• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്‍സ്റ്റഗ്രാം വീഡിയോ എടുക്കാന്‍ ബസ് തടഞ്ഞുനിര്‍ത്തിയ വിദ്യാര്‍ത്ഥികളോട് ട്രാഫിക് നിയന്ത്രിക്കാൻ നിർദേശിച്ച് പൊലീസ്

ഇന്‍സ്റ്റഗ്രാം വീഡിയോ എടുക്കാന്‍ ബസ് തടഞ്ഞുനിര്‍ത്തിയ വിദ്യാര്‍ത്ഥികളോട് ട്രാഫിക് നിയന്ത്രിക്കാൻ നിർദേശിച്ച് പൊലീസ്

വീഡിയോ വൈറലായതോടെ, പൊലീസ് ഇരുവരെയും പിടികൂടി. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

  • Share this:
ചെന്നൈയില്‍ (chennai) ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോ (instagram reels) ചെയ്യാന്‍ എംടിസി ബസ് (MTC bus) തടഞ്ഞുനിര്‍ത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. ഇവര്‍ക്കുള്ള ശിക്ഷയെന്നോണം ട്രാഫിക് നിയന്ത്രിക്കാനുള്ള ജോലിയും പൊലീസ് (police) നല്‍കി. രണ്ട് പേരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറയുന്നു. 18 വയസ്സിന് താഴെയാണ് ഇവരുടെ പ്രായം.

എന്നൂര്‍ ദേശീയ പാതയില്‍ തിരുവൊട്ടിയൂരിനും പൂനമല്ലിക്കും ഇടയില്‍ യാത്ര ചെയ്യുന്ന 101 സിറ്റി ബസിന് മുന്നില്‍ നിന്നായിരുന്നു ഇവരുടെ പ്രകടനം. ബസ് ജീവനക്കാര്‍ പുറത്തിറങ്ങുന്നതിനു മുമ്പ് അവര്‍ വീഡിയോ എടുത്ത് സ്ഥലം കാലിയാക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ, വാഷര്‍മെന്‍പേട്ട് പൊലീസ് ഇരുവരെയും പിടികൂടി. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍, വിദ്യാര്‍ത്ഥികളായ ഇവരുടെ ഭാവി കൂടി കണക്കിലെടുത്താണ് പൊലീസ് ഇരുവര്‍ക്കുമുള്ള ശിക്ഷ തീരുമാനിച്ചത്.

സ്‌കൂള്‍ സമയത്തിനു ശേഷം ട്രാഫിക് പൊലീസിനൊപ്പം ഗതാഗതക്കുരുക്ക് നിയന്ത്രിക്കുകയാണ് ഇരുവരും ചെയ്യേണ്ടതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ അവര്‍ ഇത് ചെയ്യണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ക്യാമറയില്‍ പകര്‍ത്തുകയും അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍, ചെസ്സ് ഒളിമ്പ്യാര്‍ഡിനായി നേപ്പിയര്‍ പാലം ഒരു ചെസ്സ് ബോര്‍ഡിന്റെ രൂപത്തില്‍ പെയിന്റ് ചെയ്തിരുന്നു. അതിനുപിന്നാലെ ചില യുവാക്കള്‍ പാലത്തില്‍ കയറി അപകടകരമായ ചില വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

അടുത്തിടെ, തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ എടുക്കുന്നതിനിടെ കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റതും വലിയ വാര്‍ത്തയായിരുന്നു. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ പുറകില്‍ വരുന്ന ട്രെയിനിനെ കൂടി വീഡിയോയില്‍ ഉള്‍ക്കൊള്ളിക്കാനായിരുന്നു 17കാരന്റെ ശ്രമം. എന്നാല്‍, ട്രെയിന്‍ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, മുംബൈയിലെ ഭിവണ്ടി ഏരിയയില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ 13 വയസ്സുകാരന്‍ വീണ് മരിച്ചതും ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് 15 വയസ്സുകാരന്‍ മരിച്ചതും വാര്‍ത്തയായിരുന്നു. 2018ല്‍ പശ്ചിമ ബംഗാളിലെ പുര്‍ബ ബര്‍ദ്വാന്‍ ജില്ലയിലായിരുന്നു സംഭവം.

കഴിഞ്ഞ മേയില്‍, റെയില്‍വെ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ചു മരിച്ചതും വാര്‍ത്തയായിരുന്നു. ഗുഡിയാത്തം മേലാലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം. സെല്‍ഫി വീഡിയോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന യുവാവ് ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ സുഹൃത്തുകളുമായി എത്തിയതായിരുന്നു. ചിത്രീകരണത്തിനിടെ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ അതുവഴി കടന്നുപോയ തീവണ്ടി തട്ടുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഓടിയ സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും ആര്‍പിഎഫും എത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Published by:Anuraj GR
First published: