മലപ്പുറം: മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനെ കരിവാരി തേച്ച്, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കാനം രാജേന്ദ്രനും സിപിഐയും നടത്തുന്നതെന്ന് പി.വി അൻവർ എംഎൽഎ. പ്രതിപക്ഷം പോലും ഇക്കാര്യത്തിൽ അദ്ദേഹത്തിനോട് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്, മുഖ്യമന്ത്രിയുടെ ഇമേജ് തകർത്ത്, മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വിഭാഗീയതയുടെ പേരിൽ അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന ഉൾപാർട്ടി സമരങ്ങൾ, ഇത്രയും നാൾ വേണ്ടാതിരുന്ന ചീഫ് വിപ്പ് പദവി വാങ്ങി നൽകിയതോടെ ഒന്നടങ്ങിയിട്ടുണ്ട്. അതോടെ സർക്കാരിനെ കരിവാരി തേയ്ക്കാൻ ആവേശം കൂടി. ഇതൊന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെയോ മുഖ്യമന്ത്രിയേയോ ബാധിക്കുകയുമില്ല. മുന്നണിക്കുള്ളിൽ പറയാനുള്ളത് പറയാതെ, പുറത്തിറങ്ങി പറയുന്നത് എതിരാളികൾ അംഗീകരിച്ചെന്നിരിക്കും. മുന്നണി ബന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ കൂടെയുണ്ടാകില്ല. ഒറ്റുകാരൻ എന്ന പേരും പദവിയും നേടാനെ ഈ ശ്രമങ്ങൾ ഉപകരിക്കൂവെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പി.വി അൻവറിന്‍റെ പോസ്റ്റ് പൂർണരൂപം
കാട്ടിലെ മാവോയിസ്റ്റുകളും നാട്ടിലെ മാവോയിസ്റ്റുകളും..
മാവോയിസ്റ്റ് മേഖലയിലെ ഏറ്റുമുട്ടലാണല്ലോ ഇന്നത്തെ പ്രധാന ചർച്ച.ആശയത്തെ ആശയം കൊണ്ട് നേരിടാതെ തോക്ക് കൊണ്ട് നേരിടുന്ന രീതി അംഗീകരിക്കാനാവില്ല.ഭയപ്പെടുത്തി തോക്കിൻ മുനയിൽ നിർത്തി,തങ്ങളുടെ ആശയം അടിച്ചേൽപ്പിക്കുന്നത് ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയുമല്ല.ഈ പാത ഉപേക്ഷിക്കാതെ ഇക്കാലത്ത് ഇവർ എത്രകാലം പിടിച്ച് നിൽക്കും എന്നത് കണ്ടറിയേണ്ടതാണ്.
ഈ വിഷയത്തിൽ പല അഭിപ്രായങ്ങളും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.കഴിഞ്ഞ ഭരണകാലത്ത് മാവോയിസ്റ്റ് വേട്ടയ്ക്ക് ശക്തമായ പിന്തുണ നൽകിയ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ന് അതൊക്കെ വിഴുങ്ങിയിട്ടുണ്ട്.മാവോയിസ്റ്റ് വേട്ടയ്ക്കായി തണ്ടർ ബോൾട്ട് രൂപീകരിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ സൗകര്യപൂർവ്വം മറന്നിട്ടുണ്ട്.പോലീസിനെ അക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് വ്യക്തമായ തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോപണങ്ങൾ ഉന്നയിക്കാൻ പോലും ദാരിദ്രം നേരിടുന്ന പ്രതിപക്ഷം,മുൻനിലപാടുകൾ മറന്ന് മാവോയിസ്റ്റ് സ്നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാം.എന്നാൽ ഭരണത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും പറ്റിയ ശേഷം,കൂടെ നിന്ന് കാലുവാരുന്ന പണിയുമായി ചില ഉത്തമന്മാർ ഇറങ്ങിതിരിച്ചിട്ടുണ്ട്.അവരോട് ചിലത് ചോദിക്കാനുണ്ട്:-
പശ്ചിമ ബംഗാളിൽ നൂറുകണക്കിന് സി.പി.ഐ.എം പ്രവർത്തകർ മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.തൃണമൂൽ-മാവോയിസ്റ്റ് സഖ്യത്തിന്റെ കൈകളാൽ കൊല്ലപ്പെട്ട അവർ നിങ്ങളുടെ സഖാക്കൾ ആയിരുന്നില്ലേ?നിങ്ങൾ അവരുടെ പ്രവർത്തികളെ അംഗീകരിക്കുന്നുണ്ടെങ്കിൽ,ദേശീയ ജനാധിപത്യ വിപ്ലവം എന്ന വഴി സ്വീകരിക്കാതെ അവർക്കൊപ്പം ചേരാമായിരുന്നില്ലേ?ഇത്ര അടുപ്പം ഉണ്ടാകാൻ മാത്രം എന്ത് സാമ്യതയാണ് നിങ്ങളുടെയും അവരുടെയും ആശയങ്ങൾക്കിടയിലുള്ളത്!
മാവോയിസ്റ്റ് വേട്ട: നിലപാടിൽ ഉറച്ച് സിപിഐ; നേതാക്കൾ സംഭവസ്ഥലം സന്ദർശിക്കും
കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്. എല്ലാ മാധ്യമങ്ങളും ധാർഷ്ട്യക്കാരൻ എന്ന പട്ടം ചാർത്തി നൽകിയിട്ടും,കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം കേരള ജനത നിലയുറപ്പിച്ചു.അതിന്റെ പ്രതിഫലനമാണ് പാലായിലും കോന്നിയിലും വട്ടിയൂർക്കാവിലും കണ്ടത്.തുടർഭരണം എന്ന പ്രതിഭാസം ആദ്യമായി കേരളത്തിൽ ഉണ്ടാകാൻ പോകുന്നു. അതിനെ പ്രതിപക്ഷം പ്രതിരോധിക്കും.അത് സ്വാഭാവികം.അത് അവരുടെ പണിയാണ്.ഭരണത്തിൽ എത്തിയ കാലം മുതൽ,സർക്കാരിനെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഉപദ്രവിക്കുക എന്ന നിലപാട് ചിലർ സ്വീകരിക്കുന്നത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.
നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന കണ്ടു.ജുഡീഷ്യൽ കമ്മീഷനേക്കാൾ ആധികാരികതയോടെ ആദ്യമേ തന്നെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ മാത്രം എന്ത് തെളിവാണദ്ദേഹത്തിന്റെ കൈയ്യിലുള്ളതെന്ന് അറിയില്ല.ഇക്കാര്യങ്ങൾ കേട്ട് നാളെ സ്ഥലം സന്ദർശ്ശിക്കുന്ന അദ്ദേഹത്തിന്റെ പാർട്ടി പ്രതിനിധി സംഘം നാട്ടുകാരോട് അവർക്ക് ഇക്കാര്യത്തിലുള്ള ആശങ്കകൾ ചോദിച്ചറിയണം. മാവോയിസ്റ്റുകൾ നല്ലവരാണ്, ചങ്കാണെന്നൊക്കെ അഭിപ്രായപ്പെട്ടാൽ നാട്ടുകാരുടെ കരലാളനങ്ങൾ ഏറ്റുവാങ്ങാൻ സാധ്യത ഉള്ളതിനാൽ, അത്തരത്തിലുള്ള സംസാരം ഒഴിവാക്കണം.
നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് കാനത്തിനോട് മാവോയിസ്റ്റുകൾ പരാതിപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. നാളെ അവരേ അദ്ദേഹം നേരിട്ട് കാണുന്നുണ്ടോ എന്നും വ്യക്തമല്ല. ഒരു കാര്യത്തിൽ വ്യക്തതയുണ്ട്. സർക്കാരിനെ കരിവാരി തേച്ച്, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ ഓരോ ചുവടുകളിലുമുണ്ട്. പ്രതിപക്ഷം പോലും ഇക്കാര്യത്തിൽ അദ്ദേഹത്തിനോട് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്.അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്,മുഖ്യമന്ത്രിയുടെ ഇമേജ് തകർത്ത്,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.വിഭാഗീയതയുടെ പേരിൽ അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന ഉൾപാർട്ടി സമരങ്ങൾ,ഇത്രയും നാൾ വേണ്ടാതിരുന്ന ചീഫ് വിപ്പ് പദവി വാങ്ങി നൽകിയതോടെ ഒന്നടങ്ങിയിട്ടുണ്ട്.അതോടെ സർക്കാരിനെ കരിവാരി തേയ്ക്കാൻ ആവേശം കൂടി.ഇതൊന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെയോ മുഖ്യമന്ത്രിയേയോ ബാധിക്കുകയുമില്ല.മുന്നണിക്കുള്ളിൽ പറയാനുള്ളത് പറയാതെ,പുറത്തിറങ്ങി പറയുന്നത് എതിരാളികൾ അംഗീകരിച്ചെന്നിരിക്കും.മുന്നണി ബന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ കൂടെയുണ്ടാകില്ല.ഒറ്റുകാരൻ എന്ന പേരും പദവിയും നേടാനെ ഈ ശ്രമങ്ങൾ ഉപകരിക്കൂ.
ഏറ്റുമുട്ടലിൽ,പോലീസ് സേനാ അംഗങ്ങൾ ആരും മാവോയിസ്റ്റുകളുടെ കൈകളാൽ കൊല്ലപ്പെടാത്തിരുന്നതിലാണ് അദ്ദേഹത്തിന്റെ വിഷമം എന്ന് തോന്നുന്നു.അവരും മനുഷ്യരല്ലേ സഖാവേ?അവർക്കും കുടുംബം ഉണ്ടാകും.അക്രമിച്ചാൽ പ്രതിരോധിച്ചെന്നിരിക്കും.എല്ലാവർക്കും വലുത് അവരവരുടെ ജീവനാണല്ലോ..
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസിംഗ് സംവിധാനവും ക്രമസമാധന ഭദ്രതയുമുള്ള സംസ്ഥാനമാണ് കേരളം.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രശസ്തി മാത്രം മുന്നിൽ കണ്ടുള്ള ഇത്തരം ആരോപണങ്ങൾ പോലീസ് സേനയുടെ ആത്മവീര്യം തകർക്കും.ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടുകളാണ് ശരിയെന്ന് കാലം തെളിയിക്കും.
നിലമ്പൂർ മാവോയിസ്റ്റ് ഭീഷണി ഏറ്റവും കൂടുതൽ നിലനിൽക്കുന്ന പ്രദേശമാണ്.ഭയപ്പാടോടെ ജീവിക്കുന്ന ഒരു ജനതയവിടെയുണ്ട്.അവർക്കൊപ്പമാണ് ഞാനും ജീവിക്കുന്നത്.പങ്ക് വയ്ക്കുന്നത് അവരുടെ ആശങ്കകളാണ്.രാത്രിയുടെ മറവിൽ വീട്ടിലെത്തി,തോക്ക് ചൂണ്ടി ആശയം പങ്ക് വച്ച്,അടുക്കളയിൽ കയറി ഭക്ഷ്യ വസ്തുക്കൾ കൈക്കലാക്കി മടങ്ങുന്നവരുടെ ഭീഷണിക്കിരയാകുന്ന സാഹചര്യം ഇവരുടെ ഒക്കെ വീടുകളിൽ ഉണ്ടാകാതിരിക്കട്ടെ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Kanam rajendran, Maoist encounter, Maoist issue, Pv anwar