HOME » NEWS » Buzz » PASTRY SHOP PREPARING VACCINE THEMED CAKE TO THWART FEARS AMONG PUBLIC MM

നീല നിറമുള്ള മോഡേണ, പച്ച നിറത്തിൽ ഫൈസർ: കോവിഡ്‌ വാക്സിന്റെ തീമുകളിൽ കേക്കുകൾ അവതരിപ്പിച്ച് പാസ്ട്രി ഷോപ്പ്

കോവിഡ് 19 വാക്സിനുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉടലെടുത്ത ആശങ്കകൾ അകറ്റാൻ കേക്കുകൾ കൊണ്ടൊരു ശ്രമം

News18 Malayalam | news18-malayalam
Updated: April 22, 2021, 11:28 AM IST
നീല നിറമുള്ള മോഡേണ, പച്ച നിറത്തിൽ ഫൈസർ: കോവിഡ്‌ വാക്സിന്റെ തീമുകളിൽ കേക്കുകൾ അവതരിപ്പിച്ച് പാസ്ട്രി ഷോപ്പ്
വാക്സീൻ തീമിലെ കേക്കുകൾ
  • Share this:
വിവിധ കോവിഡ് 19 വാക്സിനുകളുടെ തീമുകളിൽ മധുരമുള്ള മൂസ്
കേക്കുകൾ അവതരിപ്പിക്കുകയാണ് ഒരു ഹംഗേറിയൻ പാസ്ട്രി ഷോപ്പ്. കോവിഡ് 19 വാക്സിനുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകൾ ഉടലെടുത്തിട്ടുണ്ട്. ആ ആശങ്കകൾക്ക് തികച്ചും മധുരതരമായ ഒരു ഒറ്റമൂലിയാണ് വാക്സിൻ തീമുകളിൽ ഉണ്ടാക്കിയ ഈ കേക്കുകൾ.

ബുഡാപെസ്റ്റിന്റെ വടക്കു കിഴക്കൻ ഭാഗത്ത് വെരെസഗ്യഹാസ് എന്ന ചെറുപട്ടണത്തിലാണ് സുൽയാൻ കുടുംബത്തിന്റെ ഈ പാസ്ട്രി ഷോപ്പ്. ചെറിയ ഗ്ലാസുകളിൽ വർണാഭമായ ജെല്ലിടോപ്പിങുകളും മുകളിൽ അലങ്കാരത്തിനായി സിറിഞ്ചുകളുടെ മാതൃകയും ഉൾക്കൊള്ളിച്ചാണ് ഈ മൂസ്കേക്കുകൾ ഉണ്ടാക്കിയിരിക്കുന്നത്. ജെല്ലിയുടെ ഓരോ നിറവും ഓരോ കോവിഡ് വാക്സിനെയാണ് സൂചിപ്പിക്കുന്നത്.

സിട്രസ് മഞ്ഞ നിറം അസ്‌ട്രാസെനെക്ക വാക്സിനേയും അൽപ്പം കടും മഞ്ഞ നിറം സിനോഫാമിനെയും പച്ച നിറം ഫൈസറിനെയും ഓറഞ്ച് നിറം സ്പുട്നിക് വി-യെയും നീല നിറം മോഡേണ വാക്സിനേയുമാണ് സൂചിപ്പിക്കുന്നത്. സിനോഫാമിന് ചെറിയ മധുരവും പുളിയുമാണ് രുചി. അസ്ട്രാസെനെക്കയ്ക്കാവട്ടെ ചെറു നാരങ്ങയുടെ ഫ്ലേവർ ആണ്. ഫൈസർ എന്ന മൂസ്കേക്കിന് ഗ്രീൻ ടീ പൊടിയുടെയും സ്വാദാണ്.

ഹംഗറിയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വാക്സിൻ സ്വീകരിക്കാനായുള്ള രജിസ്ട്രേഷൻ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ വ്യത്യസ്തമായ മധുര പലഹാരങ്ങളുമായി സുൽയാൻ കുടുംബം എത്തിയിരിക്കുന്നത്. വാക്സിനേഷൻ ക്യാമ്പയിനുകൾ തുടങ്ങിയതോടൊപ്പം ജനങ്ങൾക്കിടയിൽ വാക്സിൻ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ചും അതിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ചുമൊക്കെ നിരവധി ആശങ്കകളും ഉടലെടുക്കുന്നുണ്ട്.



ആളുകൾക്ക് തങ്ങളുടെ ഇഷ്ട പ്രകാരം ഏത് വാക്സിൻ വേണമെന്ന് തീരുമാനിക്കാൻ കഴിയില്ല. അവരുടെ കുടുംബ ഡോക്‌ടർമാരുടെ കൈയിൽ ലഭ്യമായ വാക്സിൻ ഏതാണോ അത് സ്വീകരിക്കാനേ കഴിയൂ. തങ്ങളുടേതിന് സമാനമായ വാക്സിൻ സ്വീകരിച്ച മറ്റ് ആളുകളുമായി ബന്ധപ്പെടാൻ ആയിരക്കണക്കിന് ആളുകൾ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ ശ്രമിക്കുകയാണ്.

"ഇവിടെ ആളുകൾക്ക് അവർക്ക് വേണ്ടത് ഏതാണോ അത് തിരഞ്ഞെടുക്കാം. ഒരു രജിസ്ട്രേഷന്റെയും ആവശ്യമില്ല. യാതൊരു പാർശ്വ ഫലങ്ങളും ഇല്ല", സുൽയാൻ പാസ്ട്രി ഷോപ്പിലെ വിൽപ്പനക്കാരൻ കാറ്റലിൻ ബെൻകോ പറഞ്ഞു. തങ്ങളുടെ ഉദ്ദേശം വാക്സിനേഷന് അനുകൂലമോ
പ്രതികൂലമോആയ ക്യാമ്പയിനോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക വാക്സിന് അനുകൂലമോ പ്രതികൂലമോആയ പ്രചാരണമോ ഒന്നുമല്ലെന്നും കാറ്റലിൻ വ്യക്തമാക്കുന്നു.

"മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരും എന്നത് മാത്രമാണ് ഈ മൂസ്കേക്കുകൾ കഴിച്ചാൽ ഉണ്ടാകാവുന്ന പാർശ്വ ഫലം. അതുകൊണ്ട് ആർക്കും ഇത് കഴിച്ചു നോക്കാവുന്നതാണ്", മൂസ്കേക്കിന്മുകളിൽ ഓറഞ്ച് ജെല്ലി ക്രമീകരിക്കുന്നതിനിടെ അവർ കൂട്ടിച്ചേർത്തു. തൽക്കാലം കോവിഡിനെക്കുറിച്ചും വാക്സിനുകളെക്കുറിച്ചുമുള്ള ആശങ്കകളൊക്കെ മാറ്റിവെച്ച് സ്വാദുള്ള ഈ മൂസ്കേക്കുകൾ കഴിക്കാൻ നിരവധി പേരാണ് ഈ പാസ്ട്രി ഷോപ്പിലേക്കെത്തുന്നത്.

Keywords: Hungary, Pastry Shop, Covid Vaccine, Mousse Cakes
ഹംഗറി, പാസ്ട്രി ഷോപ്പ്, കോവിഡ് വാക്സിൻ, മൂസ്കേക്ക്
Published by: user_57
First published: April 22, 2021, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories