ഗ്വാളിയോർ: 15 വർഷം മുമ്പ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഫുട്പാത്തിൽനിന്ന് കണ്ടെത്തി. തികച്ചും അപ്രതീക്ഷിതമായാണ് ഗ്വാളിയറിലെ ഫുട്പാത്തിൽവെച്ച് രണ്ട് സഹപ്രവർത്തകർ വർഷങ്ങൾക്കു മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. കടുത്ത മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച അവസ്ഥയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ രത്നേഷ് സിംഗ് തോമർ, വിജയ് സിംഗ് ബഹാദൂർ എന്നിവർ ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഒരു വിവാഹ പാർട്ടിക്കായി കാറിൽ പോകുന്നതിനിടെയാണ് ഭിക്ഷക്കാരനെപ്പോലെ തോന്നിക്കുന്ന പരിചിത മുഖം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിർത്തി അയാൾക്ക് അരികിലെത്തിയപ്പോൾ തെരുവിൽ ഭക്ഷണാവശിഷ്ടങ്ങൾ വാരി കഴിക്കാൻ ഒരുങ്ങുകയായിരുന്നു അയാൾ.
പൊലീസ് ഉദ്യോഗസ്ഥർക്ക് തെരുവിൽ കഴിഞ്ഞ ആളെ തിരിച്ചറിയാനായില്ല. എന്നാൽ രത്നേഷിനെയും വിജയ് സിംഗിനെയും പേരെടുത്തു വിളിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ ആളെ തിരിച്ചറിഞ്ഞത്. അവരുടെ മുൻ സഹപ്രവർത്തകൻ മനീഷ് മിശ്രയാണ് അതെന്ന് തിരിച്ചറിയാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത രൂപത്തിലായിരുന്നു മനീഷ് മിശ്ര. 2005 ൽ ഡേറ്റിയയിൽ ഇൻസ്പെക്ടറായി നിയമിതനായതിന് പിന്നാലെയാണ് മനീഷിനെ കാണാതായത്.
"അതിനുശേഷം മനീഷിനെ കണ്ടെത്താൻ വിപുലമായ അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇക്കാലമത്രയും അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു, ”ഗ്വാളിയർ ക്രൈംബ്രാഞ്ചിലെ ഡിഎസ്പി തോമർ പറഞ്ഞു. തോമറും ബഹദൂറും അദ്ദേഹത്തെ ഒരു എൻജിഒ നടത്തുന്ന ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മനീഷിന്റെ മാനസികാരോഗ്യം പഴയതുപോലെ വീണ്ടെടുക്കുകയാണ് ആദ്യ കടമ്പ. അതിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെ സഹായം തേടിയിട്ടുണ്ട്. വൈകാതെ തന്നെ തങ്ങളുടെ പ്രിയ സഹപ്രവർത്തകനെ സേനയിലേക്കു തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രത്നേഷ് തോമറും വിജയ് സിംഗും.
"1999 ൽ ഞങ്ങളോടൊപ്പം പോലീസ് സേനയിൽ ചേർന്ന മനീഷ് ഒരു നല്ല അത്ലറ്റും ഷാർപ്പ് ഷൂട്ടറുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കടുത്ത മാനസികസമ്മർദ്ദത്തിനും വിഷാദത്തിനും മനീഷ് ഇരയായി. മനീഷിന്റെ കുടുംബം അദ്ദേഹത്തെ ചികിത്സിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഒരു ദിവസം അദ്ദേഹത്തെ കാണാതായി”- തോമർ പറഞ്ഞു.
“ഞങ്ങൾ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, മനീഷിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കും, അങ്ങനെ അദ്ദേഹം വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കും,” ഡിഎസ്പി തോമർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.