ഛത്തീസ്ഗഡിലെ (Chhattisgarh) ബസ്തര്‍ (Bastar) നക്സലൈറ്റുകളുടെയും മാവോയിസ്റ്റുകളുടെയും സാന്നിധ്യം കൊണ്ട് മാത്രമല്ല, വ്യത്യസ്തമായ വിഭവങ്ങളുടെ പേരിലും പ്രസിദ്ധമാണ്. ചപ്പട എന്ന് പേരുള്ള, ചോണനുറുമ്പ് (Red Ant) കൊണ്ടുണ്ടാക്കുന്ന ചമ്മന്തി ഇവിടേക്ക് വിദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള സന്ദർശകരെ ആകർഷിക്കുന്ന വിഭവമാണ്. ബസ്തറിലെ ഗോത്ര ജനവിഭാഗങ്ങളുടെ പ്രധാന ഭക്ഷണമാണ് ചോണനുറുമ്പ് ചമ്മന്തി. ചപ്പട മാത്രമല്ല ബസ്തറിലെ മറ്റു നിരവധി പരമ്പരാഗത ഗോത്ര ഭക്ഷണങ്ങളും പ്രസിദ്ധമാണ്. ആദിവാസികള്‍ക്കിടയില്‍ ചോണനുറുമ്പ് ചമ്മന്തിയ്ക്കും സമാനമായ മറ്റു വിഭവങ്ങൾക്കുമുള്ള ജനപ്രീതി തിരിച്ചറിഞ്ഞ് അതിനെ ഒരു വരുമാനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് ഛത്തീസ്ഗഢിലെ ഒരു യുവാവ്.
രാജേഷ് യാലം എന്ന ആ ആദിവാസി യുവാവിന്റെ ധാബ ഇന്ന് പ്രസിദ്ധമാണ്. ചോണനുറുമ്പ് കൊണ്ടുള്ള വിഭവങ്ങളിലൂടെ അദ്ദേഹം ധാരാളം പണം സമ്പാദിക്കുന്നു. ജഗദല്പൂരിനെ ബസ്തര്‍ ഡിവിഷണല്‍ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബീജാപ്പൂരിലെ നാഷണല്‍ ഹൈവേ-63 പാതയുടെ അരികിലാണ് രാജേഷിന്റെ ധാബ സ്ഥിതി ചെയ്യുന്നത്. മുര്കിനാറിലെ ജഗദല്‍പൂരിലാണ് 'ആംചോ ബസ്തര്‍' ധാബ പ്രവര്‍ത്തിക്കുന്നത്. ഗോത്രവര്‍ഗക്കാരനും 23 വയസ്സുമാത്രവുമുള്ള രാജേഷ് തന്നെയാണ് ധാബയുടെ ഉടമസ്ഥന്.
ഛത്തീസ്ഗഡില്‍ മാത്രമല്ല, ഇപ്പോള്‍ രാജ്യമെമ്പാടും രാജേഷ് തന്റെ പേര് ഒരു ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ്. ലോകപ്രശസ്തമായ ചോണനുറുമ്പ് ചമ്മന്തിയ്ക്കും ബസ്തറിലെ മറ്റു പലഹാരങ്ങള്‍ക്കും വേണ്ടി ഒട്ടേറേ പേരാണ് ഇപ്പോള്‍ രാജേഷിന്റെ ധാബ തേടിയെത്തുന്നത്. മെനുവില്‍ ചോണനുറുമ്പ് ചമ്മന്തി ഉൾപ്പെടുന്ന രാജ്യത്തെ ഒരേയൊരു ധാബയായിരിക്കും രാജേഷിന്റെ 'ആംചോ ബസ്തര്‍'. ചോണനുറുമ്പ് കൊണ്ടുള്ള ചമ്മന്തി കൂടാതെ സൂപ്പ്, അച്ചാര്‍, ബടി എന്നിവയും രാജേഷ് ഇവിടെ വിൽക്കുന്നുണ്ട്.
രഖിയ ബടി, മൂങ് ബടി, ഊരാദ് ബടി എന്നിവ ഉണ്ടാകുന്നത് പോലെ തന്നെയാണ് ചോണനുറുമ്പ് ബടിയും തയ്യാറാക്കുന്നതെന്ന് രാജേഷ് പറയുന്നു. ചോണനുറുമ്പും മറ്റ് പതിവ് ചേരുവകളും ചേർത്ത് കുഴച്ചെടുത്ത് ഉരുളകളാക്കി മാറ്റുന്നു. അതിനു ശേഷം വെയിലത്ത് ഉണക്കണം. അതുപോലെ ചോണനുറുമ്പ് അച്ചാര്‍ ഉണ്ടാക്കുന്നത് മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന രീതിയിലാണ്. തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് പോലെ തന്നെയാണ് റെഡ് ആന്റ് സൂപ്പും ഉണ്ടാക്കുന്നത്. ധാബയില്‍ ആവശ്യാനുസരണമാണ് ഈ വിഭവങ്ങൾ ഉണ്ടാക്കി നൽകുക.
ആംചോ ബസ്തര്‍ ധാബയില്‍ ബസ്തറിലെ ലോകപ്രശസ്തമായ വിഭവം ചോണനുറുമ്പ് ചമ്മന്തി (ചപ്പട), ബാംബൂ ചിക്കന്‍, സുക്സി, ഭേണ്ഡാ ജോര്, എഗ്ഗ് പുഡ്ഗ, മധുരപലഹാരങ്ങള്‍, മഹുവ ലഡ്ഡു, മഡിയ പെര്‍ച്ച്, ലാന്‍ഡ (റൈസ് വൈന്‍) തുടങ്ങി അതാത് സീസണിലെ ഏറ്റവും മികച്ച വിഭവങ്ങള്‍ ലഭ്യമാണെന്ന് രാജേഷ് പറയുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.