നല്ല നീളമുള്ള കേശം എപ്പോഴും സ്ത്രീകള്‍ക്ക് അഴകു നല്‍കുന്ന ഒന്നാണല്ലോ. ഉക്രെയ്നിൽ നിന്നുള്ള മുപ്പത്തിയഞ്ചുകാരിയായ അലീന ക്രാവ്ചെങ്കോയുടെ ആറടി നീളമുള്ള മുടിയാണ് സ്ത്രീകള്‍ക്കിടയില്‍ സംസാര വിഷയമാകുന്നത്. തനിക്ക് അഞ്ച് വയസ്സ് തികഞ്ഞതിന് ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷക്കാലത്തിനിടയില്‍ ഇന്നുവരെ ഒരു തവണ പോലും മുടി മുറിച്ചിട്ടില്ലെന്ന് ഈ യുവതി പറയുന്നു.
ഇപ്പോളാകട്ടെ, ഡിസ്നി കഥകളിലെ ഒരു രാജകുമാരിയെപ്പോലെ ഇടതൂര്‍ന്ന് വളര്‍ന്നതും നല്ല ദൈര്‍ഘ്യമേറിയതുമായ സ്വര്‍ണ്ണ മുടിയുമുള്ള സുന്ദരിയായിട്ടാണ് അവള്‍ കാണപ്പെടുന്നത്. ഇത്രയും കാലം മുടി ഈ വിധം പരിപാലിച്ചു കൊണ്ടുവരിക എന്നത് അവളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഇടയ്ക്കിടെ വല്ലപ്പോഴുമുള്ള ട്രിമ്മിംഗ് ഒഴികെ ഒരിക്കലും അവള്‍ തന്റെ മുടി മുറിച്ചിട്ടില്ലെന്നതിനാൽ, മുടി അതേപടി നിലനിർത്താൻ അവൾക്ക് ഭഗീരഥയത്നം തന്നെ നടത്തേണ്ടിവരുന്നുണ്ട്. ഇപ്പോൾ, അലീനയുടെ ഉയരത്തെക്കാള്‍ കൂടുതലായി വളര്‍ന്നിരിക്കുകയാണ് 6.5 അടി നീളമുള്ള അവളുടെ മുടി. അലീന മുടിക്കെട്ട് അഴിച്ചിടുമ്പോൾ അവളുടെ മുടി പാദഭാഗത്ത് ചുരുളുകളായി അടിഞ്ഞു കൂടി വലിയൊരു കൂമ്പാരമായി മാറുന്നുണ്ട്.
ഒരു പാവയുടേതുപോലുള്ള അവളുടെ സുന്ദരമായ സ്വർണ്ണ മുടി, ഡിസ്നി രാജകുമാരിയായ റാപ്പുൻസെലിന്റേതുപോലെയാണ് കാണുന്നത്. അലീനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോള്‍ ഏതാണ്ട് എഴുപതിനായിരത്തോളം ഫോളോവേഴ്‌സ് ആണുള്ളത്. അവരെല്ലാം തന്നെ അവളുടെ മുടി വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. തന്റെ ഫോളോവേഴ്സിനെ അത്ഭുതപ്പെടുത്താനും അവര്‍ തന്റെ മുടിയെ ആരാധിക്കാനുമായി അലീന അവളുടെ മുടിയുടെ മനോഹരമായ ഫോട്ടോകള്‍ അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇടയ്ക്കിടെ പോസ്റ്റുചെയ്യാറുണ്ട്. ഒരു മല്‍സ്യ കന്യകയെപ്പോലെയും രാജകുമാരിയെപ്പോലെയും വേഷം ധരിച്ച് മുടിക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള ഫോട്ടോകള്‍ കൊണ്ട് അലീനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിറഞ്ഞിരിക്കുകയാണ്. വ്യത്യസ്ത കളര്‍ ഷേഡുകളില്‍ അവയൊക്കേ ഏറെ മനോഹരവുമാണ് !
ഒരു സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യം അവളുടെ തലമുടിയിലാണെന്ന് അലീനയുടെ അമ്മ അവളോട് പറഞ്ഞതിന് ശേഷം ഒരിക്കലും മുടി മുറിക്കരുതെന്ന് അവള്‍ തീരുമാനിച്ചുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ആറുമാസത്തിലൊരിക്കൽ അവൾ തന്റെ മുടിയുടെ അഗ്രഭാഗം മുറിക്കാറുണ്ട്. തന്റെ മുടി ഇത്രയേറെ നീളമുള്ളതായതിനാല്‍ ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവള്‍ക്ക് മുടി കഴുകാൻ സാധിക്കുന്നുള്ളൂ, മാത്രമല്ലാ, 40-60 മിനിറ്റ് അതിനായി അവൾക്ക് നീക്കിവയ്ക്കേണ്ടതായി വരുന്നുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.