സിസ്റ്റർ അഭയ കൊലപാതക കേസിന്റെ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ. 'റോമൻസ്' എന്ന സിനിമയിൽ രണ്ടു കള്ളൻമാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റെ പേരിൽ ബോബൻ സാമുവലിനെതിരേ വ്യാപകമായ വിമർശനമുണ്ടായിരുന്നു. ഇതിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ബോബൻ സാമുവൽ. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെയോ കുലമഹിമയുടെ ആവിശ്യമില്ല 'മനഃസാക്ഷി' എന്നൊന്ന് ഉണ്ടായാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനഃസാക്ഷി' എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.
കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റായ റോമന്‍സിനെതിരെ കത്തോലിക്കാ സഭ രംഗത്തെത്തിയിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സഭ സിനിമയ്‌ക്കെതിരെ തിരിഞ്ഞത്. സിനിമയില്‍ പൗരോഹത്യത്തേയും കുര്‍ബാനയേയും കുമ്പസാരത്തേയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർത്തിയത്. സിനിമക്കെതിരെ കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടു. ക്രിസ്ത്യന്‍ പൗരോഹിത്യത്തെയും കുര്‍ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമയാണ് റോമന്‍സ് എന്ന് ചങ്ങനാശ്ശേരി അതിരൂപത ആരോപിച്ചിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും തിരുവനന്തപുരം സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.