• HOME
  • »
  • NEWS
  • »
  • buzz
  • »
  • Indian Oil | കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ക്ലിപ്പ്; അന്വേഷണം ആരംഭിച്ചു

Indian Oil | കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ക്ലിപ്പ്; അന്വേഷണം ആരംഭിച്ചു

എന്നാൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യം താൻ കണ്ടിട്ടില്ലെന്നും തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതെന്നും മന്ത്രി

  • Share this:
    കേന്ദ്രമന്ത്രി രാമേശ്വർ തേലി (Union Minister Rameshwar Teli) പങ്കെടുത്ത പരിപാടിക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ തെളിഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ആസാമിലെ (Assam) ടിൻസുകിയ ജില്ലയിൽ ഇന്ത്യൻ ഓയിൽ (Indian Oil) സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. സംസ്ഥാന തൊഴിൽ മന്ത്രി സഞ്ജയ് കിസാനും (Sanjay Kisan) ചടങ്ങിൽ പങ്കെടുത്തിരുന്നു.

    ശനിയാഴ്ച ടിൻസുകിയയിലെ ഹോട്ടൽ മിരാനയിൽ മെഥനോൾ കലർന്ന എം-15 പെട്രോളിന്റെ പൈലറ്റ് ലോഞ്ചിനിടെ ആയിരുന്നു സംഭവം. ലോഞ്ചിന്റെ തത്സമയ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനായി സജ്ജീകരിച്ച സ്റ്റേജിൽ പിന്നിലായാണ് സ്‌ക്രീൻ സ്ഥാപിച്ചിരുന്നത്. ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ സ്റ്റേജിൽ സംസാരിക്കുന്നതിനിടെയാണ് ക്ലിപ്പ് പ്ലേ ചെയ്യാൻ തുടങ്ങിയത്. ഉടൻ തന്നെ സംഘാടകർ ഇടപെടുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീഡിയോ സ്‌ക്രീനിൽ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ അതിനിടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ ചിലർ സംഭവം തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ റെക്കോർഡ് ചെയ്തിരുന്നു.

    സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. ടിൻസുകിയ പോലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തു. ഓൺലൈനിലും പരിപാടിയുടെ ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് സൂം മീറ്റിംഗ് ഐഡിയും പാസ്‌കോഡും ട്വീറ്റ് ചെയ്തത്.

    ഇതിനു പിന്നിൽ പ്രവർത്തിച്ചയാൾ മിക്കവാറും ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള മീറ്റിംഗ് ഐഡിയും പാസ്‌കോഡും ഉപയോഗിച്ച് സൂം മീറ്റിംഗിൽ ചേർന്നിട്ടുണ്ടാകുമെന്ന് ടിൻസുകിയ പോലീസ് സൂപ്രണ്ട് ദേബോജിത് ദിയോറി ന്യൂസ് 18 നോട് പറഞ്ഞു.

    എന്നാൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യം താൻ കണ്ടിട്ടില്ലെന്നും തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതെന്നും ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എസ്.എം. വൈദ്യ, അസം പെട്രോ കെമിക്കൽസ് ലിമിറ്റഡ് ചെയർമാൻ ബികുൽ ദേക, എം.എൽ.എ. സുരേൻ ഫുക്കൻ, മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ നവനീത അഗർവാൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

    സംഭവത്തിൽ ടിൻസുകിയ ജില്ലാ മജിസ്‌ട്രേറ്റും ഇടപെട്ടു. മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ച അദ്ദേഹം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മഞ്ജിത് ബർക്കകാട്ടിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളുടെ ഓഫീസിൽ എത്തണമെന്ന് ബർക്കകാട്ടി അറിയിച്ചു. ‌‌

    കേന്ദ്രസർക്കാർ ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുന്നതിന് പിന്നിലുള്ള വിചിത്രമായ വാദം നിരത്തി രാമേശ്വര്‍ തേലി വിവാദങ്ങളി‍ൽ ഇടം നേടിയിരുന്നു. കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനാലാണ് പെട്രോള്‍, ഡീസല്‍ വില ഉയരുന്നതെന്നായിരുന്നു മന്ത്രിയുടെ വാദം.
    Published by:user_57
    First published: