തിരുവനന്തപുരം: കേന്ദ്ര ഉത്തേജക പാക്കേജിൽ ആരോഗ്യമേഖലക്കുള്ള പദ്ധതികൾ നിരാശാജനകമെന്നും കൂടുതൽ തുക അനുവദിക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.ബി. ഇക്ബാൽ. പൊതുമേഖല മരുന്നു കമ്പനികളുടെ പുനരുജ്ജീവനത്തിനായി ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. ആകെ കൂടി 11 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ വാങ്ങാനായി മാറ്റി വച്ചിരിക്കുന്നു. ഈ മരുന്ന് ഉല്പാദിപ്പിക്കുന്നതാവട്ടെ സ്വകാര്യ കമ്പനികളാണെന്നും ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്
1. കേന്ദ്രസർക്കാർ ഇപ്പോൾ ദേശീയ വരുമാനന്റെ കേവലം 1.1% മാത്രമാണ് ആരോഗ്യമേഖലക്കായി ചെലവിടുന്നത്. കേന്ദ്ര ആരോഗ്യ നയപ്രകാരം 3 ശതമാനം ആരോഗ്യമേഖലക്ക് നീക്കി വക്കേണ്ടതാണ്. ദേശീയ വരുമാനത്തിന്റെ 110 ശതമാനമായ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിൽ ഒരു ശതമാനം ആരോഗ്യമേഖലക്ക് വകയിരുത്തിരുന്നെങ്കിൽ 2 ലക്ഷം കോടി വരുമായിരുന്നു. എന്നാൽ അനുവദിച്ചതോ കേവലം 15,000 കോടി മാത്രം
2. കോവിഡ് ചികിത്സക്കും പ്രതിരോധത്തിനും ദേശീയ തലത്തിൽ മരുന്നുകളും വാക്സിനും ഉല്പാദിപ്പേണ്ടതായിട്ടുണ്ട്. എന്നാൽ തികച്ചും അവഗണിക്കപ്പെട്ട് നിർജ്ജീവാവസ്ഥയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് വാക്സിൻ ഫാക്ടറികളുടെയോ ഐ ഡി പി എൽ, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്ക് എന്നീ പൊതുമേഖല മരുന്നു കമ്പനികളുടെയോ പുനരുജ്ജീവനത്തിനായി ഫണ്ടൊന്നും അനുവദിച്ചിട്ടില്ല, ആകെ കൂടി 11 കോടി ഹൈഡ്രോക്സി ക്ലോറോക്വിൻ വാങ്ങാനായി മാറ്റി വച്ചിരിക്കുന്നു. ഈ മരുന്ന് ഉല്പാദിപ്പിക്കുന്നതാവട്ടെ സ്വകാര്യ കമ്പനികളും.
3.തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമൂലമാണ് കേരളത്തിനും മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്കും കോവിഡ് നിയന്ത്രണം സാധ്യമായത്. ജി എസ് ടി മൂലം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടുകൾ കോവിഡ് പ്രതിരോധത്തിനായി ചെലവിടേണ്ടിവരുന്നു. ഇതെല്ലാം പരിഗണിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയർന്ന് വന്നിരുന്നത് പരിഗണിച്ചിട്ടേയില്ല.
4. ആരോഗ്യ ഗവേഷണത്തിന് ഐസിഎംആറിനെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറയുന്നു. കോവിഡ് കാലത്ത് ഗവേഷണത്തിനും സാങ്കേതിക വിദ്യാ അനുമതിക്കും മറ്റുമായി ഐ സി എം ആറിനെ സമീപിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും തിക്തമായ അനുഭവമാണുള്ളത്. തീരുമാനമെടുക്കുന്നതിലുള്ള കാലതാമസവും ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനങ്ങളും മൂലം കോവിഡ് നിയന്ത്രണ യജ്ഞങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സ്ഥാപനമായി ഐ സി എം ആർ മാറിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾക്കുള്ള ഗവേഷണ ഫണ്ട് വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടത്. നിരവധി ആരോഗ്യ ഉല്പന്നങ്ങൾ കോവിഡാവശ്യങ്ങൾക്കായി പ്രത്യേകിച്ചും വികസിപ്പിച്ചെടുത്തിട്ടുള്ള കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ശ്രീ ചിത്ര ഇൻസ്റ്റിസ്റ്റ്യൂട്ടിന് അവശ്യമായ ഫണ്ടില്ലാത്തത്കൊണ്ട് ചികിത്സാ ഫീസ് വർധിപ്പിക്കേണ്ടി വന്നിരുന്നത് വിവാദമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കുള്ള ഫണ്ടിങ്ങ് വർധിപ്പിക്കാൻ യാതൊരു താത്പര്യവും കേന്ദ്രസർക്കാർ കാട്ടിയിട്ടില്ല.
TRENDING:സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും
[NEWS]Work from Home | വീട്ടിലിരുന്ന് ജോലി: വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [PHOTOS]എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നീട്ടി [NEWS]
5. ബ്ലോക്ക് തലത്തിൽ പബ്ലിക്ക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കുമെന്ന് പാക്കേജിൽ പറയുന്നുണ്ട്. എന്നാൽ എന്തെല്ലാം സേവനങ്ങളാണ് പബ്ലിക്ക് ഹെൽത്ത് ലാബുകളിൽ വേണ്ടതെന്ന് നിശ്ചയിച്ച് അതിനാവശ്യമായ ഫണ്ട് നൽകിയില്ലെങ്കിൽ താണ നിലവാരത്തിലുള്ള പരിശോധന കേന്ദ്രങ്ങളായി അവ മാറാൻ സാധ്യതയുണ്ട്. പി സി ആർ ടെസ്റ്റടക്കം ചെയ്യുന്ന തിരുവനന്തപുരത്തെ പബ്ലിക്ക് ഹെൽത്ത് ലാബിന്റെ മാതൃകയിലുള്ള ലാബുകൾ സ്ഥാപിക്കാൻ ശ്രമിക്കേണ്ടതാണ്.
6. ജില്ലാ തല ആശുപത്രികളിൽ പകർച്ചവ്യാധി വാർഡുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരിക്കുന്നു. പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ വിപുലമായ സജ്ജീകരണങ്ങളാണ് സംഘടിപ്പിക്കേണ്ടതാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺ ട്രോൾ ആന്റ് പ്രിവൻഷന്റെ നിലവാരത്തിലേക്ക് ഉയർത്തേണ്ടതാണ് എല്ലാ സംസ്ഥാനങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫക്ഷ്യസ് ഡിസീസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കേണ്ടതാണ്.
7.ആരോഗ്യപ്രവർത്തകർക്കായി ആരംഭിക്കാൻ പോകുന്ന 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസിന്റെ പരിധിയിൽ ആശവർക്കർമാർ വരെയുള്ളവരെ ഉൾപ്പെടുത്തേണ്ടതാണ്.
8. പാക്കേജിൽ പ്രഖ്യാപിച്ചിട്ടുള്ള ഇ സജ്ജീവിനി ടെലി കൗൺസിലിംഗ്, വെർച്വൽ ലേണിംഗ് മോഡ്യൂൾ എന്നീ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഹൈ ബാൻഡ് വിഡ്ത്ത് കണക്ടിവിറ്റി, ഐ ഫൈ, അടിസ്ഥാൻ സൌകര്യങ്ങൾ എന്നിവ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മൂതൽ ത്രിതല കേന്ദ്രങ്ങൾ വരെ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് നീക്കിവക്കണം.
9. പ്രഖ്യാപിത നാഷണൽ ഡിജിറ്റൽ ഹെൽത്ത് ബ്ലൂ പ്രിന്റ് നടപ്പിലാക്കുമ്പോൾ ആരോഗ്യ സേതുവിന്റെ കാര്യത്തിലും മറ്റും സംഭവിച്ചിട്ടുള്ള സ്വകാര്യതാ സംരക്ഷണ വിവാദം ഒഴിവാക്കുന്നതിനായി സംസ്ഥാനങ്ങളുമായും ആരോഗ്യ വിദഗ്ധരും പ്രവർത്തകരുമായും ചർച്ചചെയ്യണം.
10. എപ്പിഡമിക്ക് ഡിസീസ് ആക്ട് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കി പരിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വാഗ്ധാനം ചെയ്തിരിക്കുന്നു. ജില്ലാതല ഉദ്യോഗസ്ഥന്മാർക്ക് അമിതാധികാരം നൽകുന്ന മനുഷ്യാവകാശങ്ങൾ തോന്നിയത് പോലെ ലംഘിക്കാൻ അനുവാദം നൽകുന്ന 1897 ലെ ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കിയ ആക്ടിൽ നേരിയ മാറ്റങ്ങൾ വരുത്തിയ നിയമങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. പുതിയ നിയമം ജനാധിപത്യ മനുഷ്യാവകാശ മൂല്യങ്ങൾ ഉൾക്കൊണ്ട് സംസ്ഥാനങ്ങളൂമായി കൂടി ചർച്ചചെയ്ത് തയ്യാറാക്കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dr b ekbal, FM Nirmala sitharaman speech, Health sector, Stimulus Package