തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിൽ പി വി അൻവർ എംഎൽഎയും മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബും തമ്മിൽ കോമ്പുകോർത്തു. ഫേസ്ബുക്കിൽ മുരികളുടെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് പി വി അൻവർ പോര് തുടങ്ങിവെച്ചത്. തിരുത്ത് എന്നെഴുതിയ ശേഷം 'മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല എന്ന ബഹു. മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച് ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയിൽ പെടുത്തിയിരുന്നു. തെറ്റ് വന്നതിൽ ഖേദിക്കുന്നു. ഒർജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു'- ഇങ്ങനെയാണ് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് മറുപടിയുമായാണ് പി കെ അബ്ദുറബ്ബ് രംഗത്തെത്തിയത്. 'ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്ന ഒരു എരുമ, നില്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട്(വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ പിണ്ണാക്കോ... കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്'- പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
ഏതായാലും ഇരുവരുടെയും പോസ്റ്റുകൾ ഫേസ്ബുക്കിൽ വൈറലാകാൻ അധിക സമയം ഒന്നും വേണ്ടിവന്നില്ല. നൂറുകണക്കിന് ലൈക്കുകളും കമന്റുകളുമാണ് ഇരു പോസ്റ്റുകൾക്കും ലഭിച്ചത്. പോസ്റ്റുകൾക്കു കീഴെ, ഇടതുപക്ഷത്തിന്റെയും ലീഗിന്റെയും അണികൾ തമ്മിൽ ഗംഭീര പോർവിളികളും നടക്കുന്നുണ്ട്.
Also Read-
'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി
അതിനിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കും ലഭിക്കുകയെന്ന് വി അബ്ദുറഹിമാന് പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം ജന്മനാടായ തിരൂരിലെത്തിയപ്പോൾ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വകുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്നത് തെറ്റായ വാർത്തയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് തനിക്കാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ചീഫ് സെക്രട്ടറി തനിക്ക് നല്കിയ ലിസ്റ്റില്‍ ഈ വകുപ്പ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വകുപ്പ് മാറ്റിയെന്ന് സംശയമുന്നയിക്കുന്നവര്‍ രാഷ്ടീയ ലാഭമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read-
ആലിക്കുട്ടി മുസ്ലിയാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചുവെന്ന് പ്രചാരണം; പരാതി നല്കി സമസ്ത
കേരള മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തതിലുടെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് എറ്റവും നല്ലൊരു കാര്യമാണ് ലഭിക്കുകയെന്നും വി അബ്ദുറഹിമാന് പറഞ്ഞു. വെളളിയാഴ്ച രാത്രി 11.20 ന് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് മന്ത്രി വി. അബ്ദുറഹിമാന് തിരൂര്‍ പൊനൂരിലെ വീട്ടിലെത്തിയത്. മന്ത്രിയെ സ്വീകരിക്കാനായി കുടുംബങ്ങളും നാട്ടുകാരും കാത്തു നിന്നിരുന്നു. പടക്കം പൊട്ടിച്ച് പ്രവര്‍ത്തകര്‍ മന്ത്രിയെ സ്വീകരിച്ചു. അതിനുശേഷമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും കായിക മന്ത്രിയെന്ന നിലയില്‍ പരിശ്രമിക്കുകയെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മണ്ഡലത്തില്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.