• HOME
  • »
  • NEWS
  • »
  • buzz
  • »
  • 71കാരനെ കാണാതായി; ശരീരാവശിഷ്ടങ്ങൾ മുതലയുടെ വയറ്റിൽ കണ്ടെത്തി

71കാരനെ കാണാതായി; ശരീരാവശിഷ്ടങ്ങൾ മുതലയുടെ വയറ്റിൽ കണ്ടെത്തി

ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം, മുതലയെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് മുതലയെ ദയാവധം ചെയ്യുകയും വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.

News18

News18

  • Share this:
അമേരിക്കയിലെ ലൂസിയാന സ്വദേശിയായ 71 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലയുടെ വയറിനുള്ളിൽ നിന്ന് കണ്ടെത്തി. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്ന മുതലയാണിതെന്നാണ് വിലയിരുത്തൽ. 12 അടി നീളമുള്ള മുതലയുടെ വയറ്റിൽ നിന്നാണ് മനുഷ്യാവശിഷ്ടം കണ്ടെത്തിയത്.

ചുഴലിക്കാറ്റിന് ശേഷം ഓഗസ്റ്റ് 30നാണ് 71-കാരനായ തിമോത്തി സാറ്റർലീ മുതലയുടെ ആക്രമണത്തിന് ഇരയായത്. യുഎസിലെ പോണ്ട്ചാർട്രെയിൻ തടാകത്തിന്റെ വടക്കൻ തീരത്തുള്ള ന്യൂ ഓർലിയാൻസിന്റെ പ്രാന്തപ്രദേശമായ സ്ലിഡെല്ലിൽ നടക്കാൻ ഇറങ്ങിയതിനിടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം, മുതലയെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് മുതലയെ ദയാവധം ചെയ്യുകയും വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. നൂതന ഡിഎൻഎ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തിമോത്തി മുതലയുടെ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 29 ന് ഐഡ ചുഴലിക്കാറ്റ് പ്രദേശത്ത് വളരെയധികം നാശമുണ്ടാക്കിയിരുന്നു. എല്ലായിടത്തും വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി, തെക്കൻ ലൂസിയാനയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ഫോൺ സേവനങ്ങളും നിലച്ചു.

തിമോത്തിയുടെ ഭാര്യ തന്റെ വീടിന് പുറത്ത് വലിയ ശബ്ദം കേട്ടുവെന്നും പുറത്തുപോയയുടനെ ഒരു മുതല തന്റെ ഭർത്താവിനെ ആക്രമിക്കുന്നത് കണ്ടുവെന്നും വ്യക്തമാക്കിയിരുന്നു. ഭാര്യ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേയക്കും തിമോത്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ഒരു വീട്ടിൽ അടുത്തിടെ 8 അടി നീളമുള്ള മുതല പ്രവേശിച്ചിരുന്നു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുതലയെ ഭയന്ന് വീട്ടുകാരും സമീപപ്രദേശത്തുള്ളവരും പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് മുതലയെ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉദ്യോഗസ്ഥർ പിടികൂടിയ മുതല കെണിയിൽ നിന്ന് പുറത്തുകടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

മുതല ഒരു വീട്ടിലേക്ക് കയറുന്നത് കണ്ട് പ്രദേശത്തെ ആളുകൾ പരിഭ്രാന്തരായി. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ രക്ഷിച്ചതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ ചുമതലയുള്ള രാജ്‌വീർ സിംഗ് പറഞ്ഞു.

Read also: മരണത്തെ മുഖാമുഖം കണ്ടു; വാക്സിൻ നിരസിച്ച മോഡൽ ഒടുവിൽ വാക്സിൻ ബോധവത്ക്കരണത്തിൽ സജീവം

തൊട്ടടുത്തുള്ള കുളത്തിൽ നിന്നാകാം മുതല വീട്ടിലെത്തിയതെന്നും സിംഗ് പറഞ്ഞു. കനത്ത മഴ കുളത്തിന്റെ ജലനിരപ്പ് വർദ്ധിപ്പിച്ചുവെന്നും അതിനാൽ രക്ഷപ്പെടാൻ മൃഗം ജനവാസ മേഖലയിലേക്ക് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുതലയെ വീണ്ടും കുളത്തിലേക്ക് തുറന്നുവിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രക്ഷാപ്രവർത്തനം കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയിരുന്നു. മുതലയെ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ആളുകൾക്ക് ആശ്വാസമായത്.
കഴിഞ്ഞ മാസം, കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കോഗിലബന്ന ഗ്രാമത്തിലൂടെ ഒരു മുതല ഇഴഞ്ഞു നീങ്ങുന്ന വീഡിയോ വൈറലായിരുന്നു.
Published by:Sarath Mohanan
First published: