കണ്ട് നിന്നവരുടെയെല്ലാം കണ്ണ് നിറയ്ക്കുന്നതാണ് ആ കാഴ്ച. പത്ത് വർഷത്തോളം തങ്ങൾക്കൊപ്പം സേവനമനുഷ്ഠിച്ച പോലീസ് നായക്ക് സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ് (UP Police). കഴിഞ്ഞ 10 വർഷമായി പോലീസ് ഡിപ്പാർട്ട്മെൻറിൻെറ ഭാഗമായിരുന്ന മണം പിടിക്കുന്നതിൽ അതീവ വൈദഗ്ദ്യമുള്ള (Sniffer Dog) വികോൺ (Vicon) എന്ന ലാബ്രഡോർ (Labrador) വിഭാഗത്തിൽ പെടുന്ന നായയാണ് ഓർമ്മയായത്. റീത്ത് സമർപ്പിച്ച് സല്യൂട്ടടിച്ച് എല്ലാ ബഹുമതിയും നൽകിയാണ് പോലീസ് വകുപ്പ് വികോണിന് അന്തിമോപചാരം അർപ്പിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
2011ൽ ജനിച്ച ഈ നായ ഉത്തർ പ്രദേശ് പോലീസ് ഡോഗ് സ്ക്വാഡിൽ ചേരുന്നത് 2012 ജൂൺ 20നാണ്. സ്ഫോടക വസ്തുക്കൾ മണത്തറിയുന്നതിലായിരുന്നു ഇതിന് വൈദഗ്ദ്യമുണ്ടായിരുന്നത്. 10 വർഷത്തെ സർവീസിനിടയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിന് നിരവധി തവണ വികോൺ പോലീസ് സേനയെ സഹായിച്ചിട്ടുണ്ട്. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഒടുവിൽ ഈ ലാബ്രഡോർ വിടപറഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വികോണിന് അവസാന യാത്രയയപ്പ് നൽകുന്നതിനായി റീത്തുകൾ സമർപ്പിക്കാനും പോലീസ് വകുപ്പ് മറന്നില്ല.
യുപി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരായ സിറ്റി പോലീസ് സൂപ്രണ്ട്, ട്രാഫിക് പോലീസ് സൂപ്രണ്ട്, അസിസ്റ്റൻറ് സൂപ്രണ്ടുമാർ, മറ്റ് പോലീസുകാർ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. വികോണിന് അന്തിമോപചാരം നൽകുന്ന ചടങ്ങിൻെറ വീഡിയോ യുപി പോലീസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. “നിറഞ്ഞ കണ്ണുകളോടെയും നിൻെറ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളിലൂടെയും നീ ഞങ്ങൾക്ക് നൽകിയ എല്ലാ സേവനങ്ങളെയും ഓർക്കുന്നു. സ്ഫോടക വസ്തുക്കൾ മണം പിടിച്ച് നിർവീര്യമാക്കുന്നതിന് നേതൃത്വം നൽകുന്ന ഞങ്ങളുടെ മൊറാദാബാദിലെ ഉദ്യോസ്ഥൻ തന്നെയായിരുന്നു വികോൺ. മൂക്കുകൾ തുറന്നുപിടിച്ച് പത്ത് വർഷത്തോളം ഞങ്ങൾക്കൊപ്പം നിന്നതിന് നന്ദി പറഞ്ഞാൽ തീരില്ല,” വികോണിൻെറ ഓർമകൾക്ക് മുന്നിൽ ശിരസ്സ് കുനിച്ച് പോലീസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു.
"Farewell to our V(icon)"
With moist eyes & nostalgia, we remember the ‘pawsome’ contribution of Vicon, our explosive sniffer officer at Moradabad, who kept his ‘nose to the grindstone’ for more than a decade.
പോലീസ് ഉദ്യോഗസ്ഥർ നായയുടെ മൃതദേഹത്തിനരികിൽ ചെന്ന് സല്യൂട്ട് ചെയ്യുന്നതും റീത്ത് സമർപ്പിക്കുന്നതും വീഡിയോയിൽ കാണാം. 10 വർഷവും 9 മാസവുമാണ് വികോൺ പോലീസ് വകുപ്പിനൊപ്പം ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരവധി കേസുകളിൽ തങ്ങൾക്ക് മാർഗദർശിയായി നായ മുന്നിലുണ്ടായിരുന്നുവെന്ന് അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് സാഗർ ജെയിൻ പറഞ്ഞു.
Chhattisgarh: Wreath laying ceremony of CRPF sniffer dog Cracker, who lost his life in an IED blast in Bijapur yesterday. pic.twitter.com/NJ8Bvrl10T
ഇത് ആദ്യമായല്ല ഒരു പോലീസ് നായക്ക് എല്ലാ ബഹുമാനവും നൽകി അന്തിമോപചാരം അർപ്പിക്കുന്നത്. 2017ൽ സെൻട്രൽ റിസർവ് ഫോഴ്സ് പോലീസ് (CRPF) തങ്ങളുടെ വകുപ്പിലുണ്ടായിരുന്ന മണം പിടിക്കുന്നതിൽ വിദഗ്ദനായ നായയ്ക്ക് സമാനമായ രീതിയിൽ അന്ത്യ യാത്രാച്ചടങ്ങ് നടത്തിയിരുന്നു. ക്രാക്കർ എന്ന് പേരുള്ള ആ നായ ഛതീസ്ഗഢിലെ ബീജാപൂരിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾക്കെതിരെ പോലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സ്ഫോടനമുണ്ടായത്. എല്ലാ സംസ്ഥാന ബഹുമതികളും നൽകിയാണ് അന്ന് നായക്ക് അന്തിമോപചാരം അർപ്പിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.