഓര്‍മ വന്നു. എനിക്ക് മാത്രമല്ല കാട് ഇഷ്ടമായ എല്ലാവര്‍ക്കും ഈ സിനിമയും ഇഷ്ടമാകും. കാടു കണ്ടിട്ടില്ലാത്തവര്‍ക്ക് പുതിയൊരനുഭവവുമാകും ഈ ചിത്രം. 'ഷെര്‍ണി' എന്നത് സിംഹം എന്നര്‍ത്ഥമുള്ള 'ഷേര്‍' എന്ന വാക്കിന്റെ സ്ത്രീലിംഗമാണ്. പക്ഷെ നമ്മുടെ സിനിമയിലെ നായിക ഒരു കടുവയാണ് ( പുലിമുരുകനില്‍ കടുവയെ വരയന്‍പുലി എന്ന് വിളിക്കുന്നത് പോലുള്ള എന്തോ ഉടായിപ്പാണ് ഇതെന്ന് തോന്നുന്നു ). മധ്യപ്രദേശിലെ ഒരു വനത്തില്‍ പുതുതായി ചാര്‍ജെടുക്കുന്ന വനിതാ ഫോറസ്റ്റ് ഓഫീസറായ വിദ്യ വിന്‍സന്റ് അവിടെ മനുഷ്യരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രധാന പ്രമേയം. വനത്തില്‍ പുതുതായിറങ്ങിയ ഒരു പെണ്‍കടുവ ഗ്രാമീണരെ ആക്രമിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഭീതിദമായ സാഹചര്യത്തിലാണ് വിദ്യ അവിടെയെത്തുന്നത്. എന്നാല്‍ അവിടെ അവള്‍ക്കു നേരിടേണ്ടി വന്നത് കേവലം ഒരു മൃഗത്തിനെ മാത്രമായിരുന്നില്ല, അതിനേക്കാള്‍ ക്രൂരന്മാരായ പലരും അവളുടെ വഴിയില്‍ കടമ്പകള്‍ തീര്‍ത്തു. അതിനെയെല്ലാം വിദ്യ എങ്ങനെ നേരിടുന്നുവെന്നതും പരിസ്ഥിതി സംരക്ഷണം എന്ന വാക്കിന്റെ യഥാര്‍ത്ഥ സന്ദേശം എന്താണെന്നുമാണ് പിന്നീട് സിനിമ പറയുന്നത്.

  ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്ന ന്യൂട്ടണ്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസൂര്‍ക്കര്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഷെര്‍ണി. ന്യൂട്ടണിലേത് പോലെ തന്നെ തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന ഒരു സംഭവത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെയൊക്കെയാണ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതെന്നും നമ്മള്‍ പാടിപുകഴ്ത്തുന്ന സിസ്റ്റം എന്നത് എത്ര വലിയൊരു തമാശയാണെന്നും പറയാതെ പറയുന്നു ഈ സിനിമ. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമത്തിലെ നിഷ്‌കളങ്കരായ മനുഷ്യര്‍ വിദ്യയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ലാഘവത്തോടെ സിനിമ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും നെഞ്ചത്താണ് തറയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിലെ 'നിഷ്പക്ഷമായ' തെരഞ്ഞെടുപ്പ് പ്രക്രിയയുടെ റിയാലിറ്റി അന്വേഷിക്കുന്ന ചിത്രമായിരുന്നു ന്യൂട്ടണെങ്കില്‍ പരിസ്ഥിതി - മൃഗ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു ഷെര്‍ണി. ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരും ജനങ്ങളും ഒക്കെയുണ്ടെങ്കിലും അതിനെയൊക്കെ അട്ടിമറിക്കാന്‍ അധികാരമോഹികളുണ്ടാവും എന്നത് നമ്മുടെ ഒരു ദുര്യോഗമാണ്. ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളാരാണ് എന്നുള്ള പ്രസക്തമായ ചോദ്യവും ഈ ചിത്രം ഉയര്‍ത്തുന്നു. പരിഷ്‌കൃത മനുഷ്യന്‍ എന്ന് സ്വയം അഭിമാനിക്കുന്ന നമ്മള്‍ ശരിക്കും അങ്ങനെയൊരു പട്ടത്തിന് അര്‍ഹരാണോ എന്നുള്ള സ്വയം വിചിന്തനത്തിനും ഈ സിനിമ വഴിമരുന്നിടുന്നുണ്ട്.

  മധ്യപ്രദേശിലെ യഥാര്‍ത്ഥ കടുവാ സംരക്ഷണ മേഖലയായ കന്‍ഹ - കിസ്ലി ദേശീയ പാര്‍ക്കിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ബാലഘട്ടിലെ പ്രശസ്തമായ നിക്കല്‍ ഖനികളിലും കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലെ കടുവകളെല്ലാം കമ്പ്യൂട്ടര്‍ നിര്‍മ്മിതമാണ്. കടുവയെ VFX -ല്‍ ചെയ്യുന്നതിന്റെ പകുതി ചെലവില്‍ തായ്ലന്‍ഡില്‍ യഥാര്‍ത്ഥ കടുവകളെ ഉപയോഗിച്ച് ഈ രംഗങ്ങള്‍ ചിത്രീകരിക്കാനുള്ള അവസരമുണ്ടായിട്ടും അമിത് അതിനു തയ്യാറായിരുന്നില്ല. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിച്ച് ഈ കഥ പറഞ്ഞാല്‍ പിന്നെ അതിലെന്തു സത്യസന്ധതയാണുണ്ടാവുക എന്ന ചിന്തയാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്നാണ് അമിത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. The Life Of Pi യിലെ കടുവയെ നിര്‍മിച്ച The Cirqus സ്റ്റുഡിയോ ആണ് ഇതിലേയും കടുവകളെയും മറ്റു മൃഗങ്ങളെയും സൃഷ്ടിച്ചത്. രാകേഷ് ഹരിദാസ് ( മലയാളിയാണെന്ന് തോന്നുന്നു ) ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അതിമനോഹരമായ വര്‍ക്കാണ്. അധികം ലൈറ്റുകളോ സന്നാഹങ്ങളോ ഒന്നും ഉപയോഗിക്കാതെയാണ് കാടിന്റെ വന്യമായ സൗന്ദര്യം രാകേഷ് ഒപ്പിയെടുത്തിരിക്കുന്നത്. പുലിമുരുകനിലെ ശിക്കാരി ശംഭുവിലുമൊക്കെ കാണിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൃത്രിമമായ ഒരു ഇഫക്ടുമില്ലാതെ കാടിന്റെ യഥാര്‍ത്ഥ ഭംഗി അവതരിപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. വനം വകുപ്പിലെ ഗാര്‍ഡുമാര്‍ അവരുടെ ജോലി എങ്ങനെയാണു ചെയ്യുന്നതൊക്കെ ടൈഗര്‍ സര്‍വേ പോലുള്ള വിശദാംശങ്ങള്‍ സഹിതം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഈ സിനിമ കാട്ടില്‍ അവര്‍ ചിത്രീകരിച്ചതെന്നു സിനിമയുടെ ഗുണനിലവാരം കണ്ടാല്‍ ഒരിക്കലും തോന്നില്ല. തീയറ്ററിലായിരുന്നുവെങ്കില്‍ ഉഗ്രനൊരു അനുഭവമാകുമായിരുന്ന സിനിമയുടെ സാങ്കേതിക മികവ് ആസ്വദിക്കാന്‍ ചെറിയ സ്‌ക്രീന്‍ അപര്യാപ്തമാണ്.

  കഹാനിയിലെ വിദ്യാ ബാഗ്ച്ചിക്കു ശേഷം സ്വന്തം പേരില്‍ ഒരു മലയാളി കഥാപാത്രത്തെയാണ് വിദ്യാബാലന്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോലിയിലെയും ജീവിതത്തിലെയും നിസ്സഹായത നിറഞ്ഞ നിമിഷങ്ങളുടെ തീഷ്ണത ചെറിയ നോട്ടങ്ങളിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും സൂക്ഷ്മമായ ഭാവപ്രകടനത്തിലൂടെയും അതിമനോഹരമായി അവര്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഈ വേഷം അവതരിപ്പിക്കാന്‍ വേണ്ടി യഥാര്‍ത്ഥ ഫോറസ്റ്റ് ഓഫീസര്‍മാരെ കണ്ടും പരിസ്ഥിതി സംരക്ഷണ സംബന്ധമായ പുസ്തകങ്ങള്‍ വായിച്ചുമൊക്കെ വിദ്യ നടത്തിയ തയ്യാറെടുപ്പിന്റെ ഗുണം അവരുടെ അഭിനയത്തിലുണ്ട്. അതുപോലെ തന്നെ വിജയ് റാസ്, ബ്രിജേന്ദ്ര കാല എന്നീ നടന്‍മാര്‍. അവരെ വെറുതെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരാനന്ദമാണ്. എന്തൊരു അഭിനേതാക്കളാണ്. ശരത് സക്സേന, നീരജ് കാബി എന്നിവരെ കൂടാതെ പേരറിയാത്ത മറ്റൊരുപാട് അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. അവരൊക്കെ പ്രൊഫെഷണല്‍ നടീനടന്മാര്‍ തന്നെയാണോ എന്നുപോലുമറിയില്ല. അത്രയും സ്വാഭാവികമായാണ് അവരൊക്കെ സ്‌ക്രീനില്‍ വരുന്നത്. ജ്യോതിയെ അവതരിപ്പിച്ച സാമ്പ മണ്ഡല്‍ ഒരപാര നടിയാണ്. വിദ്യയുടെ അമ്മായിയമ്മയുടെ വേഷം ചെയ്തത് ഇളാ അരുണ്‍ ആണെന്ന് പിന്നീട് വിക്കിപ്പീഡിയ നോക്കിയപ്പോളാണ് പിടികിട്ടിയത്.

  ശക്തമായ ഒരു രാഷ്ട്രീയ ചിത്രം കൂടിയാണിത്. പൊതു സമൂഹത്തിന്റെ ശീലങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഇതിലെ വില്ലന്‍ ആ പെണ്‍കടുവ ആകേണ്ടതാണ്. എന്നാല്‍ ഈ സിനിമയിലെ വില്ലന്മാര്‍ മിക്കതും പുരുഷന്മാരാണ്. കടുവയെ വെടി വച്ച് കൊന്നു പേരെടുക്കാന്‍ വന്നിരിക്കുന്ന വേട്ടക്കാരനായാലും ഭീതി മുതലെടുക്കുന്ന രാഷ്ട്രീയക്കാരാണെങ്കിലും ചവിട്ടി മെതിക്കുന്ന മേലധികാരികളാണെങ്കിലും അവരെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ഈ കഥയിലെ യഥാര്‍ത്ഥ താരങ്ങള്‍ ആരൊക്കെയാണ് ? ഒരു പെണ്‍ കടുവ. വിദ്യ എന്ന വനിതാ ഫോറസ്റ്റ് ഓഫീസര്‍. ജ്യോതി എന്ന ആദിവാസി യുവതി. പോലീസും പട്ടാളവും കാവലുമൊക്കെ ചുണയുള്ള ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ജോലിയാണ് എന്ന് സമൂഹത്തിനൊരു ധാരണയുണ്ട്. ഇതില്‍ വിദ്യയെ കാണുമ്പോള്‍ ഒരാള്‍ പരിഭവം പറയുന്നത് ഇങ്ങനെയാണ്. 'കൊള്ളാവുന്ന' ഒരു ഓഫിസറെ അയയ്ക്കാന്‍ പറഞ്ഞിട്ടു ഒടുവില്‍ ഒരു ലേഡി ഓഫീസറെയാണോ സര്‍ക്കാര്‍ അയച്ചിരിക്കുന്നതെന്ന്. വിശപ്പകറ്റാന്‍ ആഹാരത്തിനു വേണ്ടിയല്ലാതെ മറ്റു ജീവികളെ കൊന്നൊടുക്കുന്ന ഒരേയൊരു മൃഗം മനുഷ്യനാണ്. മാനസികോല്ലാസത്തിനു വേണ്ടി വേട്ടയ്ക്കിറങ്ങുന്ന ഒരേയൊരാളും മനുഷ്യന്‍ തന്നെ. ശരത് സക്‌സേന അവതരിപ്പിച്ച പിന്റു എന്ന വേട്ടക്കാരന്‍ ഇതിന്റെ ഒരു ലക്ഷണമൊത്ത പ്രോട്ടോടൈപ്പ് ആണ്. ആദിവാസികളേക്കാള്‍ വനത്തില്‍ അവകാശമുള്ളവര്‍ വേറെയില്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട് ഈ ചിത്രം. പ്രകൃതി അനുവദിച്ചിരിക്കുന്ന വിഭവങ്ങള്‍ വിശപ്പു മാറാന്‍ വേണ്ടി മാത്രം കഴിക്കുക , അവശേഷിക്കുന്നത് സഹജീവികള്‍ക്ക് വേണ്ടി ഉപേക്ഷിക്കുക എന്നതാണ് മൃഗങ്ങള്‍ പിന്തുടരുന്ന പ്രകൃതി നിയമം. വനത്തിലെ താമസക്കാരായ മനുഷ്യരും ഇത് തന്നെയാണ് പിന്തുടരുന്നത്.


  എന്തുകൊണ്ട് മറ്റു മൃഗങ്ങളെ പരീക്ഷിക്കാതെ കടുവയെ കേന്ദ്രകഥാപാത്രമാക്കി എന്നതിന് അമിത് വിശദീകരണം നല്‍കിയിരുന്നു. പലവിധ പ്രത്യേകതകളുള്ള ഒരു മൃഗമാണ് കടുവ. ഒരു കടുവയ്ക്കു ഇഷ്ടമുള്ള ഭക്ഷണം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ആഹാര ശ്രുംഖലയിലെ വൈവിധ്യമുള്ള പല ജീവജാലങ്ങള്‍ ഓട്ടോമാറ്റിക് ആയി സംരക്ഷിക്കപ്പെടുമെന്നാണ് അമിത് അവകാശപ്പെടുന്നത്. എന്തായാലും ഇതില്‍ കടുവ നടത്തുന്ന ആക്രമണങ്ങള്‍ സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും ഡ്രമാറ്റിക്കായല്ല അവതരിപ്പിച്ചിരിക്കുന്നത്. കടുവയെ ഒരു ഭീകരജീവിയായി ഈ സിനിമ ചിത്രീകരിക്കുന്നില്ല. അതിനെ സിനിമയില്‍ വ്യക്തമായി കാണിക്കുന്നുപോലുമില്ല. വന, വന്യജീവി സംരക്ഷണത്തിനായി നടത്തുന്ന നാടകങ്ങളെക്കാള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളത് ഒരല്പം ദയയും കരുതലുമാണ് എന്നാണ് ഈ ചിത്രം ഉയര്‍ത്തിക്കാട്ടുന്നത്. ഇതിലെ ഗ്രാമീണ കഥാപാത്രങ്ങളില്‍കൂടി മാത്രമല്ല വിദ്യയുടെ ഒപ്പം ജോലി ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരില്‍ കൂടിയും വിജയ് അവതരിപ്പിച്ച ഹസന്‍ നൂറാണിയില്‍കൂടിയും ആ സന്ദേശം അതിമനോഹരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

  ഈ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ക്ലൈമാക്‌സില്‍ ജ്യോതി ആ കടുവാ കുഞ്ഞുങ്ങളെ വിദ്യയ്ക്ക് കാട്ടിക്കൊടുക്കുന്നതാണ്. അവറ്റകളുടെ അമ്മ ചത്ത് പോയതല്ലേ, ആരുമില്ലാത്തതല്ലേ, അതുകൊണ്ടാണ് ഞാന്‍ അവരെ ഇവിടെ സൂക്ഷിച്ചതെന്നു അവള്‍ ചിരിച്ചുകൊണ്ടാണ് പറയുന്നത്. അവരുടെ അമ്മ തങ്ങളുടെ കൂട്ടത്തിലുള്ളവരെ കടിച്ചു കൊന്നതാണെന്നോ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ കുട്ടികള്‍ വലുതാകുമ്പോള്‍ അവ തന്നെയും ചിലപ്പോള്‍ ആക്രമിച്ചേക്കാം എന്ന കാര്യമൊന്നും ജ്യോതി അപ്പോള്‍ ആലോചിക്കുന്നതേയില്ല. അവിടെ വിദ്യയോട് സംസാരിക്കുന്നത് ജ്യോതി എന്ന അമ്മയാണ്. മനുഷ്യന് ഭീഷണിയായ ഏതു മൃഗത്തെയും കണ്ടാല്‍ തന്നെ കൊന്നേക്കണം എന്നുള്ള ചിന്തയില്‍ നിന്ന് എന്തുകൊണ്ടാണ് അതിന്റെ സ്വാഭാവികമായ ഭക്ഷണം നിഷേധിക്കപ്പെടുന്നതെന്നും കാടു വിട്ടു നാട് കയറി ഇര തേടേണ്ടി വരുന്നതെന്നുമോര്‍ക്കാതെ അതിനെ കൊന്നു തള്ളി എങ്ങനെ സുരക്ഷിതനാവാം എന്നാണ് മനുഷ്യന്‍ ചിന്തിക്കുന്നത്. അതിനവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവന്‍ ചെയ്യാത്ത കുറ്റത്തിനാണ് ആ ഭീഷണി നേരിടേണ്ടി വരുന്നത്. നിസ്സഹായനായ അവന് ആയുധമെടുക്കേണ്ടി വരുന്നു. കഥ തുടരുന്നു.
  Published by:Jayesh Krishnan
  First published: