• HOME
  • »
  • NEWS
  • »
  • buzz
  • »
  • Dosa Printer | നന്നായി മൊരിഞ്ഞ പേപ്പർ ദോശ വേണോ? പ്രിന്റ് ചെയ്തെടുക്കാം പേപ്പർ പോലെ

Dosa Printer | നന്നായി മൊരിഞ്ഞ പേപ്പർ ദോശ വേണോ? പ്രിന്റ് ചെയ്തെടുക്കാം പേപ്പർ പോലെ

ഇപ്പോള്‍ വിപണിയിൽ ഇറങ്ങിയിരിക്കുന്ന ദോശ പ്രിന്റർ കൊണ്ട് ആർക്കും കട്ടി കുറഞ്ഞ നല്ല കിടിലൻ ദോശ ഉണ്ടാക്കാം.

  • Last Updated :
  • Share this:
    ഒരുവിധം എല്ലാ ആളുകള്‍ക്കും കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണമാണ് ദോശ (dosa). ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ദോശ ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും നല്ല ആകൃതിയും വലിപ്പവുമുള്ള ദോശ ചുട്ടെടുക്കുന്നത് ഒരു കഴിവ് തന്നെയാണ്. എന്നാല്‍ ഇനി ആർക്കും കട്ടി കുറഞ്ഞ നല്ല കിടിലൻ ദോശ ഉണ്ടാക്കാം. ഇപ്പോള്‍ വിപണിയിൽ ഇറങ്ങിയിരിക്കുന്ന ദോശ പ്രിന്റർ ഇതിനായി ഉപയോഗിക്കാം.

    ദോശ പ്രിന്റര്‍ (dosa printer) എന്ന് കേട്ട് നിങ്ങൾ ഞെട്ടിയോ? ശരിയാണ്. ഇനി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏത് ദോശയും ഇതില്‍ പ്രിന്റ് ചെയ്‌തെടുക്കാം. ഇതിനായി ഒട്ടും സമയം കളയേണ്ട ആവശ്യവുമില്ല. കട്ടി കുറഞ്ഞ നല്ല പേപ്പര്‍ ദോശ (thin paper dosa) മെഷീനിൽ നിന്ന് പ്രിന്റ് ചെയ്ത് വരും. എങ്ങനെയെന്നല്ലേ? നോക്കാം

    ദോശ പ്രിന്റര്‍ എന്നാണ് ഈ മെഷീനിന്റെ പേര്. ഈ മെഷീന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കനം കുറഞ്ഞ മൊരിഞ്ഞ ദോശ ഉണ്ടാക്കാന്‍ സാധിക്കുക മാത്രമല്ല, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര ദോശ ഇതില്‍ പ്രിന്റ് ചെയ്ത് എടുക്കാം.

    ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് (evochef) എന്ന കമ്പനിയാണ് ദോശാ പ്രിന്റര്‍ കണ്ടുപിടിച്ചിരിക്കുന്നത്. 15,999 രൂപയാണ് മെഷീനിന്റെ വില. ഇസി ഫ്‌ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് ലോകത്തിലെ ആദ്യ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. മെഷീനിലേക്ക് ദോശ മാവ് ഒഴിച്ചുകൊടുത്ത ശേഷം ദോശയുടെ കനവും മൊരിവും എണ്ണവും എല്ലാം സജ്ജീകരിക്കാനുള്ള ബട്ടണുകളും യന്ത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ 10-12 കനം കുറഞ്ഞ ദോശയും 6-8 കട്ടിയുള്ള ദോശയും ഉണ്ടാക്കാം. പേപ്പര്‍ പ്രിന്റ ചെയ്യുന്നത് പോലെ തന്നെയാണ് ദോശ ഉണ്ടാക്കുന്നത്.

    ഇതിനകം തന്നെ ദോശ പ്രിന്ററുപയോഗിച്ച് ദോശ ഉണ്ടാക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ മെഷീന്‍ ഉപയോഗപ്രദമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍, ഇതുകൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നുണ്ട്.

    '' ഇതൊരു ആവശ്യമില്ലാത്ത കണ്ടുപിടുത്തമാണ്. ദോശ ഉണ്ടാക്കുന്നത് അത്ര ഭാരപ്പെട്ട ജോലിയല്ല. അതിനുള്ള മാവ് തയ്യാറാക്കുന്നതാണ് പ്രയാസകരമായ ജോലി'' എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. '' സാമ്പാറും ചട്ണിയും നിങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നുണ്ട്, ദോശ മാവും നിങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത്, പിന്നെന്തിനാണ് ഈ ദോശ പ്രിന്റര്‍. ഒരു പാന്‍ ചൂടാക്കി ഓയില്‍ ഒഴിച്ച് ദോശ ഉണ്ടാക്കിക്കോളൂ. എന്തിനാണ് ഈ ദോശാ പ്രിന്ററിനായി പണം ചെലവാക്കുന്നത്'' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. '' വിമര്‍ശിക്കാതിരിക്കൂ, ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. എനിക്ക് ദോശ ഉണ്ടാക്കാന്‍ അറിയില്ല. ഇനി ഞാന്‍ അത് പഠിച്ച് വരികയാണെങ്കിലും എനിക്ക് അതിനുള്ള സമയമില്ല. ഇത് അടിപൊളിയാണ്,'' എന്നായിരുന്നു മറ്റൊരു കമന്റ്.
    Published by:Amal Surendran
    First published: