ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി ഉയർത്തി കൊറോണ വ്യാപിക്കുകയാണ്. ആഗോളതലത്തിൽ ഒരുലക്ഷത്തിലധികം പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ 114 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേർ നിരീക്ഷണത്തിലുമാണ്,
വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസ് എങ്ങനെ പ്രതിരോധിക്കാമെന്ന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വൈറസ് പ്രതിരോധിക്കാനുള്ള ലളിതമായ മാര്‍ഗങ്ങൾ മോദി പങ്കുവയ്ക്കുന്നത്.
നിരവധി വ്യാജപ്രചരണങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇതിൽ നിന്നൊക്കെ വിട്ടുനിൽക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്ന പ്രധാനമന്ത്രി, പരിഭ്രാന്തരാകുന്നതിന് പകരം മുൻകരുതലുകൾ സ്വീകരിക്കാനാണ് നിർദേശിക്കുന്നത്. രോഗവ്യാപനം തടയാൻ കൂട്ടായ ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. എന്നാൽ വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് മുഖ്യം എന്നും പ്രധാനമന്ത്രി ഉപദേശിക്കുന്നു.
കൊറോണ വ്യാപനം തടയാൻ പൊതുവായി പുറപ്പെടുവിച്ച നിർദേശങ്ങൾ തന്നെയാണ് പ്രധാനമന്ത്രിയും വീഡിയോയിലൂടെ ആവർത്തിക്കുന്നത്. കൈകൾ വൃത്തിയായി കഴുകുക, വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ ചെവിയിലോ സ്പർശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കുക എന്നിങ്ങനെ നീളുന്നു നിർദേശങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.