ലോകത്തെ ഒരു മികച്ച സ്ഥലമാക്കി മാറ്റാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു മനസ്സാക്ഷിക്ക് ജീവിതത്തിലെ ഏത് സമയത്തും വളരാന്‍ സാധിക്കും. പരിസ്ഥിതിയുടെ പുരോഗതി ഒരു കൂട്ടായ ഉത്തരവാദിത്തമാണ്, അതിന്റെ ഉത്തരവാദിത്തം നമുക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നു. തിരുത്തലിന്റെയും ശുദ്ധീകരണത്തിന്റെയും ഈ പ്രക്രിയയില്‍ മികച്ച രീതിയില്‍ സംഭാവന നടത്തുന്ന ഒരു രാജസ്ഥാനി കൗമാരക്കാരന് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. തന്റെ ചുറ്റുപ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ വളരെ സമര്‍ത്ഥമായി മാറ്റുകയാണ് 17കാരനായ ആദിത്യ ബാംഗര്‍.
ഇതിനായി ഭില്‍വാര ജില്ലയില്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുണിത്തരങ്ങളായി മാറ്റുന്ന 'ട്രാഷ് ടു ട്രഷര്‍' എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സ്ഥാപിച്ച് പരിസ്ഥിതിയോടുള്ള തന്റെ ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വഹിച്ചിരിക്കുകയാണ് ആദിത്യ. കാഞ്ചന് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ ടെക്സ്റ്റൈല്‍ നിര്‍മ്മാണ വ്യവസായം നടത്തുന്ന കുടുംബത്തില്‍ നിന്നുള്ള ആദിത്യ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവനോടൊപ്പം ചൈനയിലേക്ക് ഒരു യാത്ര പോയിരുന്നു. യാത്രയുടെ ഉദ്ദേശ്യം പുതിയ തുണി നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഇന്ത്യന്‍ വ്യവസായത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
ആ യാത്രയിലൂടെ ആദിത്യ അത് സാധിക്കുക തന്നെ ചെയ്തു. ''വലിയ അളവിലുള്ള മാലിന്യങ്ങളെ, തുണിത്തരങ്ങളായോ ധരിക്കാവുന്ന ഗുണമേന്മയുള്ള വസ്ത്രങ്ങളായോ മാറ്റുന്ന ഒരു യൂണിറ്റ് ഞാന്‍ അവിടെ (ചൈന) കണ്ടു. ഭൂമിയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം, ഈ പ്രക്രിയയിലൂടെ മികച്ച ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും പ്രാദേശിക പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു,''ഇപ്പോള്‍ 12 -ാം ക്ലാസില്‍ പഠിക്കുന്ന ആദിത്യ, ദി ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു.
ഈ ആശയത്തില്‍ ആകൃഷ്ടനായ ആദിത്യ, ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ അത് തന്റെ കുടുംബ വ്യവസായത്തിലേക്ക് എത്തിക്കുകയും ചെയ്തു. അവന്റെ കുടുംബം ഈ ആശയത്തെ പിന്തുണച്ചു. കാഞ്ചന് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് തന്നെ ആദിത്യക്ക് തന്റെ ബിസിനസ്സിനായി മുടക്കുമുതല്‍ ലഭിച്ചു. ആദിത്യയുടെ കമ്പനി ഇപ്പോള്‍ അത്തരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഒരു വിദേശ കമ്പനിയുമായി സഹകരിച്ചു ഭില്‍വാരയില്‍ ഒരു നിര്‍മാണശാല സ്ഥാപിക്കുകയും ചെയ്തു.
കമ്പനി, പിഇടി-ഗ്രേഡ് പ്ലാസ്റ്റിക്കുകളില്‍ നിന്ന് മോടിയുള്ളതും ഈടുനില്‍ക്കുന്നതുമായ തുണിത്തരങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. കൂടാതെ ധരിക്കാവുന്ന വസ്ത്രങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്. പ്രാദേശിക സ്രോതസ്സുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയും മായം കലര്‍ന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. അതിനുശേഷം അത് തരികളാക്കി ഉരുകി നല്ല പ്ലാസ്റ്റിക്ക് ഫിലമെന്റാക്കുന്നു, അത് പരുത്തിയില്‍ കലര്‍ത്തി നാരുകള്‍ ഉത്പാദിപ്പിക്കുന്നു.
2021 ജനുവരി മുതല്‍ തന്റെ കമ്പനി 10,000 കിലോഗ്രാം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചുവെന്ന് ആദിത്യ അവകാശപ്പെടുന്നു. മുമ്പ്, ആദിത്യ ഒരു കിലോഗ്രാമിന് 40 രൂപ നിരക്കില്‍ പ്ലാസ്റ്റിക്ക് മാലിന്യം വാങ്ങാറുണ്ടായിരുന്നു, അത് കമ്പനിക്ക് ലാഭകരമല്ല. അതിനാല്‍ ഇപ്പോള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്കായി പോര്‍ട്ടല്‍ തുറന്നിരിക്കുകയാണ് കമ്പനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.