• HOME
  • »
  • NEWS
  • »
  • buzz
  • »
  • Tokyo Olympics 2020 | ലോവ്‌ലിന ബോക്സിങ്ങിൽ വെങ്കലം നേടി; പോസ്റ്ററിൽ ആസാം മുഖ്യമന്ത്രി; പരിഹാസവുമായി സോഷ്യൽ മീഡിയ

Tokyo Olympics 2020 | ലോവ്‌ലിന ബോക്സിങ്ങിൽ വെങ്കലം നേടി; പോസ്റ്ററിൽ ആസാം മുഖ്യമന്ത്രി; പരിഹാസവുമായി സോഷ്യൽ മീഡിയ

ലോവ്‌ലിന ബോര്‍ഗോഹെയ്നെ അഭിനന്ദിച്ചുകൊണ്ടുള്ള ഈ പോസ്റ്ററില്‍ ലോവ്ലിനയുടെ ചിത്രത്തിനു പകരം ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സംസ്ഥാന കായിക മന്ത്രി ബിമല്‍ ബോറയുടെയും ഫോട്ടോകളാണ് നല്‍കിയിരുന്നത്.

News18

News18

  • Share this:
    ടോക്യോ ഒളിമ്പിക്‌സ് 2020ല്‍ ഇന്ത്യന്‍ ബോക്‌സിംഗ് താരം ലോവ്ലിന ബോര്‍ഗോഹെയ്ന്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണ് ലോവ്ലിനയുടേത്. ഒളിമ്പിക്‌സ് കായിക മാമാങ്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ലോവ്ലിന കായിക ചരിത്രത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. എന്നാല്‍ ലോവ്ലിനയെ അഭിനന്ദിക്കുന്ന ചില പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിമാറിയിരിക്കുന്നത്.

    ബയോകോണ്‍ കമ്പനിയുടെ മേധാവി കിരണ്‍ മസുംദാര്‍ ഷാ പോസ്റ്ററിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുകയും പരിഹസിക്കുകയും ചെയ്തതോടെ അഭിനന്ദന പോസ്റ്റര്‍ വീണ്ടും വൈറലായി മാറി. ടോക്യോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് ലോവ്‌ലിന ബോര്‍ഗോഹെയ്നെ അഭിനന്ദിച്ചുകൊണ്ടുള്ള ഈ പോസ്റ്ററില്‍ ലോവ്ലിനയുടെ ചിത്രത്തിനു പകരം ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സംസ്ഥാന കായിക മന്ത്രി ബിമല്‍ ബോറയുടെയും ഫോട്ടോകളാണ് നല്‍കിയിരുന്നത്.

    രണ്ട് പോസ്റ്ററുകളിലും ലോവ്‌ലിനയെ എവിടെയും കാണാനില്ല. 'ഇന്ത്യന്‍ ബോക്‌സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ ഇന്ത്യയ്ക്കായി ഒരു ഒളിമ്പിക് മെഡല്‍ ഉറപ്പുവരുത്തി സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു, ഏതു മെഡലെന്നു മാത്രമാണ് ഇനി അറിയാനുള്ളത്' എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ കുറിപ്പ്.



    കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി പേരാണ് ട്വിറ്ററില്‍ ഈ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇവയിലൊന്നും തന്റെ കഠിനാധ്വാനവും കഴിവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ബോക്സറുടെ ചിത്രങ്ങളില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

    എന്നാല്‍ ഈ പോസ്റ്ററുകള്‍ പുതിയതല്ലെന്നും ഇവ നീക്കം ചെയ്തിട്ടുണ്ടെന്നും ചിലര്‍ അറിയിച്ചു. ബുധനാഴ്ച നടന്ന സെമിയില്‍, തുര്‍ക്കിയിലെ ബുസെനാസ് സുര്‍മേനേലിയോട് പരാജയപ്പെട്ട ലോവ്‌ലിന വെങ്കല മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ലോവ്‌ലിനയുടെ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ തന്റെ സന്തോഷം പങ്കുവച്ചിരുന്നു.മുന്‍ ലോക ചാമ്പ്യനായ തായ്വാനിലെ നിയന്‍-ചിന്‍ ചെന്നിനെ സെമിയില്‍ പരാജയപ്പെടുത്തിയ ഈ 23-കാരി ടോക്യോ ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയ്ക്കായി തന്റെ ആദ്യ ബോക്‌സിംഗ് മെഡലാണ് നേടിയിരിക്കുന്നത്.

    2012 ല്‍ അസമിലെ ഗോലഘട്ട് ജില്ലയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യില്‍ നിന്നുള്ള ഒരു ബോക്‌സിംഗ് പരിശീലകനാണ് ലോവ്ലിന ബോര്‍ഗോഹെയ്ന്‍ എന്ന 14 വയസ്സുകാരിയിലെ പ്രതിഭയെ കണ്ടെത്തിയത്. ഗോര്‍ഘട്ടിലെ ബരോമുഖിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു ഇടത്തരം കുടുംബത്തിലെ മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായ ബോര്‍ഗോഹെയ്ന്‍, തുടര്‍ന്ന് ഗുവാഹത്തിയിലെ സായിയില്‍ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ടോക്യോയില്‍ ബോക്‌സിങ്ങിലൂടെ മറ്റൊരു മെഡല്‍ കൂടി ഇന്ത്യക്ക് സമ്മാനിച്ച താരത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
    Published by:Sarath Mohanan
    First published: