• News
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

പൂരം പെണ്ണുങ്ങൾക്കുള്ളതോ? ഫേസ് ബുക്ക് വാദം പൊടിപൂരം; രണ്ടു കുറിപ്പുകൾ

സ്ത്രീകൾക്ക് പൂരത്തിന് വിലക്കില്ലെന്നും പൂരം എല്ലാവരുടേതുമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നപ്പോൾ പൂരത്തിന് സ്ത്രീകൾക്ക് സ്വതന്ത്രമായി പങ്കെടുക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഒരു ഭാഗം അഭിപ്രായപ്പെട്ടത്.

news18
Updated: May 17, 2019, 11:44 AM IST
പൂരം പെണ്ണുങ്ങൾക്കുള്ളതോ? ഫേസ് ബുക്ക് വാദം പൊടിപൂരം; രണ്ടു കുറിപ്പുകൾ
തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ
news18
Updated: May 17, 2019, 11:44 AM IST
തൃശൂർ: പൂരം കഴിഞ്ഞതോടെ പൂരത്തെക്കുറിച്ചുള്ള ചർച്ചകളാണ് പൊടിപൂരമായിരിക്കുന്നത്. തൃശൂർ പൂരം പുരുഷൻമാരുടേത് മാത്രമാണെന്ന് നടി റീമ കല്ലിങ്കൽ അഭിപ്രായപ്പെട്ടതോടെയാണ് ചർച്ച കൂടുതൽ സജീവമായത്. സ്ത്രീകൾക്ക് പൂരത്തിന് വിലക്കില്ലെന്നും പൂരം എല്ലാവരുടേതുമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നപ്പോൾ പൂരത്തിന് സ്ത്രീകൾക്ക് സ്വതന്ത്രമായി പങ്കെടുക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഒരു ഭാഗം അഭിപ്രായപ്പെട്ടത്.

ഇതിനിടയിലാണ് ഇത്തവണ തൃശൂർ പൂരത്തിൽ പങ്കെടുത്ത രണ്ടുപേരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നത്. എഴുത്തുകാരിയായ കെ.എ ബീന തൃശൂർ പൂരം ആസ്വദിച്ചതും ഇനിയും പൂരത്തിനെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ യുവ മാധ്യമപ്രവർത്തകയായ അക്ഷയ ദാമോദരൻ തൃശൂർ പൂരത്തിനിടയിൽ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ്.

തൃശൂർ പൂരം ആദ്യമായിട്ടാണ്  കാണുന്നത്, അനുഭവിക്കുന്നത്, ഉള്ളിലേറ്റുന്നതെന്ന് പറഞ്ഞു തുടങ്ങിയാണ് കെ.എ ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മനുഷ്യർക്കിടയിലൂടെ നടന്ന ആ മണിക്കൂറുകളിൽ ഒരിക്കൽ പോലും സ്ത്രീയായത് കൊണ്ടു പൂരപ്പറമ്പിൽ നേരിടുമെന്ന് കേട്ടിട്ടുള്ള പെരുമാറ്റങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നില്ലെന്നും എല്ലാവരും സ്നേഹത്തോടെ വഴി തന്നു കൊണ്ടേ ഇരുന്നെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. അടുത്ത തവണയും നമ്മൾ പൂരം കാണുമെന്നും പൂരം നമ്മുടേതും ആണെന്നും ഉറപ്പിച്ചു പറയുന്നു കെ.എ ബീന.

കെ.എ ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തൃശൂർ പൂരം ആദ്യമായിട്ടാണ് കാണുന്നത്,അനുഭവിക്കുന്നത്..ഉള്ളിലേറ്റുന്നത്..പൂരത്തലേന്നു അർധരാത്രി പൂരപ്പറന്പിലും പരിസരത്തും കണ്ട ആൾക്കൂട്ടവും ആവേശവും കണ്ടു ഭ്രമിക്കുമ്പോൾ പിറ്റേന്ന് കാണാനിരിക്കുന്ന പൂരം എന്തായിരിക്കുമെന്ന് ഓർത്തെ ഇല്ല..മഠത്തിൽ വരവ് കണ്ടു മേളം കേട്ടു നിന്നു സ്വയം മറക്കുമ്പോൾ സി പി ജോണ് Cp Johnപൂരം കാണാനുള്ള രീതി പറഞ്ഞു തന്നു..അതനുസരിച്ചു
ബ്രഹ്മസ്വം മഠത്തിൽ നിന്നു തിരുവൻപാടി കൃഷ്ണനും ഭഗവതിയും തിരിച്ചിറങ്ങുമ്പോൾ ഒപ്പം കൂടി..കൂട്ടിനു ബാല്യകാലസുഹൃത്ത് Geetha Rajagopal ഗീതാമണിയും..
മണ് ണു വീണാൽ നിലത്തെത്താത്ത ജനക്കൂട്ടത്തിനിടയിലൂടെ പിന്നീടുള്ള മണിക്കൂറുകൾ ...ഇലഞ്ഞിത്തറ മേളത്തിനിടയിൽ പെരുവനം കുട്ടൻ മാരാർ ആശുപത്രിയിലേക്ക്..ഉടൻ മടങ്ങി എത്തി 2 മണിക്കൂറോളം പരിസരം മറന്നു കൊ ട്ടുമ്പോൾ ഇളകിമറിയുന്ന ജനം..അവർക്കൊപ്പം ഞങ്ങളും..പിന്നെ കുട മാറ്റത്തിനായുള്ള കാത്തിരിപ്പ്..അതിനിടയിൽ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വർത്തമാനങ്ങൾ ഗീതയ്ക്കും എനിക്കും..വടക്കും നാഥന്റെ വാതിൽക്കലൂടെ അടി വച്ചു എത്തുന്ന ഗജവീരൻമാർ..ആർത്തു വിളിക്കുന്ന ജനസഹസ്രങ്ങൾ..ഞങ്ങൾ നിന്നത് സ്ത്രീകൾക് വേണ്ടി പ്രത്യേകം കെട്ടിയുണ്ടാക്കിയ ഇടത്ത് ആയിരുന്നു..അവിടെ അത്യുത്സാഹത്തോടെ, ആവേശത്തോടെ എല്ലാം മറന്നു പൂരം കാണുന്ന സ്ത്രീകളുടെ ഒപ്പം കുടമാറ്റം കണ്ടു ഞങ്ങളും ആർത്തു വിളിച്ചു..അങ്ങനെ തൃശൂർ പൂരം ഉള്ളിൽ നിറഞ്ഞു..നിറങ്ങൾ.
Loading...

ശബ്ദങ്ങൾ..മനുഷ്യർ..ആനകൾ..സന്ധ്യയ്ക്ക് ഒപ്പം കുടകൾ വർണപ്പൊലിമയിൽ മത്സരിച്ചു..കുടമാറ്റം കഴിഞ്ഞു പിരിഞ്ഞ മനുഷ്യ സഹസ്രത്തിനൊപ്പം കിലോ മീറ്ററുകൾ നടന്നു മടക്കം..ഓരോ വഴിയിലും തിക്കിതിക്കി മനുഷ്യർ..മനുഷ്യർ, മനുഷ്യർ മാത്രം..പലജാതി പലവേഷം പലവേഷം..
എല്ലാവരും ഒരേ ലഹരിയിൽ.. പൂരലഹരിയിൽ..മനുഷ്യർക്കിടയിലൂടെ നടന്ന ആ മണിക്കൂറുകളിൽ ഒരിക്കൽ പോലും സ്ത്രീയായത്്‌ കൊണ്ടു പൂരപ്പറമ്പിൽ നേരിടുമെന്ന് കേട്ടിട്ടുള്ള പെരുമാറ്റങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നില്ല..എല്ലാവരും സ്നേഹത്തോടെ വഴി തന്നു കൊണ്ടേ ഇരുന്നു.
മടങ്ങുമ്പോൾ ഗീതക്കു ഉറപ്പു നൽകി അടുത്ത് തവണയും നമ്മൾ പൂരം കാണും..പൂരം നമ്മുടേതും ആണ്..
അതേസമയം, എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ടെങ്കിലും ഇനി പൂരത്തിനില്ലെന്ന് തീരുമാനിക്കേണ്ടി വന്നെന്നാണ് യുവ മാധ്യമപ്രവർത്തകയായ അക്ഷയ ദാമോദരൻ പറയുന്നത്. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണെന്നും സാംസ്ക്കാരിക നഗരിയിൽ നിന്നാണെന്നും പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

അക്ഷയ ദാമോദരൻ ഫേസ്ബുക്ക് പോസ്റ്റ്,

#പൂരം_ഞങ്ങൾക്കും_കാണണം

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാൻ സാംസ്ക്കാരിക നഗരിയിൽ പോയി... പൂരം അസ്സലാണെന്ന് ഇനി ഞങ്ങൾ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ... പക്ഷേ ഞങ്ങൾ പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്... എന്നാൽ പ്രശ്നങ്ങൾ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാൻ എത്തുന്ന പതിനായിര കണക്കിന് ആളുകൾ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച... പുരുഷാരം മുഴുവൻ പുരുഷൻമാർ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽ നിന്ന് തന്നെ വെടിക്കെട്ട് കാണാൻ ഞങ്ങൾ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്... ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങൾ ഒഴിവാക്കി. .. എന്നാൽ തോണ്ടലും പിടുത്തവും മനപൂർവ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാൻ തുടങ്ങി... ചെറിയൊരു കൂട്ടം ആളുകളിൽ നിന്നും അഞ്ച് തവണ ഞങ്ങൾക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവൻമാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോൾ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങൾക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാൾ പോലും വൃത്തികേട് കാണിച്ചവൻമാർക്കെതിരെ മിണ്ടിയില്ല...പരാതിപെടാൻ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മൾ ഒരു വിധം ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തിൽ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാൽ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തിൽ സപർശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കൾക്ക് സധാചാര ബോധം സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്ക്കാരിക നഗരിയിൽ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ട്... 

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...