• HOME
  • »
  • NEWS
  • »
  • buzz
  • »
  • Pet Dog | എന്നെന്നും ഓർമ്മിക്കാൻ.. വളർത്തു നായയ്ക്കായി 82കാരൻ ക്ഷേത്രം പണിതു

Pet Dog | എന്നെന്നും ഓർമ്മിക്കാൻ.. വളർത്തു നായയ്ക്കായി 82കാരൻ ക്ഷേത്രം പണിതു

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഈ നായ മുത്തുവിന്റെ ജീവിത്തിലെ കടന്നുവന്നത് അകസ്മികമായിട്ടായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
പണ്ട് കാലം മുതല്‍ നായ്ക്കളെ (Dogs) മനുഷ്യരുടെ ഉറ്റ ചങ്ങാതിയായാണ് കണക്കാക്കുന്നത്. അത് എന്തുതന്നെയായാലും, മനുഷ്യരോട് നായ്ക്കളോളം വിശ്വസ്തതയും പ്രതിബദ്ധതയും പുലർത്തുന്ന മറ്റൊരു ജീവിവര്‍ഗ്ഗം ഭൂലോകത്ത് ഇല്ലെന്ന് തന്നെ പറയാം. മനുഷ്യര്‍ പലപ്പോഴും നായ്ക്കളോട് നന്ദിക്കേട് കാട്ടിയാലും അവ തിരിച്ച് ചതിച്ച കഥകള്‍ കേട്ടിട്ടില്ല. ഇപ്പോള്‍ തമിഴ്‌നാട് സ്വദേശിയായ ഒരു വയോധികൻ തന്റെ ഉറ്റസുഹൃത്തായിരുന്ന നായയ്ക്ക് വേണ്ടി ഒരു ക്ഷേത്രം (Temple) തന്നെ പണിതീര്‍ത്തിരിക്കുകയാണ്. അത്ഭുതം തോന്നുന്നുണ്ടോ? സംഭവം സത്യമാണ്. ആ ക്ഷേത്രത്തിനും അവിടുത്തെ വിഗ്രഹത്തിനുമായി ലക്ഷണകണക്കിന് രൂപയാണ് അദ്ദേഹം ചെലവഴിച്ചിരിക്കുന്നത്.

മാനാമധുര സ്വദേശിയായ മുത്തു ഒരു വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനാണ്. ഇദ്ദേഹമാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്ന് കരുതി നായയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 82-കാരനായ ഇദ്ദേഹം തന്റെ സ്വന്തം തോട്ടത്തിലാണ് ചത്തുപോയ തന്റെ വളര്‍ത്തുനായ ടോമിനായി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രം താനും ടോമുമായുള്ള ബന്ധം ശാശ്വതമാക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഈ നായ മുത്തുവിന്റെ ജീവിത്തിലെ കടന്നുവന്നത് അകസ്മികമായിട്ടായിരുന്നു. ഇത് സംബന്ധിച്ച് മുത്തുവിന്റെ അനന്തരവന്‍ ജി മനോജ് കുമാര്‍ (32) പറയുന്നത് ഇങ്ങനെയാണ്, 11 വര്‍ഷം മുമ്പ് തന്റെ സഹോദരന്‍ അരുണ്‍കുമാറാണ് ടോമിനെ വാങ്ങിയത്. എന്നാല്‍, ആറുമാസത്തിനപ്പുറം നായയെ പരിപാലിക്കാന്‍ അരുണ്‍ കുമാറിന് കഴിയാതെ വന്നതോടെ മുത്തു അവനെ പരിപാലിക്കാന്‍ സന്നദ്ധത അറിയിച്ചു. അന്നുമുതല്‍, 2021 ജനുവരിയില്‍ മരിക്കുന്നതുവരെ ടോം മുത്തുവിനൊപ്പം ഉണ്ടായിരുന്നു.

''എന്റെ അമ്മാവന്‍ 10 വര്‍ഷത്തിലേറെയായി ടോമിനെ പരിപാലിക്കുന്നു. ടോമിൽ അദ്ദേഹം അര്‍പ്പിച്ച വിശ്വാസം അതേ വിശ്വസ്തതയോടെ അവൻ അദ്ദേഹത്തിന് തിരികെ നല്‍കി. ടോം തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും ആരും ടോമിനോട് പക്ഷാപാതം കാണിക്കരുതെന്നും മുത്തു പലതവണ പറഞ്ഞിരുന്നുവെന്നും'' മനോജ് കുമാര്‍ പറഞ്ഞു.

Also Read- Pet Dog | വളര്‍ത്തുനായയ്ക്ക് പേരിട്ടു 'കോവിഡ്'; യുവതിക്ക് സോഷ്യല്‍ മീഡിയയിൽ ട്രോൾ

അടുത്തിടെ വളരെ പെട്ടെന്നാണ് ടോമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് ചികിത്സയോട് പ്രതികരിക്കാതെ ടോം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുത്തു തന്റെ വിശ്വസ്തനായ സുഹൃത്തിന് വേണ്ടി ക്ഷേത്രം പണിയാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ടോമിന്റെ മാര്‍ബിള്‍ പ്രതിമയ്ക്ക് മാത്രം 80,000 രൂപ അദ്ദേഹം ചെലവഴിച്ചു. മുത്തുവിന്റെ ബന്ധുക്കള്‍ എടുത്ത ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് ശില്പികള്‍ ഈ പ്രതിമ നിര്‍മ്മിച്ചത്.

ഈ വര്‍ഷം ജനുവരി അവസാനം പ്രതിമ സ്ഥാപിക്കുകയും ചെയ്തു. മാനാമധുരയ്ക്കടുത്തുള്ള ബ്രാമണകുറിച്ചിയിലെ കൃഷിഭൂമിയിലാണ് ടോമിനായി ഒരു ചെറിയ ക്ഷേത്രം പണിതീര്‍ത്തിരിക്കുന്നത്. ഇവിടെ പ്രതിമയ്ക്ക് മുന്നില്‍ ഭക്ഷണം സമര്‍പ്പിക്കാറുണ്ടെന്നും എല്ലാ വെള്ളിയാഴ്ചകളിലും മറ്റ് നല്ല ദിവസങ്ങളിലും പ്രതിമയില്‍ മാലയിടാറുണ്ടെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
Published by:Anuraj GR
First published: