ഉത്തര്‍പ്രദേശിലെ (Uttar Pradesh) ലഖ്നൗവില്‍ ഉള്‍പ്പെടുന്ന സരോജിനി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (Narendra Modi) രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. സഹരന്‍പൂർ സ്വദേശിയായ 56കാരൻ പഥക് താന്‍ ബിജെപിയ്ക്ക് (BJP) വേണ്ടി മത്സരിക്കാൻ ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് അവകാശപ്പെടുന്നു. ബിജെപി സീറ്റിനായി പഥക് മുമ്പും പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുകയും അവര്‍ അത് തള്ളുകയും ചെയ്തിട്ടുണ്ട്.
''ലഖ്നൗവില്‍ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞാന്‍ കത്തയച്ചു, പക്ഷേ അവര്‍ എന്റെ കത്തുകള്‍ അവഗണിച്ചു. ഞാന്‍ ഒരു 'മോദി ഭക്തനാണ്'. ബിജെപിക്ക് എന്നെ അവഗണിക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ, യോഗി ആദിത്യനാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ സഹായിക്കുന്നതിനായി ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. മോദിയും യോഗിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളാണ്. ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ അപേക്ഷ ബിജെപി തള്ളുന്നത് ഇതാദ്യമായിട്ടല്ലെന്നാണ് പഥക് പറയുന്നത്. ''ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, ബിജെപിയുടെ പ്രചാരണത്തിനുവേണ്ടി ഞാന്‍ പോയെങ്കിലും അന്നത്തെ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നെ പരിഹസിച്ചു. ഒരു ദിവസം പോലും താമസിക്കാന്‍ സ്ഥലം നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തനിക്ക് 'യഥാർത്ഥ മോദിയുടെയോ വ്യാജ മോദിയുടെയോ' ആവശ്യമില്ലെന്നാണ് അന്ന് രമണ്‍ പറഞ്ഞത്. എന്റെ ശാപം കാരണം അയാൾ അധികാരത്തില്‍ നിന്ന് പുറത്തായി'', പഥക് പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം ഉപജീവനത്തിനായി തീവണ്ടികളില്‍ വെള്ളരിക്ക വില്‍ക്കുകയാണ് പഥക്. ''എനിക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഭാര്യയായിരുന്ന മീരാ പഥക് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹറന്‍പൂരില്‍ നിന്ന് മത്സരിച്ചതിനെ തുടർന്ന് ഞാൻ സാമ്പത്തികമായി തകര്‍ന്നു. അതിനുശേഷം, എനിക്ക് സാമ്പത്തിക സ്ഥിരത നഷ്ടപ്പെട്ടു. എനിക്ക് മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറ് കുട്ടികളുണ്ട്. രണ്ടുപേരൊഴികെ ബാക്കിയുള്ളവര്‍ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയവരാണ്. എന്റെ ഭാര്യ ഞങ്ങളുടെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഞാന്‍ വീടുവിട്ടിറങ്ങിയ ശേഷം ഭാര്യ എന്നെ ബന്ധപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയക്കാരനാകാനും സമൂഹത്തെ സേവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
2014ലെ വാരാണസി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പഥക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി നേരിട്ട് കണ്ടത്. ''അന്ന് മുതല്‍ ഞാന്‍ എന്റെ ജീവിതം മോദിക്ക് സമര്‍പ്പിച്ചു. വാസ്തവത്തില്‍, മോദിയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാന്‍ ഞാന്‍ ലാലു പ്രസാദ് യാദവിന്റെ വസതിയിലെത്തുകയും അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെയും എന്‍ഡിഎയുടെയും പല രാഷ്ട്രീയ റാലികളിലും പങ്കെടുക്കാൻ പഥക്കിന് ക്ഷണം ലഭിക്കാറുണ്ട്. അവിടെ പ്രധാന അതിഥി എത്തുന്നത് വരെ അദ്ദേഹമായിരിക്കും മിക്കവാറും സദസ്സിനോട് സംവദിക്കുക.
ലഖ്നൗവിലെ ഏറ്റവും പ്രധാനപ്പെട്ട സീറ്റുകളിലൊന്നാണ് സരോജിനി നഗര്‍ നിയമസഭാ മണ്ഡലം. 2017ല്‍ ബിജെപിയുടെ സ്വാതി സിംഗ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ അവരുടെ ഭര്‍ത്താവ് ദയാ ശങ്കര്‍ സിംഗ് ആണ് ഈ മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ദയാശങ്കര്‍ സിംഗ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.