കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിനെടുക്കാനെത്തിയവർ അക്രമാസക്തരായി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഒരു വാക്സിനേഷൻ കേന്ദ്രത്തിലാണ് സംഭവം. വാക്സിനെടുക്കാൻ കാത്തു നിന്ന് ക്ഷമ നശിച്ചയാളുകളാണ് ബാരിക്കേഡുകൾ തകർത്ത് വാക്സിൻ കേന്ദ്രത്തിനുള്ളിലേയ്ക്ക് ഇടിച്ച് കയറാൻ ശ്രമിച്ചത്. വാക്സിൻ സ്വീകരിക്കാനായി രാവിലെ മുതൽ കേന്ദ്രത്തിൽ എത്തിയ ആളുകൾ വാക്സിൻ കിട്ടാതെ വന്നതോടെ അധികൃതരെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വാക്സിൻ ഡോസുകളുടെ ക്രമരഹിതമായ വിതരണം കോവിഡ് 19നെതിരെയുള്ള രാജ്യത്തെ വാക്സിൻ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
“ഞങ്ങൾ രാവിലെ മുതൽ വാക്സിനെടുക്കാനായി കാത്തിരിക്കുകയാണ്. ആന്ധ്രയിൽ നിന്നുള്ള ആളുകളും ഈ കേന്ദ്രത്തിൽ എത്തുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ക്രമീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു ”ഒരു പ്രദേശവാസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വാക്‌സിൻ ക്ഷാമം നേരിടുന്നതിനെ തുടർന്ന് അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരും വാക്സിൻ സ്വീകരിക്കാൻ ഒഡീഷയിലെത്തുന്നുണ്ട്. രാവിലെ മുതൽ ആളുകൾ കേന്ദ്രത്തിലെത്താൻ തുടങ്ങിയിരുന്നു. എന്നാൽ കുത്തിവയ്പ് ലഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടതോടെ ആളുകളിൽ പലരും അസ്വസ്ഥരായി.
കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് നാട്ടുകാർ ബാരിക്കേഡുകൾക്ക് പുറത്ത് തടിച്ചുകൂടി. താമസിയാതെ അവരിൽ ചിലർ അക്രമാസക്തരായി ബാരിക്കേഡുകൾ തകർത്ത് കേന്ദ്രത്തിലേയ്ക്ക് ഇടിച്ചു കയറാനും ശ്രമിച്ചു.
#WATCH | People in long queues lose calm, break barricacdes outside a vaccination centre in Ganjam, Odisha. "We've been here since morning. It's crowded, people from Andhra Pradesh also coming here; request govt to arrange more vaccination centres," said Sudhanshu (08.07) pic.twitter.com/2uj8kGUGFy
— ANI (@ANI) July 9, 2021
വാക്സിന്റെ കുറവ് വിതരണ കേന്ദ്രത്തിൽ ഉള്ളതായി മെഡിക്കൽ ഓഫീസർ ആദിത്യ പ്രസാദ് സാഹു സമ്മതിച്ചു. ഡോസുകൾ വേണ്ടത്ര വിതരണം ചെയ്യാത്തതിനാലാണ് ആളുകൾ അക്രമാസക്തരാകുന്നത്. വാക്സിനെടുക്കാനായി ആന്ധ്രയിൽ നിന്നുള്ളവരും ഗഞ്ചാമിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ചും സാഹു എടുത്തുപറഞ്ഞു.
ബുധനാഴ്ച, മധ്യപ്രദേശിലെ ഗ്വാളിയറിലും ആളുകൾ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കേന്ദ്രത്തിന് പുറത്ത് പൊരിവെയിലിൽ ആളുകൾ മണിക്കൂറുകളോളം കാത്തിരുന്നതിനെ തുടർന്നാണ് വാക്സിൻ കേന്ദ്രത്തിൽ ആളുകൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്. കുറഞ്ഞ വേഗതയിലുള്ള വാക്സിനേഷൻ ആളുകളെ അക്ഷമരാക്കിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്സിനുകളുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ജൂലൈ എട്ടുവരെ ഒഡീഷ 1.32 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1.06 കോടി ആളുകൾ ആദ്യ ഡോസ് എടുത്തപ്പോൾ 26.52 ലക്ഷം പേർ കോവിഡ് 19നെതിരെ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തി. ജൂലൈ എട്ടിന് സംസ്ഥാനത്ത് 1.44 ലക്ഷം ഡോസുകൾ വിതരണം ചെയ്തതായാണ് വിവരം.
രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മുതൽ 44 വയസ് വരെയുള്ളവർക്ക് 11.18 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ബീഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 18-44 പ്രായപരിധിയിൽപ്പെട്ടവർക്ക് 50 ലക്ഷത്തിലധികം വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 Vaccine India, Covid vaccine, Odisha