ബെംഗളൂരു: റിച്ച്മണ്ട് റോഡിൽ രണ്ട് ദിവസം മുമ്പ് മോഷണ ശ്രമം പരാജയപ്പെട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തന്നെ തടഞ്ഞ് ദേഹോപദ്രവമേൽപ്പിച്ച വഴിയാത്രക്കാർക്കെതിരെ പരാതിയുമായി മോഷ്ടാവ്. വഴിയാത്രക്കാർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് മോഷ്ടാവ് പോലീസിൽ പരാതി നൽകിയത്. തന്നെ ആക്രമിച്ചവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മോഷ്ടാവ് പരാതിയിൽ വ്യക്തമാക്കി.
ഡൊംലൂർ സ്വദേശിയായ റിതേഷ് ജയകുമാർ (18) എന്ന മോഷ്ടാവ് സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് ഒരു കവർച്ചാ ശ്രമം പരാജയപ്പെട്ട് രക്ഷപ്പെടുന്നതിനിടെയാണ് ക്യാമറയിൽ കുടുങ്ങിയത്. കത്തി കാട്ടി റോഡരികിൽ നിർത്തിയിട്ട ഒരു ക്യാബിൽ കയറിയ ഇയാൾ മൊബൈൽ ഫോണും പണവും ആവശ്യപ്പെട്ട് ഡ്രൈവർ പ്രതാപ് പാട്ടീലിനെ ഭീഷണിപ്പെടുത്തി. എന്നാൽ ജയകുമാറിന്റെ പദ്ധതി പാളി. പാട്ടീൽ കള്ളനെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് തള്ളി സഹായത്തിനായി നിലവിളിച്ചു. തുടർന്ന് ഏതാനും വഴിയാത്രക്കാരും വാഹനയാത്രികരും പാട്ടീലിന്റെ സഹായത്തിനെത്തി. ജയകുമാറിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ സംഘർഷത്തിനിടെ മോഷ്ടാവ് ആളുകളെ കത്തി കാട്ടി ആക്രമിക്കാൻ ശ്രമിച്ചു.
മോഷ്ടാവ് അക്രമാസക്തനായതോടെ ആൾക്കൂട്ടവും തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഒരാൾ ജയകുമാറിന്റെ കൈ പിടിച്ചു മാറ്റുകയും മറ്റൊരാൾ ഹെൽമെറ്റും തടിക്കഷണവും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. എന്നാൽ റോഡിലെ ഗതാഗതക്കുരുക്ക് മുതലെടുത്ത് ജയകുമാർ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് കവർച്ചാ ശ്രമത്തിൽ പാട്ടീൽ പോലീസിൽ പരാതി നൽകി. "പരിക്കേറ്റ കവർച്ചക്കാരനെ ഞങ്ങൾ കണ്ടെത്തി, ഐപിസി സെക്ഷൻ 393 (കവർച്ച നടത്താൻ ശ്രമിക്കുക), 398 (മാരകായുധങ്ങളുമായി കവർച്ച നടത്തുകയോ കൊള്ളയടിക്കുകയോ ചെയ്യുക) എന്നിവ പ്രകാരം മോഷ്ടാവിനെ അറസ്റ്റ് ചെയ്തു" ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ പോലീസിന് ജയകുമാർ നൽകിയ പരാതി ഇങ്ങനെയാണ്: “റിച്ച്മണ്ട് ടൗണിൽ വാഹനത്തിൽ ഇരുന്ന ക്യാബ് ഡ്രൈവറെ വൈകുന്നേരം നാല് മണിയോടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഞാൻ കൊള്ളയടിക്കാൻ ശ്രമിച്ചു. ഡ്രൈവറുടെ മൊബൈലും വാലറ്റും തട്ടിയെടുക്കാനാണ് ശ്രമിച്ചത്. എന്നാൽ അയാൾ രക്ഷപ്പെട്ടു, സഹായത്തിനായി നിലവിളിച്ചു. അവന്റെ നിലവിളി കേട്ട് 30-40 പേർ എന്നെ വളഞ്ഞിട്ട് തല്ലി. എന്റെ തലയിലും ചുണ്ടുകളിലും കൈകളിലും കാലുകളിലും പരിക്കേറ്റു. എന്നെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത അജ്ഞാതർക്കെതിരെ ഞാൻ നിയമനടപടി തേടുന്നു." മോഷ്ടാവിന്റെ പരാതിയെത്തുടർന്ന്, ജനക്കൂട്ടത്തിനെതിരെ സെക്ഷൻ 323, 341 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
Also read- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന നഗരം; 107 ഭാഷകൾ ഇവിടെ കേൾക്കാം
ആയുധവുമായി നിൽക്കുന്ന ഒരു കവർച്ചക്കാരനെ പിടികൂടാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയവർക്കെതിരെ എങ്ങനെ പോലീസ് കേസെടുക്കുമെന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയാണ്: "പരാതി നൽകുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പോലീസിന്റെ കടമയാണ്. അക്രമികളെ പിടികൂടുന്നതിന് ഞങ്ങൾ പൊതുജനങ്ങളുടെ സഹകരണം തേടാറുണ്ട്, എന്നാൽ സംശയത്തിന്റെ പുറത്ത് അവരെ ആക്രമിച്ച് കൊണ്ട് നിയമം കയ്യിലെടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു." പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.