നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | 45 ആഡംബര കാറുകൾ തടഞ്ഞിട്ട് പൊലീസ്; വീഡിയോ വൈറൽ

    Viral Video | 45 ആഡംബര കാറുകൾ തടഞ്ഞിട്ട് പൊലീസ്; വീഡിയോ വൈറൽ

    ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് സിനിമയിൽ പോലും 45 ഓളം സൂപ്പർ കാറുകൾ ഏതെങ്കിലും ഒരു പ്രത്യേക രംഗത്തിൽ റോഡരികിൽ ഒരുമിച്ച് പാർക്ക് ചെയ്തിട്ടുണ്ടാകില്ല

    super cars halt

    super cars halt

    • Share this:
      വാഹന പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് മൂവി സീരീസുകൾ. ഈ സിനിമയിൽ പോലും 45 ഓളം സൂപ്പർ കാറുകൾ ഏതെങ്കിലും ഒരു പ്രത്യേക രംഗത്തിൽ റോഡരികിൽ ഒരുമിച്ച് പാർക്ക് ചെയ്തിട്ടുണ്ടാകില്ല. എന്നാൽ സിനിമയിലെ സാങ്കൽപിക കഥയെ വെല്ലുന്ന യാഥാർഥ്യമാണ് അടുത്തിടെ സംഭവിച്ചത്. ഒരേ സമയം 45ഓളം സൂപ്പർ ആഡംബര കാറുകൾ റോഡരികിൽ പൊലീസ് തടഞ്ഞിട്ടിരിക്കുന്ന വീഡിയോയാണ് വൈറലായത്. ഹോങ്കോങിലാണ് സംഭവം. കാർ ഡ്രൈവർമാർ അനധികൃത കാറോട്ട മത്സരം സംഘടിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് 45ഓളം കാറുകൾ പൊലീസ് തടഞ്ഞിട്ടത്.

      പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, തിരക്കേറിയ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള സർവീസ് റോഡിലാണ് കാറുകൾ തടഞ്ഞിട്ടത്. നിരവധി താമസക്കാർ ഇവിടെ സൂപ്പർകാറുകൾ അമിത വേഗത്തിൽ പോകുന്നെന്നും വലിയ തരത്തിലുള്ള എഞ്ചിൻ ശബ്ദമുണ്ടാക്കുന്നതിനെക്കുറിച്ചും പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് 45 കാറുകളെ തടഞ്ഞിട്ടതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തടഞ്ഞിട്ട കാറുകളുടെ കൂട്ടത്തിൽ നിരവധി ഫെരാരി, ലംബോർഗിനി, പോർഷെ കാറുകൾ ഉൾപ്പെടുന്നു.

      ഈ വാഹനങ്ങൾ തടയുന്നതിനുള്ള പ്രത്യേക ദൌത്യത്തെ 'ഫോസിംഗ്ടൺ' എന്ന് വിളിക്കുകയും അതിരാവിലെ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിനുശേഷം മിക്ക കാറുകളും തടഞ്ഞിടുകയായിരുന്നു. ഐലന്റ് ഈസ്റ്റേൺ കോറിഡോർ എക്സ്പ്രസ് ഹൈവേയിൽ നിരവധി കാറുകൾ പടിഞ്ഞാറോട്ട് അതിവേഗത്തിൽ ഓടിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്ന് പഴയ വാൻ ചായ് പോലീസ് സ്റ്റേഷനിൽ നിന്ന് ഗ്ലൗസെസ്റ്റർ റോഡിൽ 45 സ്വകാര്യ കാറുകൾ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഹൈവേയിൽ പ്രത്യേക ബാരിക്കേഡ് ഉയർത്തിയാണ് കാറുകൾ തടഞ്ഞത്. പോലീസ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

      ഈ സൂപ്പർ കാറുകളെല്ലാം തടഞ്ഞിട്ടിരിക്കുന്നത് വീഡിയോയായി സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. കാറുകൾ തടഞ്ഞിട്ടിരിക്കുന്നത് സമീപ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തികച്ചും ഒരു കൌതുക കാഴ്ചയായിരുന്നു. രജിസ്ട്രേഷൻ വിശദാംശങ്ങളും ഡ്രൈവർമാരുടെ വിവരങ്ങളും പോലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതിനാൽ ഏറെ സമയം വാഹനങ്ങൾ റോഡിൽ തന്നെ കിടന്നു. ഇത് വലിയ തോതിലുള്ള ട്രാഫിക് കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും പൊലീസ് പിന്തിരിഞ്ഞില്ല. എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കാറുകൾ വിട്ടയച്ചത്.

      Also Read- 24 മണിക്കൂറിനുള്ളില്‍ 1603 കിലോമീറ്റർ പിന്നിട്ട് ഹാച്ച് ബാക്ക്; ടാറ്റ ആൾട്രോസിന് റെക്കോർഡ്

      ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020 ൽ ഹോങ്കോങ്ങിൽ നിയമവിരുദ്ധമായി നടക്കുന്ന സ്ട്രീറ്റ് റേസിംഗ് മത്സരങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നുവെന്നാണ്. ലോക്ക്ഡൌൺ‌ കാലത്ത് റോഡുകളിൽ‌ സാധാരണയേക്കാൾ തിരക്ക് കുറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് റേസിങ്ങിനായി സൂപ്പർ കാറുകൾ രംഗത്തിറങ്ങിയത്. എന്നാൽ ഇത് റോഡിന് ഇരുവശവും താമസിക്കുന്നവർക്കും, കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ശല്യമായി മാറി. മിക്ക ദിവസങ്ങളിലും അതിരാവിലെയാണ് സ്ട്രീറ്റ് റേസിങ് മത്സരങ്ങൾ നടത്തിയിരുന്നത്. നിരവധി തവണ പരാതി പറഞ്ഞെങ്കിലും പൊലീസ് ഇടപെട്ടിരുന്നില്ല. എന്നാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി എത്തിയതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. നഗരത്തിലെ ഉന്നതരുടെ മക്കളാണ് സൂപ്പർ കാറുകളുമായി സ്ട്രീറ്റ് റേസിങിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. എല്ലാവർക്കും താക്കീത് നൽകിയാണ് പൊലീസ് വിട്ടയച്ചത്.
      Published by:Anuraj GR
      First published:
      )}