• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു രൂപാ ഡോക്ടർ; അമ്മയുടെ അന്ത്യാഭിലാഷം 20 വർഷമായി പാലിക്കുന്ന മകൻ

ഒരു രൂപാ ഡോക്ടർ; അമ്മയുടെ അന്ത്യാഭിലാഷം 20 വർഷമായി പാലിക്കുന്ന മകൻ

ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ദേഹം സ്വന്തം ക്ലിനിക്കില്‍ തന്നെയാണ് രോഗികളെ ചികിത്സിക്കുന്നത്. മാത്രമല്ല, സ്വന്തമായി മരുന്ന് വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത പാവപ്പെട്ട രോഗികള്‍ക്ക് അദ്ദേഹം മരുന്നുകളും നല്‍കുന്നുണ്ട്

  • Share this:
രോഗികളില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷമായി ഒരു രൂപ ഫീസ് ( 1 rupee ) വാങ്ങി വൈദ്യസഹായം നല്‍കുന്ന ഡോക്ടറുടെ കഥ വൈറലാകുന്നു. തന്റെ അമ്മ മരണക്കിടക്കയില്‍ വെച്ച് പറഞ്ഞ അവസാന ആഗ്രമാണ് ഡോക്ടര്‍ ഭാസ്‌കര്‍ റെഡ്ഡിക്ക് പ്രചോദനമായത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂലാണ് (kurnool) ഡോക്ടറുടെ സ്വദേശം.

ഹോമിയോപ്പതിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ( BHMS) ബിരുദം നേടിയ ഭാസ്‌കര്‍ റെഡ്ഡി നേരത്തെ ഡല്‍ഹിയിലായിരുന്നു താമസിച്ചിരുന്നത്. മെഡിക്കല്‍ പ്രാക്ടീസിനു വേണ്ടിയാണ് അദ്ദേഹം അവിടെ താമസമാക്കിയത്. ഏറെ നാളായി അദ്ദേഹത്തിന്റെ അമ്മ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അവരുടെ അന്ത്യം. രോഗികളില്‍ നിന്ന് ഒരു രൂപ ഫീസ് വാങ്ങി അവര്‍ക്ക് വൈദ്യസഹായം നല്‍കണമെന്നാണ് ഡോക്ടറുടെ അമ്മ അവസാനമായി ആവശ്യപ്പെട്ടത്. അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരം അദ്ദേഹം വീണ്ടും കുര്‍ണൂലിലേക്ക് മടങ്ങി. പിന്നീടങ്ങോട്ട് എല്ലാ പ്രായത്തിലുള്ള രോഗികളില്‍ നിന്നും ഡോ.ഭാസ്‌കര്‍ റെഡ്ഡി ഒരു രൂപ ഫീസ് വാങ്ങിയാണ് സേവനം നല്‍കുന്നത്.

ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ദേഹം സ്വന്തം ക്ലിനിക്കില്‍ തന്നെയാണ് രോഗികളെ ചികിത്സിക്കുന്നത്. മാത്രമല്ല, സ്വന്തമായി മരുന്ന് വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത പാവപ്പെട്ട രോഗികള്‍ക്ക് അദ്ദേഹം മരുന്നുകളും നല്‍കുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം കുര്‍ണൂലിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായി മാറി.

ധാരാളം രോഗികള്‍ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. എന്തെങ്കിലും കാരണവശത്താല്‍, ഏതെങ്കിലും രോഗിക്ക് ക്ലിനിക്കില്‍ വരാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാസ്‌കര്‍ റെഡ്ഡി രോഗിയുടെ വീട്ടിലെത്തിയും ചികിത്സിക്കാറുണ്ട്. കുര്‍ണൂലിലെ നാട്ടുകാരും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തെ ദൈവത്തെ പോലെയാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷം, കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെ തന്റെ സ്വകാര്യ കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി രോഗികള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കിയ ഡോക്ടറുടെ വാര്‍ത്തയും വൈറലായിരുന്നു. കോവിഡ് 19 സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീര്‍ണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവര്‍ക്ക് വാട്‌സ്ആപ്പ് വഴിയാണ് അദ്ദേഹം സഹായം നല്‍കിയിരുന്നത്.

Also Read- ഗെയിം കളിക്കാനാകുന്ന, ‘ചിന്താശേഷിയുള്ള’ തലച്ചോർ കോശം വികസിപ്പിച്ച് ശാസ്ത്രജ്ഞർ

2010ല്‍ ഉണ്ടായ ഒരു അനുഭവത്തിന് ശേഷമാണ് മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യ മരുന്നുകളും എപ്പോഴും കാറില്‍ തന്നെ സൂക്ഷിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരിക്കല്‍ അപകടത്തിനിരയായ ഒരു വ്യക്തിയ്ക്ക് റോഡില്‍ വെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ കാറില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടായിരുന്നത് ഗുണം ചെയ്തു. ആ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിനും അവിടെ വെച്ച് കാണിച്ച മനഃസാന്നിധ്യത്തിനും ബന്ധുക്കള്‍ പിന്നീട് അദ്ദേഹത്തോട് നന്ദി പറഞ്ഞിരുന്നു. അതിനു ശേഷമാണ് അത്യാവശ്യം വൈദ്യസഹായം നല്‍കാന്‍ വേണ്ട സൗകര്യങ്ങളെല്ലാം അദ്ദേഹം കാറില്‍ തന്നെ കരുതാന്‍ തുടങ്ങിയത്.
Published by:Anuraj GR
First published: