HOME » NEWS » Buzz » POSTMAN LEAVES HEARTWARMING NOTE FOR SELF ISOLATING RESIDENT GH

കോവിഡ് കാലത്ത് ഒറ്റപ്പെട്ടു കഴിയുന്ന വ്യക്തിയ്ക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി പോസ്റ്റ്മാൻ

ഐസൊലേഷനിൽ കഴിയുന്നതിനാൽ തനിക്ക് വരുന്ന കത്തുകളും പാർസലുകളും വീട്ടുപടിക്കൽ വെച്ചാൽ മതി എന്ന് നിർദ്ദേശിച്ച വ്യക്തിയ്ക്കാണ് പോസ്റ്റ്മാൻ ഹൃദയസ്പർശിയായ സന്ദേശം നൽകിയത്

News18 Malayalam | news18-malayalam
Updated: May 26, 2021, 11:44 AM IST
കോവിഡ് കാലത്ത് ഒറ്റപ്പെട്ടു കഴിയുന്ന വ്യക്തിയ്ക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി പോസ്റ്റ്മാൻ
A postman's note | Image credit: Reddit
  • Share this:
പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ ഏറ്റവും ചെറിയ രീതിയിൽ പ്രകടിപ്പിക്കുന്ന ദയയും അനുകമ്പയും പോലും വളരെ പ്രധാനപ്പെട്ടവയാണ്. ലോകത്തെ മുഴുവൻ ഒരു മഹാമാരി വിഴുങ്ങുകയും നമ്മളെല്ലാം വീട്ടിനകത്ത് അടച്ചുമൂടി കഴിയുകയും ചെയ്യുന്ന സമയത്ത് അത്തരം പ്രവൃത്തികളുടെ പ്രാധാന്യം വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ പരസ്പരം സഹായിക്കാൻ മുന്നോട്ടുവരിക എന്നതും പ്രധാനമാണ്. സഹാനുഭൂതിയോടു കൂടിയ ഒരു ചെറിയ പ്രവൃത്തിയ്ക്ക് പോലും ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ടായേക്കാം.

ഈ അവസരത്തിലാണ് ഒരു വ്യക്തിയുടെ വീടിന്റെ വാതിലിനു മുന്നിൽ ഒരു പോസ്റ്റ്മാൻ എഴുതിയൊട്ടിച്ച സന്ദേശം ശ്രദ്ധേയമായി മാറുന്നത്. ഐസൊലേഷനിൽ കഴിയുന്നതിനാൽ തനിക്ക് വരുന്ന കത്തുകളും പാർസലുകളും വീട്ടുപടിക്കൽ വെച്ചാൽ മതി എന്ന് നിർദ്ദേശിച്ച വ്യക്തിയ്ക്കാണ് പോസ്റ്റ്മാൻ ഹൃദയസ്പർശിയായ സന്ദേശം നൽകിയത്. "കടകളിൽ നിന്ന് എന്തെങ്കിലും വാങ്ങാനോ മറ്റോ ഉണ്ടെങ്കിൽ എന്നെ അറിയിക്കുക" എന്നതായിരുന്നു പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നിയേക്കാവുന്ന ആ സന്ദേശം. പക്ഷെ, ആ കുറിപ്പിലെ സഹാനുഭൂതിയുടെയും കരുതലിന്റെയും ഉള്ളടക്കം വളരെ വലുതാണ്. സ്കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോ സ്വദേശിയായ ആ വീട്ടുടമ റെഡ്ഡിറ്റിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

You may also like:അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സേവനം തുടർന്ന് ആംബുലൻസ് ഡ്രൈവർ; വീട്ടിലേക്ക് മടങ്ങിയത് ജോലി തീർത്ത്

പാർസൽ വാങ്ങാൻ കഴിയാതെ വന്നാൽ നൽകുന്ന ഒരു സ്ലിപ്പിലെ മേൽവിലാസം എഴുതാനുള്ള ഭാഗത്താണ് പോസ്റ്റ്മാൻ ഈ സന്ദേശം എഴുതി നൽകിയത്. "അടുത്ത വാരാന്ത്യം വരെ ഞാൻ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും എന്തെങ്കിലും പാർസലുകൾ ഉണ്ടെങ്കിൽ വീട്ടുപടിക്കൽ വെച്ചാൽ മതിയെന്നും ഞാൻ വീടിന്റെ വാതിലിന് മുന്നിൽ എഴുതി ഒട്ടിച്ചിരുന്നു. അതിന് മറുപടിയായി പോസ്റ്റ്മാൻ നൽകിയ സന്ദേശം ഇതാണ്", എന്ന ക്യാപ്ഷ്യനോടു കൂടിയാണ് ഗ്ലാസ്‌ഗോ സ്വദേശി പോസ്റ്റ്മാന്റെ കുറിപ്പിന്റെ ചിത്രം റെഡ്ഡിറ്റിൽ പങ്കുവെച്ചത്.

ഈ പോസ്റ്റിനു താഴെ ആശംസകളും പ്രശംസകളുമായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അനേകം റെഡ്ഡിറ്റ് ഉപയോക്താക്കൾ പോസ്റ്റ്മാനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇതുപോലുള്ള ഹീറോകളും ഉണ്ടാകുമെന്ന് പറഞ്ഞ് അവർ പോസ്റ്റ്മാന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു. തന്റെ പ്രദേശത്തെ പോസ്റ്റൽ ജീവനക്കാരെക്കുറിച്ചുള്ള അനുഭവം മറ്റൊരു വ്യക്തി പങ്കുവെയ്ക്കുകയുണ്ടായി. കഴിഞ്ഞ വർഷം മാർച്ച് മുതൽ ആ പ്രദേശത്ത് താമസിക്കുന്ന വൃദ്ധരായ ആളുകളെ ശ്രദ്ധിക്കുന്നത് പോസ്റ്റൽ ജീവനക്കാരാണെന്നും ജനലിലൂടെ കുശലാന്വേഷണം നടത്തിയും അവശ്യം വേണ്ട സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കൊടുത്തും വലിയ സേവനമാണ് അവർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് ഒരു തവണ പാർസൽ വാങ്ങാൻ കഴിയാതെ വന്നപ്പോൾ അത് നൽകാൻ വീണ്ടും വീട്ടിലെത്തിയ പോസ്റ്റ്മാനെക്കുറിച്ച് മറ്റൊരു വ്യക്തി കമന്റ് ചെയ്തു. മഹാമാരിക്കാലത്ത് ഐതിഹാസികം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പ്രവൃത്തികളാണ് പല ഭാഗങ്ങളിലെയും പോസ്റ്റൽ ജീവനക്കാർ ചെയ്യുന്നതെന്ന് എല്ലാവരും ഒറ്റക്കെട്ടായി സമ്മതിക്കുന്നു. മനുഷ്യത്വത്തിന്റെ വറ്റാത്ത ഈ ഉറവയല്ലാതെ മറ്റെന്താണ് ഭാവിയിലേക്ക് നമ്മൾ നീക്കിവെക്കാനുള്ളത്!
Published by: Naseeba TC
First published: May 26, 2021, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories