സെപ്റ്റംബർ 29നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നുള്ള 19കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. രണ്ടാഴ്ച മുൻപേ കൂട്ടബലാത്സംഗത്തിനും ക്രൂരമർദനത്തിനും ഇരയായാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെയാണ് ഹത്രാസ് പെൺകുട്ടിയുടേതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിച്ചത്. എന്നാൽ ഈ ചിത്രം രണ്ടു വർഷം മുമ്പ് ചണ്ഡീഗഡിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് മഥുര സ്വദേശിയായ യുവതിയുടേതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹത്രാസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെൺകുട്ടി എന്ന തരത്തിൽ പഴയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഉന്നതരായ വ്യക്തികൾ വരെ ഈ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ, ചിത്രത്തിലുള്ള പെൺകുട്ടി ഹത്രാസിലെ പെൺകുട്ടിയുടേതല്ലെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടു വർഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്നാണ് പിതാവ് മോഹൻലാൽ യാദവ് പറയുന്നത്. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ചണ്ഡീഗഡ് എസ്.എസ്.പിയ്ക്ക് പരാതി നൽകി.
Also Read-Hathras Rape | പെൺകുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സർക്കാർ; നീതി തേടി സോണിയ ഗാന്ധി
മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അസുഖബാധിതയായ പെൺകുട്ടി 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ട ഈ പെൺകുട്ടിയ്ക്ക് വേണ്ടി വലിയ പ്രതിഷേധ ക്യാംപയിനുകൾ അന്ന് നടന്നിരുന്നുവെന്ന് വിപിൻ യാദവ് എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടി തന്റെ സുഹൃത്തായ അജയ്‌യുടെ സഹോദരിയാണെന്നും കുറിച്ചിട്ടുണ്ട്. അജയ്‌യുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പെൺകുട്ടിയുമായുള്ള ചിത്രങ്ങളും സംസ്കാര ചടങ്ങിന്റെ ചിത്രങ്ങളുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gang rape, Gang rape case, Rape Victim