HOME » NEWS » Buzz » PERUVIAN INDIGENOUS GROUPS TAKE TECH ROUTE TO CONTROL DEFORESTATION MM

ആമസോൺ വനനശീകരണം; തടയാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി പെറുവിലെ തദ്ദേശീയർ

റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും സാറ്റലൈറ്റ് അധിഷ്ഠിതമായ അലർട്ടുകളും ഉപയോഗിച്ച് ആമസോൺ വനാന്തരങ്ങളിൽ വനനശീകരണം കൃത്യമായി കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും സഹായിക്കുകയാണ് പെറുവിലെ തദ്ദേശീയ ജനവിഭാഗങ്ങൾ

News18 Malayalam | news18-malayalam
Updated: July 14, 2021, 12:45 PM IST
ആമസോൺ വനനശീകരണം; തടയാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി പെറുവിലെ തദ്ദേശീയർ
ആമസോണിലെ വനനശീകരണം
  • Share this:
റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും സാറ്റലൈറ്റ് അധിഷ്ഠിതമായ അലർട്ടുകളും ഉപയോഗിച്ച് ആമസോൺ വനാന്തരങ്ങളിൽ വനനശീകരണം കൃത്യമായി കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും സഹായിക്കുകയാണ് പെറുവിലെ തദ്ദേശീയ ജനവിഭാഗങ്ങൾ. 2018-ൽ ആരംഭിച്ച ഒരു പദ്ധതിയുടെ ഭാഗമായി പെറുവിന്റെ വടക്കൻ അതിർത്തി പ്രദേശമായ ലൊറേറ്റോവിലെ നാൽപ്പതോളം തദ്ദേശീയ സമുദായങ്ങൾക്കാണ് സാറ്റലൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനനശീകരണം സംബന്ധിച്ച അലർട്ടുകൾ ലഭിക്കുന്ന സ്മാർട്ട്ഫോൺ മാപ്പിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയത്.

മാർച്ച് 2018 മുതൽ ഫെബ്രുവരി 2020 വരെ ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ പദ്ധതിയുടെ ഭാഗമാകാത്ത ജനവിഭാഗങ്ങളെ അപേക്ഷിച്ച് ആദ്യവർഷം മേൽസൂചിപ്പിച്ച ജനവിഭാഗങ്ങൾക്കിടയിൽ വനനഷ്ടത്തിൽ 8.4 ഹെക്റ്ററിന്റെ (21 ഏക്കർ) കുറവ് ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. പ്രസ്തുത പദ്ധതിയുടെ രണ്ടാം വർഷത്തിൽ വനനശീകരണം 3.3 ഹെക്റ്റർ (8 ഏക്കർ) കൂടി കുറഞ്ഞതായി പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.



"ഈ പഠനഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്, ആമസോണിലുടനീളം തദ്ദേശീയ ജനവിഭാഗങ്ങളുടെ സഹകരണത്തോടെ സമാനമായ സാമുദായികാധിഷ്ഠിത പദ്ധതികൾ നടപ്പിൽ വരുത്തുന്നത് വ്യാപകമായ രീതിയിൽ സുസ്ഥിരമായ വനപരിപാലനം ഉറപ്പു വരുത്താൻ സഹായിക്കും എന്നാണ്", പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ജേക്കബ് കോപാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അനധികൃതമായ സ്വർണ്ണഖനനവും മരം മുറിക്കലും കൊക്കെയ്‌ന്റെ അസംസ്കൃത ഘടകമായ കൊക്ക വിളകൾ കൃഷി ചെയ്യാൻ നൽകുന്ന അനുമതിയുമാണ് പെറുവിലെ ആമസോൺ മഴക്കാടുകളുടെ നശീകരണത്തിന് പ്രധാനമായും കാരണമാകുന്നത്. പെറുവുമായി ലൊറേറ്റോ അതിർത്തി പങ്കിടുന്ന കൊളംബിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്നത് പെറുവാണ്.

"മയക്കുമരുന്ന് കള്ളക്കടത്ത് ഈ വനമേഖലയെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്", ഈ പദ്ധതിയിൽ പങ്കാളികളായ ടിക്കുന എന്ന തദ്ദേശീയ ജനവിഭാഗത്തിന്റെ നേതാവായ ഫ്രാൻസിസ്‌കോ ഹെർണാണ്ടസ് പറയുന്നു. "വനനശീകരണം സംഭവിക്കുന്ന പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാൻ സാങ്കേതികവിദ്യ ഞങ്ങളെ വളരെയധികം സഹായിച്ചു. അനധികൃത പ്രവർത്തനം നടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞാൽ ഞങ്ങൾ ആ വിവരം അധികൃതർക്ക് കൈമാറും", അദ്ദേഹം കൂട്ടിച്ചേർത്തു.

മാസത്തിൽ ഒരിക്കൽ, സംഭവിക്കാൻ സാധ്യതയുള്ള വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ യു എസ് ബി ഡ്രൈവുകളിൽ ഈ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് എത്തിച്ചു നൽകുന്നു. ഈ വിവരങ്ങൾ അതാത് സമുദായങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിൽ ഡൗൺലോഡ് ചെയ്യുകയും പതിവ് പ്രതിമാസ പട്രോളിങിന്റെ ഭാഗമായി ആ വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുന്നു.

വനനശീകരണ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ അവർ പോലീസിനും വേണ്ടപ്പെട്ട അധികൃതർക്കും അറിയിപ്പുകൾ നൽകുന്നു. അതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടപടികൾ കൈക്കൊള്ളുന്നു. ഈ വിധത്തിലാണ് തദ്ദേശീയരുടെ സഹായത്തോടെ വനനശീകരണം പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നത്.

Summary: Members of nearly 40 indigenous communities in Peru's northern region of Loreto were trained to use smartphone mapping apps that receive early deforestation alerts
Published by: user_57
First published: July 14, 2021, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories