• HOME
  • »
  • NEWS
  • »
  • buzz
  • »
  • RAJ NAIR GRANDSON OF THAKAZHI SIVASANKARA PILLAI IS HERE WITH HIS SECOND NOVEL N

തകഴിയുടെ കൈവഴികളിൽ വീണ്ടും നോവൽ വസന്തം; 'കടലാസ്സു പക്കികളുമായി' രാജ് നായർ

Raj Nair, grandson of Thakazhi Sivasankara Pillai, is here with his second novel Kadalassu Pakkikal | 'കടലാസ്സു പക്കികൾ' എന്ന നോവലുമായി തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകൻ രാജ് നായർ

രാജ് നായർ, കടലാസ്സു പക്കികൾ

രാജ് നായർ, കടലാസ്സു പക്കികൾ

  • Share this:
കാലമെത്ര കടന്നാലും കുട്ടനാടിന്റെ കൈവഴികളിൽ പിറന്ന കഥകൾ എന്നാൽ വായനക്കാർക്ക് മുന്നിൽ ഒരു മുഖമേയുള്ളു, ഒരു പേരും; തകഴി ശിവശങ്കരപ്പിള്ള. മണ്ണിന്റെ ഗന്ധം നിറയുന്ന കഥകളിലൂടെ ഗ്രാമീണ സൗന്ദര്യവും, മനുഷ്യന്റെ വ്യഥയും, അവന്റെ സഹനവും സമരവും കമ്യൂണിസവും വാക്കുകളിലേക്ക് പറിച്ചുനട്ട കഥാകാരനായ തകഴി. സാഹിത്യത്തിൻറെ സർവജ്ഞപീഠമേറിയ തകഴിയുടെ കൈവഴികളിൽ വീണ്ടും കഥകൾ പൂക്കുന്നു; കൊച്ചുമകൻ രാജ് നായരിലൂടെ. തകഴിയുടെ രണ്ടാമത്തെ മകൾ ജാനമ്മയുടെ മകനാണ് രാജ് നായർ.

ഓസ്‌ട്രേലിയയിലെ മരുന്നിന്റെ മണമുള്ള ലോകത്തിരുന്നു കൊണ്ട്, രാജ് നായർ കാണുന്ന കിനാവുകളിൽ ആഴത്തിൽ വേരോട്ടമുള്ള നാടൻ മണ്ണുണ്ട്, അവിടുത്തെ മനുഷ്യരുണ്ട്, മുത്തച്ഛൻ പറഞ്ഞുവച്ചയിടത്തു നിന്നും കഥകൾ തുടരെത്തുടരെ പറയാനുള്ള ആവേശമുണ്ട്. ഇനി ആ കൊച്ചുമകൻ പറയും, കുട്ടനാടിന്റെ കഥകൾ.

അഞ്ചു വർഷത്തോളം തൻറെ തലച്ചോറിന്റെ ന്യൂറോണുകൾ വഴി ഒരു ഉന്മാദലഹരിയോടെ സഞ്ചരിച്ച കഥയുമായി അദ്ദേഹം വരികയായി, ചിറകടിച്ചു പറക്കില്ലെങ്കിലും ചിറകുകളുള്ള 'കടലാസ്സു പക്കികളുമായി'.

കൗമാരക്കാലത്തെപ്പോഴോ, നാട്ടുകാരിലൊരാൾ മുത്തച്ഛന്റെ എഴുത്തുമായി താരതമ്യപ്പെടുത്തി 'നീ ആർക്കു വേണ്ടിയാണ് എഴുതുന്നത്?' എന്ന് കൊച്ചുമകനു നേരെ ചോദ്യമുയർത്തുകയുണ്ടായി. 'ഞാൻ എനിക്കുവേണ്ടിയാണ് എഴുതുന്നത്' എന്ന് അൽപ്പം ധാർഷ്ട്യത്തോടെ പറഞ്ഞ ആ ആൺകുട്ടി അന്ന് മുതൽ തന്റെ എഴുത്തിന് ഒഴുക്ക് കൂട്ടാനുള്ള ശ്രമത്തിലായിരുന്നു.

ഓസ്ട്രേലിയയിലിരുന്നുകൊണ്ടൊരു ഫോൺ കോളിലൂടെ അദ്ദേഹം തന്റെ 'കടലാസ്സു പക്കികളെക്കുറിച്ച്' സംസാരിക്കുമ്പോൾ കേൾക്കുന്നയാൾക്കും ആ ഒഴുക്ക് അനുഭവിച്ചറിയാം.

അദ്ദേഹത്തിന് പുറമെ ഈ പുസ്തകം ലോകത്തു രണ്ടേ രണ്ടുപേർ മാത്രമേ ഇതുവരെയും വായിച്ചിട്ടുള്ളൂ; സാഹിത്യകാരന്മാരായ സച്ചിദാനന്ദനും, എസ്. ഹരീഷും. സച്ചിദാനന്ദന്റെ വാക്കുകളിലെ 'കടലാസ്സു പക്കികൾ' ഇങ്ങനെ:
"സ്വന്തം മണ്ണില്‍ വേരുറപ്പിച്ചു നിന്ന് ദേശത്തേയ്ക്കും ലോകത്തേയ്ക്കും ശാഖകള്‍ പടര്‍ത്തുന്ന ഒരു വലിയ അനുഭവലോകമാണ് രാജ് നായരുടെ ‘കടലാസുപക്കികള്‍’ സഹൃദയര്‍ക്കു മുന്‍പില്‍ തുറന്നിടുന്നത്. കെട്ടുകള്‍ പൊട്ടിക്കുന്ന വാസനകളുടെ ലോകവും മനുഷ്യനിര്‍മ്മിതമായ നിയമങ്ങളുടെ ലോകവും, എല്ലാവരും പരസ്പരമറിയുന്ന ഒരു കുട്ടനാടന്‍ നാട്ടിന്‍പുറത്തിന്റെ ഊഷ്മളവും വ്യഥിതവും അഭിലാഷപൂര്‍ണ്ണവും അസൂയാകലുഷിതവുമായ സൂക്ഷ്മജീവിതവും ഗൂഢാലോചനകളും യുദ്ധങ്ങളും അടിമത്തവും കാരാഗൃഹങ്ങളും അപരിചിതരുടെ അപൂര്‍വ്വസൌഹൃദങ്ങളും ശബ്ദായമാനമാക്കുന്ന പുറത്തെ സ്ഥൂലജീവിതവും: ഇവ മിത്തും കവിതയും ദൈനംദിനജീവിതത്തിന്റെ പരുഷഗദ്യവും സമ്പന്നമാക്കുന്ന ഈ താളുകളില്‍ പരസ്പരം പൂരിപ്പിച്ചും പോരടിച്ചും ജീവിതം കണ്ടെത്തുന്നു. മൂന്നു തലമുറകളുടെ ചതുരമായ ആഖ്യാനങ്ങളിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിലെ ആദര്‍ശപരിവര്‍ത്തനങ്ങളും രാഷ്ട്രീയപരിണാമങ്ങളും ജയാപജയങ്ങളും ഒരു ചൈനീസ്ചുരുളിലെന്ന പോലെ കറുപ്പും വെളുപ്പും നിറങ്ങളുമായി നമുക്കു മുന്നില്‍ വിടരുന്നു. ഇതിലെ കൃഷ്ണന്റെ ദുരന്തകഥയില്‍ കുടുംബത്തിന്നായി ജീവിതമര്‍പ്പിച്ചു ഒന്നുമില്ലാത്തവരായിത്തീരുന്ന ഒരു പാട് ജന്മങ്ങളുടെ കഥയുണ്ട്. മസൃണകാല്‍പ്പനികതയെ നിരന്തരം വെല്ലുവിളിക്കുന്ന, പ്രേതങ്ങള്‍ക്ക് ജീവന്‍ വെയ്ക്കുകയും ജീവനുള്ളവര്‍ പ്രേതങ്ങളാവുകയും ചെയ്യുന്ന പരുക്കന്‍യാഥാര്‍ത്ഥൃത്തിന്റെ ഈ ബ്രുഹദ്കഥ, അസ്തിത്വത്തിന്റെ സകലമാനങ്ങളിലേയ്ക്കും പടര്‍ന്നു കയറുന്നു. കൊറ്റേലി എന്ന ഗ്രാമത്തിലും, ഇന്ത്യന്‍ സൈനികത്താവളങ്ങളിലും കാശ്മീരിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ദുബായിയിലും ജെര്‍മ്മനിയി ലുമായി പടര്‍ന്നു കിടക്കുന്ന രതി-വിരതികളുടെയും ഉയര്‍ച്ച-താഴ്ചകളുടെയും ഈ ആഖ്യാനത്തിലെ മനുഷ്യരില്‍- കൃഷ്ണന്‍, ശാന്ത, കൃഷ്ണന്റമ്മ, വേലുപ്പറയന്‍, സത്യന്‍, മൊയ്തീന്‍, പാവനന്‍, ശശി, മിനി, വേണു, പൊന്നമ്മ, രാധമ്മ, ഫൈസ,കംല, കോര്‍ണീലിയ, അജയന്‍, ലീല, ദേവദാസന്‍...- കഥാകാരന്റെയെന്ന പോലെ നമ്മുടെയെല്ലാം ജ്ഞാതവും അജ്ഞാതവുമായ അംശങ്ങളുണ്ട്. ഒപ്പം, പഴയ പ്രകൃതിയുടെയും ജീവിതത്തിന്റെയും കട പുഴക്കുന്ന റെയില്‍വേയുടെ ആഗമനവും, പുതുജന്മികളുടെയും വ്യാപാരികളുടെയും ഉയര്‍ച്ചയും, പഴയ നാട്ടിന്‍പുറത്തിന്റെ അനുക്രമമായ മാറ്റവും, ടൂറിസവും, യുദ്ധവും ഭീകരവാദവും, ഗള്‍ഫ് അടിമത്തവും, കമ്മ്യൂണിസത്തിന്റെ രണ്ടു കാലങ്ങളും, സംഘരാഷ്ട്രീയത്തിന്റെ പതിഞ്ഞാട്ടവും, മനുഷ്യബന്ധങ്ങളില്‍ വന്നു പെടുന്ന പലതരം ഇടര്‍ച്ചകളും എല്ലാം ചേര്‍ന്ന ചരിത്രപരിണാമം, സാന്ദ്രവും സുഘടിതവുമായ ഈ നോവലിന്റെ വര്‍ത്തമാനത്തില്‍ ചുഴികളും മലരികളുമുയര്‍ത്തി അടിയൊഴുക്കായി വര്‍ത്തിക്കുന്നു." - കെ. സച്ചിദാനന്ദൻ 

പതിറ്റാണ്ടുകൾക്ക് മുൻപ് വിദേശത്തേക്ക് കുടിയേറിയ രാജ് നായർ പക്ഷെ തന്റെ കഥ പറയുന്നത് 60 വർഷങ്ങൾക്ക് മുൻപുള്ള കുട്ടനാട്ടിൽ നിന്നുമാണ്. "കൊറ്റേലി എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. പത്താം ക്ലാസ് കഷ്‌ടിച്ചു കടന്നുകൂടിയ കൃഷ്ണൻ അമ്മയും മൂന്നു പെങ്ങന്മാരും അടങ്ങുന്ന കുടുംബത്തിന്റെ സുരക്ഷയ്ക്കായി പട്ടാളത്തിൽ ചേരുന്നു. അച്ഛൻ എന്നോ ഒരിക്കൽ ജോലിതേടി നാടുവിട്ടതാണ്. അയാളുടെ കാമുകിയായി, ക്ഷയിച്ചുപോയ ഒരു നായർ തറവാട്ടിലെ ശാന്ത എന്ന യുവതി എത്തുന്നു. സ്വത്തുക്കൾ സർവ്വതും വിറ്റു വിറ്റു ജീവിക്കുന്ന ആ കുടുംബത്തിൽ നിന്നും അവൾ അയാൾക്കൊപ്പം ജീവിക്കാനിറങ്ങിത്തിരിക്കുന്നു. സോഷ്യലിസം വിളമ്പുന്ന ശാന്തയുടെ മുറച്ചെറുക്കൻ ആ നാട്ടിൽ ഉന്നതവിദ്യാഭ്യാസമുള്ള ഏക യുവാവാണ്. അയാൾ ഗ്രാമീണരിലേക്ക്‌ കമ്യൂണിസത്തിന്റെ പാഠങ്ങൾ എത്തിക്കുന്നു. അവിടെ ജാതിപറയുന്ന മനുഷ്യരുണ്ട്. നാട്ടകം ചർച്ച ചെയ്യുന്ന തയ്യൽക്കാരനും മുടിവെട്ടുകാരനുമുണ്ട്," രാജ് നായർ തന്റെ കഥയുടെ പശ്ചാത്തലം വിവരിക്കുന്നു.

എന്നോ ഒരിക്കൽ ജോലിതേടിപ്പോയ അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിയാത്ത കൃഷ്ണൻ ഒരുതരം സ്കിറ്സോഫ്രീനിയക്ക് അടിമപ്പെടുന്നുണ്ട്. ആ നാട്ടിൽ കൊലചെയ്യപ്പെട്ട കൊറ്റേലി ചെല്ലപ്പൻ എന്ന ആളിന്റെ പ്രേതം കൃഷ്ണനെ ബാധിക്കുന്നു.

"പ്രേതം അഥവാ ഗന്ധർവന്റെ സാധ്യത കഥ പറയാൻ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ കൃഷ്ണന്റെ അമ്മ എനിക്കൊപ്പം നിൽക്കുന്നയാളാണ്. എഴുത്തുകാരന് പറയാൻ കഴിയാത്ത കാര്യങ്ങൾ അവർ സംസാരിക്കുന്നു."

തത്ക്കാലം ഇവിടെ നിർത്താം. കുട്ടനാടൻ എഴുത്തിന്റെ ഉള്ളറകളിലേക്കുള്ള പ്രവേശനം 'കടലാസ്സു പക്കികളുടെ' വായനയിലൂടെയാവാം.

'നിശ്ശബ്ദതയിലെ തീർത്ഥാടകർ' എന്ന ആദ്യ നോവലിന് ശേഷമുള്ള രാജ് നായരുടെ രചനയാണിത്. 2015ൽ ആരംഭിച്ച 'കടലാസ്സു പക്കികളുടെ' എഴുത്തവസാനിച്ചത് 2020 സെപ്റ്റംബറിലാണ്. കാലമത്രയും കൊണ്ട് വാർത്തെടുത്ത വൈകാരിക തീവ്രത തന്റെ രചനയിൽ പ്രവേശിച്ചു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഏപ്രിൽ 17ന് 'തകഴി സാഹിത്യോത്സവത്തിൽ' പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്.

'പുണ്യം അഹം' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിലും രാജ് നായർ മലയാള സാഹിത്യലോകത്ത് പരിചിതനാണ്.

പുസ്തകം ഡി.സി.ബുക്ക്സ് വഴി വായനക്കാരിലേക്കെത്തും.
Published by:Meera Manu
First published:
)}