നായ്ക്കൾ 'മനുഷ്യന്റെ ഉറ്റ ചങ്ങാതി' എന്ന പ്രയോഗം അർത്ഥവത്താക്കുന്നതാണ് കഴിഞ്ഞ ദിവസം യുണൈറ്റഡ് സ്റ്റേറ്റ്സിലെ (US) അയോവയിൽ നടന്ന ഒരു സംഭവം. ഗുരുതരമായ കാർബൺ മോണോക്സൈഡ് (Carbon Monoxide) വിഷബാധയിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ചത് അവരുടെ വളർത്തുനായയായ (Pet Dog) റോക്സി ആണ്.
ബ്രാഡ് ഹെർബർട്ട് തന്റെ കുടുംബത്തോടൊപ്പം അയോവയിലെ അങ്കെനിയിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി, ബ്രാഡിന്റെ വളർത്തുനായ റോക്സി വളരെ അസ്വസ്ഥയാകാൻ തുടങ്ങി. പൊതുവേ, റോക്സി സൗമ്യമായി പെരുമാറുന്ന ഒരു നായയാണ്. എന്നാൽ ആ രാത്രിയിൽ അവൾ വളരെ വ്യത്യസ്തമായ രീതിയിൽ പെരുമാറിയിരുന്നുവെന്ന് ബ്രാഡ് ഓർമ്മിക്കുന്നു. “അവൾ എന്റെ കട്ടിലിൽ നിന്ന് താഴേയ്ക്ക് ചാടും വീണ്ടും കട്ടിലിലേയ്ക്ക് ചാടി കയറുകയും” ചെയ്തിരുന്നു ബ്രാഡ് WOWK-TV-യോട് പറഞ്ഞു. കുറച്ച് സമയം ഇത് കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ഒരു അലാറം അടിക്കുന്നത് ബ്രാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് സ്മോക്ക് അലാറമാണോയെന്നറിയാൻ അദ്ദേഹം കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഹാളിലേയ്ക്ക് നടന്നു. യഥാർത്ഥത്തിൽ വീട്ടിലെ കാർബൺ മോണോക്സൈഡ് ഡിറ്റക്ടറിൽ നിന്നാണ് ആ ബീപ്പ് ശബ്ദം കേട്ടുകൊണ്ടിരുന്നത്. ആ സമയം വീടിനുള്ളിൽ കാർബൺ മോണോക്സൈഡ് നിറഞ്ഞിരുന്നു. "ഡിറ്റക്ടർ നാല് തവണ ബീപ് ശബ്ദം പുറപ്പെടുവിച്ചാൽ മുറിയിൽ കാർബൺ മോണോക്സൈഡ് വ്യാപിച്ചിട്ടുണ്ടെന്നാണ് അർത്ഥമാക്കുന്നത്" ബ്രാഡ് പറയുന്നു.
ബ്രാഡ്, ഒരു നിമിഷം പോലും പാഴാക്കാതെ, അച്ഛനെയും മകനെയും വിവരമറിയിച്ച് റോക്സിയോടൊപ്പം വീടിന് പുറത്തേക്ക് പാഞ്ഞു. തുടർന്ന് അദ്ദേഹം 911 നമ്പറിലേയ്ക്ക് വിളിച്ചു. പിന്നീട് പരിശോധനകൾക്ക് ശേഷം കാർബൺ മോണോക്സൈഡിന്റെ ഉറവിടം കണ്ടെത്തി. ബ്രാഡിന്റെ ഇലക്ട്രിക്, ഗ്യാസ് അടുപ്പിൽ നിന്നാണ് വാതകം ചോർന്നത്. മണമില്ലാത്ത ഈ വാതകം വളരെ മാരകമാണ്.
“ആ രാത്രിയിൽ അവൾ എന്നെ ഉണർത്തുകയും അസാധാരണമായ രീതിയിൽ പെരുമാറുകയും ചെയ്തില്ലായിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. അവളെ ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷവാനാണ് ” സംഭവം വിവരിച്ചു കൊണ്ട് ബ്രാഡ് പറഞ്ഞു.
കാർബൺ മോണോക്സൈഡ് വിഷബാധ വളരെ മാരകമാണ്. ഇത് ശ്വസിച്ചാൽ മരണം വരെ സംഭവിക്കാം. നിറമില്ലാത്തതും മണമില്ലാത്തതുമായ ഈ വാതകം നിങ്ങളുടെ രക്തത്തിൽ കലർന്നാൽ ഓക്സിജനെ മാറ്റിസ്ഥാപിക്കും. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വായുസഞ്ചാരമില്ലാത്ത മുറികളിൽ വാതകം തങ്ങി നിന്ന് അപകട മരണത്തിന് വരെ കാരണമാവുകയും ചെയ്യും. ഈ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല എന്നതാണ് ഇതിനെ മാരകമാക്കുന്നത്.
മനുഷ്യന്റെ ആത്മസുഹൃത്തുക്കൾ എന്നാണ് നായകളെ വിശേഷിപ്പിക്കാറുള്ള. ട്വിറ്ററില്‍ ഒരു ഉപയോക്താവ് അടുത്തിടെ മറ്റൊരു നായയുടെ വീഡിയോ പങ്കുവച്ചിരുന്നു. തന്റെ ‘ആത്മസുഹൃത്തായ’ നായയെ പറ്റിക്കാൻ നീന്തൽക്കുളത്തിൽ മുങ്ങിത്താഴുന്നതായി അഭിനയിക്കുകയാണ് യജമാനന്‍. അദ്ദേഹത്തെ രക്ഷിക്കാന്‍ നീന്തലറിയാത്ത നായ കാണിക്കുന്ന പരാക്രമം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. യജമാനനെ രക്ഷിക്കാൻ നീന്താൻ അറിയാത്ത നായ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.