ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന് ടിനി ടോം. പ്രധാനമന്ത്രിക്കോ പ്രസ്ഥാനത്തിനോ എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഫേസ്ബുക്ക് ലൈവിൽ ടിനി ടോം പറയുന്നു.
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ആ ചിത്രം നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവും ഭീഷണി സന്ദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെ-
ഞാന്‍ ഇട്ട പോസ്റ്റ് ഈ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന് കരുതിയില്ല. ഒരു സുഹൃത്തിന്റെ പേജില്‍ കണ്ട കാര്യം പങ്കുവച്ചതാണ്. ഞാന്‍ ഇപ്പോഴും ഇവിടെ നടക്കുന്ന കാര്യം പഠിച്ചു വരുന്നതേയുള്ളൂ. പൗരത്വ ബില്ലിനെ കുറിച്ചെല്ലാം പഠിച്ചു വരുന്നതേയുള്ളൂ. ഏതോ രാജ്യത്തെ കഥയാണ് അത്, അവിടുത്തെ പ്രധാനമന്ത്രിയെ ആളുകള്‍ ഒക്കെ കൂടി തിന്നു എന്ന് പറഞ്ഞിട്ടുള്ള ഒരു സംഭവം.
പക്ഷെ അത് എല്ലാവരും വളച്ചൊടിച്ചു. എന്നെ പോലെ ഇങ്ങനെ സാധാരണ രീതിയില്‍ ജീവിക്കുന്ന, ഒരു രാഷ്ട്രീയ ചായ്വുമില്ലാത്ത ആളെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാന്‍ ക്ഷമ ചോദിക്കുന്നു ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. തെറ്റാണെന്നു വച്ചാല്‍ അത് വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് തെറ്റായി പോയത്. ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല. ഇന്ത്യയില്‍ ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി അടി ഉണ്ടാക്കരുത്. കൃത്യമായി മനസിലാക്കിയിട്ട് വേണം പ്രതികരിക്കാന്‍ എന്നാണ്.
ഒരാളുടെയും മനസ് വേദനിപ്പിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയൂ. ഒരിക്കലും പ്രസ്ഥാനത്തിനോ പ്രധാനമന്ത്രിക്കോ എതിരേ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അത് തെറ്റിദ്ധരിച്ചതാണ്.
Also Read- പൗരത്വ നിയമഭേദഗതി: വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കമൽ ഹാസൻ; പൊലീസ് തടഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.