HOME » NEWS » Buzz » OVER FOUR LAKH STUDENTS TURN UP FOR THE OFFLINE CLASSES AS 5947 SCHOOLS REOPEN IN MAHARSHTRA NAV

മഹാരാഷ്ട്രയിൽ 5,947 സ്കൂളുകൾ തുറന്നു; ക്ലാസുകളിലെത്തിയത് 4.2 ലക്ഷം വിദ്യാർത്ഥികൾ

ഗ്രാമീണ മഹാരാഷ്ട്രയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് സ്‌കൂളുകളിലെത്തി ക്ലാസിൽ പങ്കെടുത്തത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ (എംഎംആർ) സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടില്ല.

News18 Malayalam | news18-malayalam
Updated: July 16, 2021, 3:31 PM IST
മഹാരാഷ്ട്രയിൽ 5,947 സ്കൂളുകൾ തുറന്നു; ക്ലാസുകളിലെത്തിയത് 4.2 ലക്ഷം വിദ്യാർത്ഥികൾ
പ്രതീകാത്മക ചിത്രം
  • Share this:
മുംബൈ: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചു. ഗ്രാമീണ മഹാരാഷ്ട്രയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് സ്‌കൂളുകളിലെത്തി ക്ലാസിൽ പങ്കെടുത്തത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ (എംഎംആർ) സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടില്ല.

സംസ്ഥാനത്തെ ആകെയുള്ള 35 ജില്ലകളിൽ 25 ജില്ലകളിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. 5,947 സ്കൂളുകൾ വ്യാഴാഴ്ച തുറന്നതായി സംസ്ഥാന ഭരണകൂടം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോലാപ്പൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. 940 സ്കൂളുകളിലായി 1.6 ലക്ഷത്തോളം കുട്ടികളാണ് ക്ലാസുകൾക്കായി എത്തിയത്. ഔറംഗബാദിൽ 631 സ്കൂളുകളിലായി 21,599 കുട്ടികൾ ക്ലാസുകളിലെത്തി. പൂനെയിൽ 90 സ്കൂളുകളിൽ 3,505 കുട്ടികൾ ക്ലാസുകൾക്കായി എത്തി. താനെ ജില്ലയിലെ 2,150 സ്കൂളുകൾക്കും ഓഫ്ലൈൻ ക്ലാസുകൾ നടത്താനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് ഗ്രാമങ്ങൾ ഒരു മാസത്തിന് മുകളിൽ കോവിഡ് രഹിതമായിരിക്കണം.

ജൂലൈ 7 മുതൽ സ്കൂളുകളിൽ 2021-22ലെ അധ്യയന വർഷം ആരംഭിക്കാൻ കോവിഡ് രഹിത ഗ്രാമങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. വില്ലേജ് സർപഞ്ച്, ഹെൽത്ത് ഓഫീസർ, റവന്യൂ ഓഫീസർ, സ്‌കൂൾ അധികൃതർ എന്നിവരടങ്ങുന്ന ഏഴ് അംഗ സമിതിയാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. മാതാപിതാക്കളുടെ സമ്മതവും ഇക്കാര്യത്തിൽ നിർബന്ധമാണ്.

ഒരു മാസത്തിലേറെയായി കോവിഡ് രഹിതമായെങ്കിലും മുംബൈ ഒഴികെയുള്ള എം‌എം‌ആറിലെ ഗ്രാമങ്ങൾ സ്കൂളുകൾ വീണ്ടും തുറക്കാൻ വിമുഖത കാണിച്ചിരുന്നു. കാരണം കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയയ്ക്കാൻ മാതാപിതാക്കൾക്ക് ഭയമായിരുന്നു. എന്നാൽ ഈ ആഴ്ച ആദ്യം സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആന്റ് ട്രെയിനിംഗ് നടത്തിയ ഒരു സർവേയിൽ 81% രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ഓഫ്‌ലൈൻ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിനെ അനുകൂലിച്ചു.

മന്ത്രിമാർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയതായി ഗ്രാമത്തലവന്മാർ പറഞ്ഞു. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വീണ്ടും തുറക്കാൻ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് അനുമതി നൽകിയപ്പോൾ, കോളേജുകൾ വീണ്ടും തുറക്കുന്നതിനെതിരാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്ത്. കോളേജുകൾ തുറന്ന ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് എൻസിപിയുടെ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെയും പറഞ്ഞിരുന്നു.

കുട്ടികൾ സ്കൂളിലെത്തിയുള്ള ക്ലാസുകൾ ആരംഭിക്കുന്നതിന് കോവിഡ് രഹിത ഗ്രാമങ്ങളിലെ പല സർപഞ്ചുകളും നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറല്ല. “തങ്ങളുടെ കുട്ടികൾക്ക് രോഗം വരില്ലെന്ന് ഉറപ്പ് വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. അതിനാൽ, സ്കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല ”കാസയിലെ ഒരു ഗ്രാമത്തിലെ സർപഞ്ച് പറഞ്ഞു. നവംബർ മുതൽ മാർച്ച് വരെ നവി മുംബൈയിലെ താനെ, പൽഘർ എന്നിവിടങ്ങളിൽ ഉയർന്ന ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ, നിരവധി ആദിവാസി വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞ വർഷം മുഴുവൻ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയായിരുന്നു.
Published by: Naveen
First published: July 16, 2021, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories