വിവാഹിതയായി പത്ത് വർഷത്തോളം ഭർത്താവിനെയും വീട്ടുകാരെയും പരിചരിച്ച് വീട്ടിലെ പണികൾ നോക്കി ജീവിച്ചു. ഒടുവിൽ ഒരുഘട്ടത്തിൽ അടുക്കള ഉപേക്ഷിച്ച്, കത്തിയും പാത്രങ്ങളും ഒഴിവാക്കി പുസ്തകവും പേനയും കയ്യിലെടുത്തു. കശ്മീരി യുവതി സബ്രീന ഖാലിക് ആണ് ഈ പുതു ചരിത്രം രചിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് അവർ പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ തീരുമാനിച്ചത്. ഈ വർഷം ഫലം വന്നപ്പോൾ ബോർഡ് പരീക്ഷയിൽ 93 ശതമാനം മാർക്കോടെ സബ്രീന വിജയിച്ചു.
കുപ്വാര സ്വദേശിയായ സബ്രീന വിവാഹത്തോടെയാണ് പഠനം അവസാനിപ്പിച്ചത്. പിന്നീട് കുടുംബത്തിന് വേണ്ടിയായിരുന്നു ജീവിതം. മൂന്ന് മക്കളുടെ അമ്മ കൂടിയായ സബ്രീന പത്ത് വർഷത്തോളം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തി. എട്ട് വയസ്സും ആറ് വയസ്സുമുള്ള രണ്ട് കുട്ടികളും ഒരു ചെറിയ കുട്ടിയുമാണ് സബ്രീനക്കുള്ളത്. ഭർത്താവിൻെറ വീട്ടിൽ ഒരുപാട് കാര്യങ്ങൾ അവർക്ക് നോക്കാനുണ്ടായിരുന്നു. ഭർത്താവിൻെറ പ്രായമായ രക്ഷിതാക്കളും മൂന്ന് സഹോദരിമാരും ആ വീട്ടിൽ തന്നെയാണ് ഉള്ളത്.
“കുട്ടികൾ വലുതാകാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. പഠനം നിർത്തി പത്ത് വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ഞാൻ വീണ്ടും പഠിക്കാൻ തീരുമാനിച്ചത്,” സബ്രീന പറഞ്ഞു. തുടർന്ന് പഠിക്കാനുള്ള തീരുമാനത്തിന് വീട്ടിൽ നിന്നും ഉറച്ച പിന്തുണയാണ് ലഭിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. “ഭർത്താവിൻെറ അമ്മയാണ് ബോർഡ് പരീക്ഷയുടെ അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അയക്കാൻ പറഞ്ഞത്. അതിന് ശേഷം എനിക്ക് പഠനത്തിനായി കുറച്ച് സമയം കണ്ടെത്തണമായിരുന്നു. അതിനും വീട്ടിലുള്ളവർ പിന്തുണ നൽകി. ഏതായാലും ആ ശ്രമം ഇപ്പോൾ വിജയകരമായി,” സബ്രീന പറഞ്ഞു.
ഭർത്താവിൻെറ സഹോദരങ്ങളും അവരുടെ ഭർത്താക്കൻമാരുമെല്ലാം പഠനകാര്യങ്ങളിൽ സബ്രീനയെ സഹായിച്ചു. അവരെല്ലാം ബിരുദധാരികളാണ്. സബ്രീനയുടെ ഭർത്താവ് ഗണിത അധ്യാപകനാണ്. അദ്ദേഹം തന്നെയാണ് പഠനത്തിന് സബ്രീനയെ സഹായിച്ചത്. “ഗണിതത്തിൽ അവൾ അൽപം പിന്നോട്ടായിരുന്നു. എന്നാൽ ഒരുമിച്ച് ഇരുത്തി പഠിപ്പിച്ചപ്പോൾ നന്നായി പഠിച്ചു,” സബ്രീനയുടെ ഭർത്താവ് സാജദ് അഹമ്മദ് ധർ ന്യൂസ് 18നോട് പറഞ്ഞു. 2012ലാണ് ഇരുവരും വിവാതിരാവുന്നത്. പ്രണയ വിവാഹം ആയിരുന്നു. വളരെ നേരത്തെ തന്നെ വിവാഹിതയായി വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്നപ്പോൾ സബ്രീനയുടെ കാര്യത്തിൽ തനിക്ക് കുറ്റബോധം തോന്നിയിരുന്നുവെന്ന് സാജദ് അഹമ്മദ് പറഞ്ഞു. എന്നാൽ ഭാര്യ മികച്ച വിജയം നേടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്വാരയിലെ ഗ്രാമപ്രദേശമാണ് അവൂറ. ഇവിടെയാണ് സബ്രീനയുടെ കുടുംബം താമസിക്കുന്നത്. പ്രൈവറ്റായി പരീക്ഷയെഴുതി മികച്ച മാർക്കോടെ ഒരാൾ പാസ്സാവുന്നത് അവൂറയിൽ അപൂർവ സംഭവമാണ്. “ഇപ്പോഴാണ് പത്താം ക്ലാസ്സ് പാസ്സായതെന്ന് പറയാൻ എനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രശംസ വലിയ ആത്മവിശ്വാസം പകരുന്നുണ്ട്,” സബ്രീന പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kashmir