മാഞ്ചസ്റ്ററിൽ (Manchester) നിന്ന് ആംസ്റ്റർഡാമിലേക്ക് (Amsterdam) സഞ്ചരിക്കുകയായിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കൂട്ടയടി. സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് പ്രതീക്ഷിച്ച് വിമാനത്തിൽ കയറിയ യാത്രക്കാർക്ക് ഇത് വല്ലാത്ത അനുഭവമായി മാറി. വിമാനത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ലെങ്കിലും യാത്രക്കാരിലൊരാൾക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഒരാളെ നിരവധി ആളുകൾ ചേർന്ന് കൂട്ടത്തോടെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നെതർലൻറ്സിൻെറ തലസ്ഥാനമായ ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ മെയ് 5 വ്യാഴാഴ്ച എത്തിയ കെഎൽഎം വിമാനത്തിലായിരുന്നു സംഭവമുണ്ടായത്.
വിമാനത്തിനുള്ളിൽ നിന്ന് വീഡിയോ എടുത്ത ഒരു ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റ് ചെയ്തു. "നല്ല രീതിയിൽ പെരുമാറുക. ഇതൊരു വിമാനമാണ്," ആളെ തല്ലുന്നതിനിടെ ചിലർ പറയുന്നത് വീഡിയോയിൽ കേൾക്കാം. സീറ്റിൽ വെച്ചും പിന്നീട് താഴെയിട്ടുമാണ് ഒരാളെ ക്രൂരമായി മർദ്ദിക്കുന്നത്. ആളുകൾ ഭയന്ന് നിലവിളിക്കുന്നതും തർക്കം അവസാനിപ്പിക്കാൻ അഭ്യർഥിക്കുന്നതുമെല്ലാം വീഡിയോയിൽ കേൾക്കുന്നുണ്ട്. ക്യാബിനിലുള്ള യാത്രികരെല്ലാം ഈ തർക്കം കണ്ട് അന്തം വിട്ട് നിൽക്കുകയാണ് ചെയ്യുന്നത്. വിമാനത്തിലെ ഉദ്യോഗസ്ഥരടക്കം ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.
"ഡാമിലേക്കുള്ള ഏറ്റവും മികച്ച ഫ്ലൈറ്റാണിത്," ഇങ്ങനെയൊരു ക്യാപ്ഷനുമായാണ് ഒരാൾ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. ഷെയർ ചെയ്തതിന് ശേഷം ഇത് വരെ വീഡിയോ ഏകദേശം 20 ലക്ഷം ആളുകൾ കണ്ടിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Nice flight to dam today x pic.twitter.com/4FqulwXN2d
— Maya Wilkinson (@MayaWilkinsonx) May 5, 2022
"വിമാനത്തിലുള്ളവരായാലും പുറത്ത് നിന്ന് കാണുന്നവരായാലും എല്ലാവർക്കും ഇത് വല്ലാതെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്," ഒരാൾ കമൻറ് ചെയ്തിട്ടുള്ളത് ഇങ്ങനെയാണ്. "ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്," മറ്റൊരാൾ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിക്കുന്നു.
വംശീയ പരാമർശം നടത്തിയതിനാണ് ഒരു യാത്രികന് മർദ്ദനം ഏൽക്കേണ്ടി വന്നതെന്ന് ഡെയ‍്‍ലി മെയിലിൻെറ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം വിശദീകരിച്ച് കൊണ്ടും നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. "വംശീയ പരാമർശം നടത്തിയതിനാണ് തല്ല് കിട്ടുന്നത്. അയാൾ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്," ഒരാൾ കുറിച്ചു. സമാധാനമാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെങ്കിലും വംശീയത പറഞ്ഞാൽ അതിന് പ്രത്യാഘാതമുണ്ടാവുമെന്നാണ് മറ്റൊരാളുടെ കമൻറ്. ഏത് ആൾക്കൂട്ടത്തിനിടയിൽ വെച്ചും മോശം പരാമർശം നടത്താമെന്നാണ് ചില വംശീയവാദികൾ ഇപ്പോഴും കരുതുന്നതെന്നും മറ്റൊരു ട്വിറ്റർ ഉപഭോക്താവ് വീഡിയോ ഷെയർ ചെയ്ത് കൊണ്ട് പറയുന്നു.
കാരണം എന്ത് തന്നെയായാലും ഒരു വിമാനത്തിനുള്ളിൽ വെച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് ശരിയല്ലെന്ന് വലിയൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. തങ്ങളാണ് പൈലറ്റെങ്കിൽ യാത്രക്കാരെ സീറ്റിലിരുത്താൻ വേണ്ടി കൈവിട്ട് ഫ്ലൈറ്റ് ഓടിക്കുമെന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ആറ് പേർ ചേർന്നാണ് മർദ്ദനം നടത്തിയതെന്ന് വിമാനവുമായി ബന്ധപ്പെട്ട അധികൃതർ മാധ്യമ പ്രവർത്തകരെ അറിയിച്ചു. പ്രശ്നമുണ്ടാക്കിയവരെയെല്ലാം വിമാനത്താവളത്തിന് അകത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aircraft, Viral video