നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ദുർഗന്ധത്തിന് കാരണം വാതകചോർച്ചയെന്ന് കരുതി ജനം പരിഭ്രാന്തരായി, എന്നാൽ യഥാർത്ഥ വില്ലനായത് ദുരിയൻ പഴം

  ദുർഗന്ധത്തിന് കാരണം വാതകചോർച്ചയെന്ന് കരുതി ജനം പരിഭ്രാന്തരായി, എന്നാൽ യഥാർത്ഥ വില്ലനായത് ദുരിയൻ പഴം

  വെറും പഴമല്ല, പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരിയൻ പഴമാണ് കാൻബെറ തെരുവുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.

  • Share this:
   ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരിയിൽ കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. അസഹനീയമായ ദുർഗന്ധം കാൻബെറ തെരുവുകളിൽ പടർന്നതോടെ വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന ധാരണയിൽ ആളുകൾ അഗ്നിശമനസേനയെ വിളിച്ചു വരുത്തി. എന്നാൽ ദുർഗന്ധത്തിനു കാരണമായി അഗ്നിശമനസേന കണ്ടെത്തിയത് ഒരു പഴത്തെയായിരുന്നു. വെറും പഴമല്ല, പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരിയൻ പഴമാണ് കാൻബെറ തെരുവുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.

   വെള്ളിയാഴ്ചയോടെയാണ് കാൻബെറയിൽ കടുത്ത ദുർഗന്ധം പരക്കാൻ തുടങ്ങിയത്. ദുർഗന്ധത്തിന്റെ ഉറവിടം എന്താണെന്ന് മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ല. സമയം കഴിയും തോറും ദുർഗന്ധം കൂടി വരികയും ചെയ്തു. ഒടുവിൽ ആ പ്രദേശത്തെ കടകളിൽ എവിടെയെങ്കിലും വാതക ചോർച്ച ഉണ്ടായതാകാം ദുർഗന്ധത്തിന് കാരണമെന്ന് നാട്ടുകാർ ഊഹിക്കുകയായിരുന്നു. വൈകാതെ കാൻബെറയിലെ അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി.

   സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേന വാതക ചോർച്ചയാണെന്നു കരുതി പരിസരത്തുള്ള ജനങ്ങളെയെല്ലാം ഒഴിപ്പിച്ചു. പൊതുജനങ്ങളോട് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ നിന്ന് വിട്ട് നിൽക്കാൻ നിർദേശം നൽകി. കാൻബെറയിലെ ഓരോ കടകളും കാൻബെറയുടെ എമർജൻസി സർവീസസ് ഏജൻസി പരിശോധിക്കാനും ആരംഭിച്ചു.

   മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് അഗ്നിശമനസേന ദുർഗന്ധത്തിനുള്ള കാരണം കണ്ടുപിടിച്ചത്. ഒരു കടയിൽ സൂക്ഷിച്ചിരുന്ന പഴത്തിൽ നിന്നുമായിരുന്നു തുളച്ചു കയറുന്ന ദുർഗന്ധം വമിച്ചിരുന്നത്. ദുരിയൻ പഴങ്ങളായിരുന്നു അവ. തീക്ഷ്ണമായ ദുർഗന്ധത്തിന് കാരണമാകുന്ന പഴവർഗ്ഗമാണ് ദുരിയൻ. ദുർഗന്ധത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തിയതോടെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കാൻബെറയുടെ എമർജൻസി സർവീസസ് ഏജൻസി അറിയിച്ചു.

   കടുത്ത ദുർഗന്ധം പരത്തുമെങ്കിലും ദുരിയൻ പഴത്തെ നിസാരമായി കാണേണ്ട. തെക്കുകിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന ഫലമാണ് ദുരിയൻ. 'ദുരി' എന്ന മലയന്‍ പദത്തിന്റെ അര്‍ഥം മുള്ള് എന്നാണ്. ഭക്ഷ്യയോഗ്യമായ 9 ദുരിയാൻ പഴങ്ങളിൽ ഒന്നു മാത്രമേ വിപണിയിലെത്തുന്നുള്ളൂ. ഇതിന്റെ ശാസ്ത്രീയ നാമം 'ഡ്യൂറിയോ സിബെതിനസ്' എന്നാണ്. വിറ്റാമിൻ എ, ബി 6, സി, ആന്റി ഓക്സിഡന്റ്, ബി- കോംപ്ലക്സ്, വിറ്റാമിനുകളായ ഫോളിക് ആസിഡ്, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ എന്നിവ ദുരിയാൻ പഴത്തിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിലുണ്ട്. കൊഴുപ്പിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമായ ഈ പഴം പ്രകൃതിദത്തമായ മൾട്ടിവിറ്റാമിൻ, മൾട്ടിമിനറൽ സപ്ലിമെന്റുമാണ്. ദുരിയൻ ഫലം മലബന്ധം തടയാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നതായും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ദുരിയൻ പഴം സഹായിക്കുന്നു.

   ഇത്രയധികം ഗുണങ്ങൾ ഉണ്ടെങ്കിലും ദുരിയൻ പരത്തുന്ന ദുർഗന്ധം അസഹനീയം തന്നെയാണ്. ഒരു ദുരിയൻ പഴത്തിന് ഏതാണ്ട് മൂന്ന് കിലോ വരെ തൂക്കമുണ്ടാകും. ചിലര്‍ക്ക് ഈ പഴത്തിന്റെ രൂക്ഷഗന്ധം ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഗന്ധമാണ് ഇത്. ദുരിയനെ ഇഷ്ടമില്ലാത്തവർ അതിന്റെ ദുർഗന്ധം ചീഞ്ഞളിഞ്ഞ മാലിന്യവുമായി താരതമ്യം ചെയ്യാറുണ്ട്. ദുർഗന്ധം കാരണം പല നഗരങ്ങളിലെയും കടകളിൽ ദുരിയൻ നിരോധിച്ചിട്ടുമുണ്ട്.
   Published by:Sarath Mohanan
   First published:
   )}