• HOME
  • »
  • NEWS
  • »
  • buzz
  • »
  • Flight | പൈലറ്റിന് ദേഹാസ്വാസ്ഥ്യം, വിമാനം പറത്തി യാത്രക്കാരൻ; സുരക്ഷിതമായി ലാൻറ് ചെയ്തു

Flight | പൈലറ്റിന് ദേഹാസ്വാസ്ഥ്യം, വിമാനം പറത്തി യാത്രക്കാരൻ; സുരക്ഷിതമായി ലാൻറ് ചെയ്തു

ഫ്ലോറിഡ തീരത്ത് നിന്നും ഏകദേശം 70 മൈൽ വടക്ക് ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോഴാണ് പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

  • Share this:
    ആദ്യമായി വിമാനം പറത്തി സുരക്ഷിതമായി ലാൻറ് ചെയ്ത് സഹയാത്രികരുടെ ജീവൻ രക്ഷിച്ച്യാത്രക്കാരൻ. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള (Florida) പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് യാത്രക്കാരൻ വിമാനം ഇറക്കിയത്. സെസ്ന 208 കാരവാൻ വിമാനത്തിലെ പൈലറ്റിന് (Pilot) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് യാത്രക്കാരന് ചുമതല ഏറ്റെടുക്കേണ്ടി വന്നത്. ചൊവ്വാഴ്ച ബെഹാമാസിൽ നിന്ന് ഫ്ലോറിഡയിലേക്ക് പറക്കുകയായിരുന്നു ഈ വിമാനം. ഫ്ലോറിഡ തീരത്ത് നിന്നും ഏകദേശം 70 മൈൽ വടക്ക് ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോഴാണ് പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

    എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റിനോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അവിടെ നിന്ന് ഒരു മറുപടിയും ലഭിച്ചില്ല. പൈലറ്റിന് ദേഹാസ്വാസ്ഥ്യം കാരണം വിമാനം പറത്താൻ സാധിക്കുന്നില്ലെന്ന് എയർ കൺട്രോൾ വിഭാഗം പറയുന്നത് കോക്ക്പിറ്റിൽ നിന്ന് ഒരു യാത്രക്കാരൻ കേട്ടു. വലിയ അപകടത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ രക്ഷിക്കാൻ ഇയാൾ തയ്യാറാവുകയായിരുന്നു. തനിക്ക് വിമാനം പറത്തി ഇത് വരെ അനുഭവമൊന്നും തന്നെ ഇല്ലെന്നും നിർദ്ദേശങ്ങൾ തരികയാണെങ്കിൽ അത് പോലെ ചെയ്യാൻ തയ്യാറാണെന്നും ഈ യാത്രക്കാരൻ അറിയിച്ചു. പിന്നീട് ആ യാത്രക്കാരനിൽ വിശ്വസിച്ചാണ് വിമാനം മുന്നോട്ട് നീങ്ങിയത്!

    വിമാനം എവിടെ നിൽക്കുന്നുവെന്ന് അറിയണമെന്നാണ് എയർ ട്രാഫിക് കൺട്രോളർ റോബർട്ട് മോർഗൻ യാത്രക്കാരനോട് ആദ്യം തന്നെ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് യാതൊരു ധാരണയുമില്ലെന്നായിരുന്നു യാത്രികൻെറ മറുപടി. ഫ്ലോറിഡ തീരം തനിക്ക് കാണാൻ സാധിക്കുന്നുണ്ടെന്ന് മാത്രം അയാൾ അറിയിച്ചു. ഇത് കേട്ടതോടെ റോബർട്ട് മോർഗൻ വല്ലാതെ ഭയപ്പെട്ടുവെങ്കിലും പ്രതീക്ഷ കൈവിടാൻ തയ്യാറായില്ല. വളരെ പെട്ടെന്ന് തന്നെ റേഡിയോയിലൂടെ യാത്രക്കാരനെ വിളിച്ച് വിമാനം പറത്തേണ്ടത് എങ്ങനെയാണെന്ന് റോബർട്ട് വിശദീകരിച്ച് കൊടുത്തു. കോക്പിറ്റിൻെറ ലേ ഔട്ട് പ്രിൻ്റ് ചെയ്തെടുത്ത റോബർട്ട് വേണ്ട നിർദ്ദേശങ്ങൾ പുതിയ പൈലറ്റിന് നൽകി.

    വളരെ ശാന്തമായി എയർ കൺട്രോൾ വിഭാഗത്തിൻെറ എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് യാത്രക്കാരൻ വിമാനം പറത്തി. വിമാനത്തിൻെറ ലൊക്കേഷൻ മനസ്സിലാക്കാൻ സാധിച്ചുവെന്നാണ് അയാൾ കരുതിയത്. എന്നാൽ എയർ കൺട്രോൾ വിഭാഗം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് അവിടെയാണ്. പുതിയ പൈലറ്റും കൺട്രോൾ വിഭാഗവും നിരവധി തവണ ആശയവിനിമയം നടത്തിയതിൻെറ ഫലമായി ഒടുവിൽ ഫ്ലോറിഡ നഗരത്തിലെ ബൊക്കാ റോട്ടൺ എന്ന പ്രദേശത്തിന് മുകളിലൂടെയാണ് വിമാനം പറക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.

    ലൊക്കേഷൻ വ്യക്തമായതോടെ റോബർട്ടിന് എളുപ്പത്തിൽ നിർദ്ദേശങ്ങൾ നൽകാൻ സാധിച്ചു. ഇതോടെ യാത്രക്കാരൻ കൂടുതൽ ആത്മവിശ്വാസത്തോടെ വിമാനം പറത്തുകയും ഒടുവിൽ സുരക്ഷിതമായി ലാൻറ് ചെയ്യുകയും ചെയ്തു. നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ച യാത്രക്കാരൻ തുടർന്ന് അഭിനന്ദന പ്രവാഹമാണ് ഏറ്റുവാങ്ങിയത്. വിമാനത്തിൻെറ പൈലറ്റ് ജസ്റ്റിൻ ഡാൽമോളിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം പറത്തി ഒരു പരിചയവും ഇല്ലാത്ത ഒരാൾ സുരക്ഷിതമായി ലാൻറ് ചെയ്യുന്നത് ആദ്യമായിട്ടാവുമെന്ന് ഏവിയേഷൻ വിദഗ്ദനായ ജോൺ നാൻസ് പറഞ്ഞു.
    Published by:Jayashankar Av
    First published: