• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഇസ്ലാമിസ്റ്റുകൾ മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നു' ഇരുകൂട്ടരും പാർലമെന്‍ററി ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കാത്തവർ: പി. ജയരാജൻ

'ഇസ്ലാമിസ്റ്റുകൾ മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നു' ഇരുകൂട്ടരും പാർലമെന്‍ററി ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കാത്തവർ: പി. ജയരാജൻ

മുസ്ലീം സമുദായത്തിന് മറ്റാരുടെയും സംരക്ഷണം വേണ്ട എന്ന് കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടയില്‍ ജമാഅത്തെ ഇസ്ലാമിക്കാരന്‍ പറയുന്നത് സ്വത്ത രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പി. ജയരാജൻ

പി ജയരാജൻ

പി ജയരാജൻ

 • Share this:
  തിരുവനന്തപുരം: മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്ന ഇസ്ലാമിസ്റ്റുകളെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ഇസ്ലാം മത വിശ്വാസികളിലെ ഭൂരിപക്ഷവും ഇസ്ലാമിസ്റ്റുകള്‍ക്കെതിരാണ്. പക്ഷെ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത് മുസ്ലീം സമൂഹത്തിന്‍റെ പൊതു പ്രതിനിധിയായി അഭിനയിക്കാനാണ്. മുസ്ലീം സമുദായത്തിന് മറ്റാരുടെയും സംരക്ഷണം വേണ്ട എന്ന് കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടയില്‍ ജമാഅത്തെ ഇസ്ലാമിക്കാരന്‍ പറയുന്നത് സ്വത്ത രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പി. ജയരാജൻ പറഞ്ഞു.

  ഇന്ത്യയില്‍ മുസ്ലീം സമുദായത്തിന്‍റെ സംരക്ഷണം മാത്രമല്ല പ്രശ്നം ഭരണഘടനാപരമായ രാജ്യത്തിന്‍റെ സംരക്ഷണം കൂടിയാണെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ നാനാവിശ്വാസികളും ഒത്തുചേരണം. അതില്‍ ആര്‍.എസ്.എസുകാര്‍ക്കും "ഹുക്കുമത്തെ ഇലാഹി" ഉയര്‍ത്തുന്ന മൗദുദിസ്റ്റുകള്‍ക്കും അവരെ സഖ്യശക്തിയായി കാണുന്ന മാവോയിസ്റ്റുകള്‍ക്കും ഇടമില്ല. കാരണം ഇവരെല്ലാം ഇന്നത്തെ പാര്‍ലിമെന്‍ററി ജനാധിപത്യ വ്യവസ്ഥയെ തെല്ലും അംഗീകരിക്കാത്തവരാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി.

  പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  കോഴിക്കോട് വെച്ച് ജനുവരി 17 ന് നടന്ന കേരള ലിട്ടററി ഫെസ്റ്റില്‍ "മാവോയിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും" എന്ന സംവാദം നടക്കുകയുണ്ടായി. അതില്‍ എന്നെ കൂടാതെ കെ. വേണു, സി. ദാവൂദ് എന്നിവരും മോഡറേറ്ററായി അഭിലാഷ് മോഹനനുമാണ് ഉണ്ടായിരുന്നത്. മേല്‍ വിഷയത്തില്‍ സി.പി.ഐ(എം) ന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യവും സൂചിപ്പിച്ചു.

  കേരളത്തിലെ സി.പി.ഐ(എം) ന് മുസ്ലീം വിരുദ്ധമായ സമീപനമുണ്ടെന്ന് പറയാനായിരുന്നു ജമാഅത്ത്കാരന്‍റെ താല്‍പ്പര്യം. അതിന് ചന്ദ്രശേഖരന്‍ വധവും, കോഴിക്കോട്ടെ രണ്ട് യുവാക്കളുടെ അറസ്റ്റും എല്ലാം ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. മാവോയിസത്തെ തങ്ങള്‍ അഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംവാദത്തിനിടയില്‍ സി.ആര്‍.പി.പി എന്ന മൂടുപട സംഘടനയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം മാധ്യമം പത്രത്തിന്‍റെയും, തേജസ് പത്രത്തിന്‍റെയും എഡിറ്റര്‍മാര്‍ പങ്കെടുത്തതും അതിന്‍റെ ഭാരവാഹികളായതും നിഷേധിക്കാനായില്ല.
  സി.പി.ഐ(എം)ന് അഖിലേന്ത്യ തലത്തിലും കേരളത്തിലും ഒരേ നയമാണുള്ളത്. രാജ്യത്തെ മുഖ്യ വിപത്ത് സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ തീവ്രവാദമാണ്. എന്നാല്‍ അതിനെ എതിര്‍ക്കുന്നതിന് ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കാനാവില്ല. ഇവിടെ ഒരുകാര്യം അടിവരയിട്ട് പറയേണ്ടതുണ്ട്. ഇസ്ലാമിസ്റ്റുകള്‍ മുസ്ലീം സമൂഹത്തെയാകെ പ്രതിനിധീകരിക്കുന്നില്ല. ലോകത്തിലെ ഇസ്ലാമിക വിശ്വാസികളുടെ സ്വാഭാവിക പരിണാമവുമല്ല ഇസ്ലാമിസ്റ്റുകള്‍.

  രാഷ്ട്രീയവും മതവും തമ്മിലുള്ള വിഭജനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും സമൂഹത്തിലുണ്ട്. മതനിരപേക്ഷത അടിസ്ഥാനമായി അംഗീകരിച്ച മുസ്ലീം രാഷ്ട്രങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. അതിന് വിരുദ്ധമായി ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി മതവും രാഷ്ട്രീയവും ഒന്നാണെന്ന് വാദിക്കുന്നവരുമുണ്ട്. ഈജിപ്തിലെ ഇസ്ലാമിക് ബ്രദര്‍ഹുഡ് സ്ഥാപിച്ച ഹസനുല്‍ ബന്നയും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച മൗദൂതിയും മതേതര ദേശീയതയ്ക്ക് എതിരായിരുന്നു. അവരാണ് ഇസ്ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്നത്. അല്‍ജീരിയ മുതല്‍ ഇന്തോനേഷ്യവരെയുള്ള അറബ് ലോകത്ത് കോളനി ഭരണത്തിന് ശേഷം ഉയര്‍ന്നുവന്നതെല്ലാം ജനാധിപത്യ മതനിരപേക്ഷ ഭരണവ്യവസ്ഥതയായിരുന്നു. അതിന് ശേഷമുണ്ടായ രാഷ്ട്രീയ ഇസ്ലാമിന്‍റെ വളര്‍ച്ചയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ കൃത്യമായ പങ്ക് കാണാനാകും. അഫ്ഗാനിസ്ഥാനിലെ ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനും ഭരണാധികാരിയായ നജീബുള്ളയെ കൊന്ന് കെട്ടിതൂക്കാനും ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് യു.എസ് തന്നെയാണ്. താലിബാന്‍, അല്‍ഖ്വയ്ദ, ഇസ്ലമിക് സ്റ്റേറ്റ് എന്നിവയെല്ലാം ഇതിനെ തുടര്‍ന്ന് രൂപപ്പെട്ടവയാണ്. മുസ്ലീം ലോകത്ത് വളര്‍ന്നുവരുന്ന സോഷ്യലിസ്റ്റ്-ഇടതുപക്ഷ അനുകൂല രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള കൃത്യമായ പദ്ധതിയിലൂടെ ഇസ്ലാമിസ്റ്റുകളും, സാമ്രാജ്യത്വവും ഒത്തുചേരുകയായിരുന്നു. എന്നാല്‍ പിന്നീട് ഇസ്ലാമിസ്റ്റുകളും സാമ്രാജ്യത്വവുമായി അകന്നു, ഏറ്റുമുട്ടലായി. സിറിയയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും ഇസ്ലമിക് സ്റ്റേറ്റിന്‍റെ സൈന്യത്തിലേക്ക് മറ്റ് പല രാജ്യങ്ങളില്‍ നിന്നടക്കം റിക്രൂട്ട് ചെയ്യപ്പെടുന്ന ഇസ്ലാമിസ്റ്റുകളെത്തി. കേരളത്തില്‍ നിന്ന് 100 ലധികം പേര്‍ കുടുംബസമേതം ഐ.എസില്‍ ചേരാന്‍ പോയി. അവിടുത്തെ സൈന്യങ്ങളുമായി ഏറ്റുമുട്ടി പലരും കൊല്ലപ്പെട്ടു. അവരുടെ ഭാര്യമാരും കുട്ടികളും അനാഥരായി. ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടാല്‍ വിശുദ്ധ സ്വര്‍ഗ്ഗം കിട്ടുമെന്നാണ് അവരെ ഇസ്ലമിസ്റ്റുകള്‍ പഠിപ്പിച്ചത്.

  മതഭ്രാന്തിന്‍റെയും, സംങ്കുചിത ദേശീയ ഭ്രാന്തിന്‍റെയും വക്താക്കളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും ഒത്തുചേരണമെന്നാണ് ലോക സാഹചര്യവും നമ്മെ പഠിപ്പിക്കുന്നത്. അതിനാണ് സി.പി.ഐ(എം) ഉം ഇടതുപക്ഷ ശക്തികളും ഇന്ത്യയില്‍ ശ്രമിച്ചുവരുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാകട്ടെ സംഘപരിവാരം രാജ്യത്തുടനീളം മുസ്ലീങ്ങളെ ലക്ഷ്യമിട്ട ആക്രമണം നടത്തുമ്പോഴും അവയ്ക്കെതിരെയല്ല ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി വിട്ടുവീഴചയില്ലാതെ പൊരുതുന്ന സി.പി.ഐ(എം) നെ തകര്‍ക്കണം എന്ന കാര്യപരിപാടിയാണുള്ളത്. ഇത് സ്വാഭാവികമായും ഉണ്ടാവുന്ന കാര്യമല്ല. മുഖ്യധാര ഇടതുപക്ഷത്തെ തകര്‍ക്കുന്നതിന് ഉള്ള കൃത്യമായ രാഷ്ട്രീയ ഇടപെടലിന്‍റെ ഭാഗം കൂടിയാണ്. അതുകൊണ്ടാണ് ഈ ഉദ്ദേശത്തോടുകൂടി സായുധ കലാപം നടത്തുന്നത്. മാവോയിസ്റ്റുകള്‍ക്ക് മറയായി ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിസ്റ്റുകളെ സംഖ്യശക്തിയായാണ് മാവോയിസ്റ്റുകള്‍ കണക്കാക്കുന്നത്. അല്ലാതെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സാമുദായിക പശ്ചാത്തലമല്ല ഇസ്ലാമിസ്റ്റുകളെ അലോസരപ്പെടുത്തുന്നത്. അതുപയോഗിച്ച് സി.പി.ഐ(എം) നെ അടിക്കാമോയെന്നാണ്.
  യു.എ.പി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. കോഴിക്കോട്ടെ യുവാക്കളുടെ കാര്യത്തില്‍ പ്രസ്തുത നിയമപ്രകാരം സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ അനുമതിയുടെ പ്രശ്നം വരുമ്പോള്‍ ഇത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതുമാണ്. ഇത് തടയാനാണ് പ്രസ്തുത കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. ഇവിടെയും സംസ്ഥാന ഗവണ്‍മെന്‍റിനെ കുറ്റപ്പെടുത്താനാണ് അവര്‍ക്ക് താല്‍പ്പര്യം.

  മനുഷ്യാവകാശത്തിന്‍റെയും രാഷ്ട്രീയ തടവുകാരുടെ മോചനത്തിന്‍റെയും പേര് പറഞ്ഞ് മാവോയിസ്റ്റുകളുടെയും, ഇസ്ലാമിസ്റ്റുകളുടെയും യോജിപ്പ് വളര്‍ത്തിയെടുക്കാനാണ് ശ്രമം. പൗരത്വ നിയമത്തിനെതിരായ ഡിസംബര്‍ 17 ന്‍റെ ഹര്‍ത്താല്‍ ആഹ്വാനം ഇതിന്‍റെ ഭാഗമാണ്. നേരത്തെ ദേശീയപാത വികസനത്തിനെതിരായ വയല്‍കിളി സമരത്തില്‍ ഈ കൂട്ടുകെട്ടാണ് പ്രത്യക്ഷപ്പെട്ടത്. വയല്‍കിളി സമരത്തിലൂടെ കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് മാധ്യമം പത്രം എഴുതിയത് വെറുതെയല്ല. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം ബഹുജന പ്രക്ഷോഭം നടത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. രാജ്യ തലസ്ഥാനത്തും, വിവിധ സംസ്ഥാനങ്ങളിലും നടന്ന കര്‍ഷക പ്രക്ഷോഭം ജനുവരി 8 ന് നടന്ന പൊതുപണിമുടക്ക് -ഇത്തരം സമരങ്ങളാണ് രാജ്യത്തുടനീളം ഉയര്‍ന്നുവരേണ്ടത്. സാമ്പത്തീക മാന്ദ്യവും അതിന്‍റെ പ്രത്യാഘാതങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും വളര്‍ന്നുവരികയാണ്. ഇത്തരം യോജിപ്പുകളെ ഭിന്നിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം. അതിന് കരുവാവുകയാണ് മേല്‍പ്പറഞ്ഞ തീവ്രവാദ ശക്തികള്‍. ഇത് സംഘപരിവാരത്തെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന ഇസ്റ്റാമിസ്റ്റുകളെ ഒറ്റപ്പെടുത്തണം. ഇസ്ലാം മത വിശ്വാസികളിലെ ഭൂരിപക്ഷവും ഇസ്ലാമിസ്റ്റുകള്‍ക്കെതിരാണ്. പക്ഷെ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത് മുസ്ലീം സമൂഹത്തിന്‍റെ പൊതു പ്രതിനിധിയായി അഭിനയിക്കാനാണ്. മുസ്ലീം സമുദായത്തിന് മറ്റാരുടെയും സംരക്ഷണം വേണ്ട എന്ന് സംവാദത്തിനിടയില്‍ ജമാഅത്തെ ഇസ്ലാമിക്കാരന്‍ പറയുന്നത് സ്വത്ത രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ഇന്ത്യയില്‍ മുസ്ലീം സമുദായത്തിന്‍റെ സംരക്ഷണം മാത്രമല്ല പ്രശ്നം ഭരണഘടനാപരമായ രാജ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. അതിനാല്‍ തന്നെ നാനാവിശ്വാസികളും ഒത്തുചേരണം. അതില്‍ ആര്‍.എസ്.എസുകാര്‍ക്കും "ഹുക്കുമത്തെ ഇലാഹി" ഉയര്‍ത്തുന്ന മൗദുദിസ്റ്റുകള്‍ക്കും അവരെ സഖ്യശക്തിയായി കാണുന്ന മാവോയിസ്റ്റുകള്‍ക്കും ഇടമില്ല. കാരണം ഇവരെല്ലാം ഇന്നത്തെ പാര്‍ലിമെന്‍ററി ജനാധിപത്യ വ്യവസ്ഥയെ തെല്ലും അംഗീകരിക്കാത്തവരാണ്.
  Published by:Anuraj GR
  First published: