• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | പാഞ്ഞടുത്ത് ട്രെയിൻ; പാളം മുറിച്ചു കടക്കാൻ നോക്കി വയോധിക; രക്ഷകനായത് ആർപിഎഫ് ഉദ്യോ​ഗസ്ഥൻ

Viral | പാഞ്ഞടുത്ത് ട്രെയിൻ; പാളം മുറിച്ചു കടക്കാൻ നോക്കി വയോധിക; രക്ഷകനായത് ആർപിഎഫ് ഉദ്യോ​ഗസ്ഥൻ

ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് മാനിക്കാതെ സ്ത്രീ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ട്രെയിൻ കടന്നു വന്നുകൊണ്ടിരുന്ന റെയിൽവേ ട്രാക്കിനടുത്തേക്ക് ഓടിയെത്തി കുനിഞ്ഞ് സ്ത്രീയെ കൈനീട്ടി വലിച്ച് രക്ഷപെടുത്തി

RPF-rescue

RPF-rescue

  • Share this:
ട്രെയിൻ വരുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ച സ്ത്രീക്ക് അത്ഭുത രക്ഷ. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ലളിത്പൂർ റെയിൽവേ സ്റ്റേഷനിലാണ് (Lalitpur railway station) സംഭവം. ഒരു ആർപിഎഫ് (RPF) ഉദ്യോ​ഗസ്ഥനാണ് ഇവരുടെ രക്ഷക്കെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയവും (Ministry of Railways) വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പാഞ്ഞടുത്തു കൊണ്ടിരുന്ന ട്രെയിനു മുന്നിൽ നിന്ന് തലനാരിഴക്കാണ് ഈ വയോധിക രക്ഷപെട്ടത്.

ട്രെയിൻ വരുന്നതു ശ്രദ്ധയിൽ പെട്ട ആർപിഎഫ് ഉദ്യോഗസ്ഥൻ, വീഡിയോയിൽ കാണുന്ന വയോധികയോട് പാളം മുറിച്ചു കടക്കരുതെന്ന് ആംഗ്യം കാണിക്കുന്നത് കാണാം. എന്നാൽ, ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് മാനിക്കാതെ സ്ത്രീ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ട്രെയിൻ കടന്നു വന്നുകൊണ്ടിരുന്ന റെയിൽവേ ട്രാക്കിനടുത്തേക്ക് ഓടിയെത്തി കുനിഞ്ഞ് സ്ത്രീയെ കൈനീട്ടി വലിച്ച് രക്ഷപെടുത്തി. തൊട്ടടുത്ത നിമിഷം ട്രെയിൻ കടന്നു പോകുന്നതും വീഡിയോയിൽ കാണാം. വയോധികയെ സുരക്ഷിതമായി അടുത്ത ട്രാക്കിലേക്കു വലിച്ചു കയറ്റിയതിനു തൊട്ടുപിന്നാലെ ആളുകൾ ആർപിഎഫ് ഉദ്യോ​ഗസ്ഥനെയും നിലത്തു കിടക്കുന്ന സ്ത്രീയെയും സഹായിക്കാൻ ഓടിയെത്തുന്നതും കാണാം.

''ആർപിഎഫ് ഉദ്യോഗസ്ഥന്റെ ജാഗ്രതയും പെട്ടെന്നുള്ള ഇടപെടലും കൊണ്ടാണ് ഈ സ്ത്രീയുടെ ജീവൻ രക്ഷപെട്ടത്. ഝാൻസി ഡിവിഷനിലെ ലളിത്പൂർ സ്‌റ്റേഷനിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്ന ഒരു വയോധികയെ അവിടെ ഡ്യൂട്ടിക്കു നിയോ​ഗിക്കപ്പെട്ടിരുന്ന ആർപിഎഫ് ഉ​ദ്യോ​ഗസ്ഥൻ ജീവൻ പണയം വെച്ചാണ് രക്ഷപെടുത്തിയത്. ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ എല്ലാ റയിൽവേ യാത്രക്കാരും മേൽപ്പാലം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'', വീഡിയോക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ആഴ്ച ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം ഒരു മില്യനിലധികം വ്യൂ നേടിയിട്ടുണ്ട്. ഒരു സെക്കന്റിന് ഇത്രത്തോളം വിലയുണ്ടല്ലോ എന്നാണ് വീഡിയോ കാണുന്ന ചിലർ ആശ്ചര്യപ്പെടുന്നത്. ആ വയോധികയുടെ ജീവൻ രക്ഷിച്ച ആർപിഎഫ് ഉദ്യോ​ഗസ്ഥന് അർഹിക്കുന്ന അം​ഗീകാരം നൽകണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഇദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തണമെന്നും റെയിൽവേ മന്ത്രാലയത്തോട് ചിലർ ആവശ്യപ്പെടുന്നു.

ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലും അടുത്തിടെ സമാനമായ സംഭവം നടന്നിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയ രണ്ട് സ്ത്രീകളുടെ രക്ഷകനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 58കാരിയായ കെ സരസ്വതിയും മറ്റൊരു യാത്രക്കാരിയായ ബി ചന്ദ്രമ്മയുമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. എന്നാല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോൾ ഇരുവരുടെയും ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സനാതന്‍ മുണ്ട ട്രെയിനിന്റെ വാതിലിനടുത്തേക്ക് പാഞ്ഞെത്തി രണ്ട് പേരെയും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിഴച്ച് രക്ഷിക്കുകയായിരുന്നു.
Published by:Anuraj GR
First published: