ഇസ്ലാമാബാദ്: ബഹിരാകാശത്തേക്ക് ഭീമാകാരനായ ഹബിൾ ദൂരദർശിനി അയച്ചത് അമേരിക്കയുടെ നാസയല്ലെന്നും പാകിസ്ഥാന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സുപാർകോയാണെന്നുമുള്ള പ്രസ്താവനക്ക് പിന്നാലെ പാക് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ജിയോ ന്യൂസ് ടിവിയിലെ ടോക് ഷോയിൽ പങ്കെടുത്തുകൊണ്ടാണ് ഈ അവകാശവാദം പാക് മന്ത്രി ഉന്നയിച്ചത്. 'ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയെ അയച്ചത് സുപാർകോ ആണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
നാസ തലവൻ ഉടൻ രാജിവെച്ച് ഫവാദ് ചൗധരിയുടെ മന്ത്രിസഭയിൽ സുപാർകോയുടെ മേധാവിയായി ചുമതല ഏൽക്കുമെന്നായിരുന്നു ഒരാള് ട്വീറ്റ് ചെയ്തത്. 'നിങ്ങൾ നിങ്ങളുടെ എല്ലാ മുൻഗാമികളെയും കടത്തിവെട്ടിയിരിക്കുകയാണ്. ഇത്തരം കണ്ടുപിടിത്തം നടത്തിയവരെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ബഹിരാകാശത്തേക്ക് അയക്കണം'- വേറൊരു ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ ഇൻഫർമേഷൻ മന്ത്രിയായിരുന്നപ്പോൾ കുഴപ്പം ഉണ്ടാക്കുന്ന ചില രാഷ്ട്രീയക്കാരെ ബഹിരാകാശത്തേക്ക് അയക്കണമെന്ന് പറഞ്ഞയാളാണ് ഫവാദ് ചൗധരി. ഒരിക്കൽ ബഹിരാകാശത്തേക്ക് പോകുന്ന രാഷ്ട്രീയക്കാരെ തിരികെ എത്തിക്കാതിരിക്കാൻ ഞാൻ സുപാർകോയോട് പറയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
1990ലാണ് ഭൂമിക്ക് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമിക്കപ്പെട്ട ഹബിൾ ബഹിരാകാശ ദൂരദർശിനി അയച്ചത്. ഇത് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. എഡ്വിൻ ഹബിൾ എന്ന ശാസ്ത്രജ്ഞന്റെ ഓർമക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 15 വർഷമാണ് ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.