ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജിന് (Ricky Kej) ഗ്രാമി പുരസ്കാരം. മൂന്നാം തവണയാണ് കേജ് ഗ്രാമി പുരസ്കാരം നേടുന്നത്. ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബമാണ് ഇക്കുറി കേജിനെ പുരസ്കാരത്തിനർഹനാക്കിയത്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വെച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അമേരിക്കൻ സംഗീതജ്ഞനായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായി സഹകരിച്ചാണ് ‘ഡിവൈൻ ടൈഡ്സ്’ പുറത്തിറക്കിയത്. ഇരുവരും ഒന്നിച്ചാണ് പുരസ്കാരം പങ്കിട്ടത്. 2022-ൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം ഇരുവരും ചേർന്ന് നേടിയിരുന്നു. 2015-ൽ, ആദ്യം പുറത്തറിക്കിയ ആൽബമായ ‘വിൻഡ്‌സ് ഓഫ് സംസാര’ക്കും റിക്ക് കേജ് ഗ്രാമി അവാർഡ് നേടിയിരുന്നു.
ലോകമെമ്പാടുമുള്ള കലാകാരന്മാർ ‘ഡിവൈൻ ടൈഡ്സി’ൽ അണിനിരക്കുന്നുണ്ട്. പ്രകൃതിയോടുള്ള ആദരവായാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ഈ ആൽബത്തിൽ ഹിമാലയത്തിന്റെ അതിമനോഹരമായ സൗന്ദര്യം മുതൽ സ്പെയിനിലെ മഞ്ഞുമൂടിയ വനങ്ങളുടെ വശ്യഭംഗി വരെ ഒപ്പിയെടുത്തിരിക്കുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച എട്ടോളം സംഗീത വീഡിയോകളാണ് ആൽബത്തിലുള്ളത്.
Also read: Metro | മെട്രോയിൽ ഡാൻസ് വീഡിയോ വേണ്ട; ‘നാട്ടു നാട്ടു’ പോസ്റ്റ് ചെയ്ത് നിയന്ത്രണവുമായി ഡൽഹി മെട്രോ
‘ഡിവൈൻ ടൈഡ്സ് ഗ്രാമി’ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഒരു ബഹുമതിയായി കരുതുന്നു എന്നാണ് നോമിനേഷൻ വാർത്ത അറിഞ്ഞതിനു ശേഷം കേജ് പ്രതികരിച്ചത്. ഇതൊരു ക്രോസ്-കൾച്ചറൽ ആൽബം ആണെങ്കിലും, അതിന് ശക്തമായ ഇന്ത്യൻ വേരുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാമനിർദ്ദേശം തന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തെ പ്രചോദിപ്പിക്കാൻ കഴിയു തരത്തിലുള്ള സംഗീതം സൃഷ്ടിക്കാൻ കൂടുതൽ പ്രേരണ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമി അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും നാലാമത്തെ ഇന്ത്യക്കാരനുമാണ് റിക്കി കേജ്. അമേരിക്കൻ ഗായകനും സംഗീതസംവിധായകനുമായ സ്റ്റുവർട്ട് കോപ്‌ലാൻഡ് അഞ്ച് തവണ ഗ്രാമി അവാർഡ് നേടിയിട്ടുണ്ട്. ലോകമെമ്പാടും 75 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിച്ച ബ്രിട്ടീഷ് റോക്ക് ഗ്രൂപ്പായ ‘ദി പോലീസി’ന്റെ സ്ഥാപകനും അതേ ബാൻഡിസലെ ഡ്രമ്മറുമാണ് അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.