ലൗഡ് സ്പീക്കറിലൂടെ കുതിര കരയുന്ന ശബ്ദം ഉണ്ടാക്കി രാത്രിയിൽ അയൽക്കാരെ നിരന്തരം ശല്യപ്പെടുത്തിയ ആൾക്ക് മൂന്നര വർഷം തടവ് ശിക്ഷ. റഷ്യയിലെ നിസ്നി നോവ്ഗോർഡ് സിറ്റിയിലാണ് സംഭവം. റഷ്യയിൽ ഒരു പക്ഷേ ഇത് ആദ്യമായായിരിക്കും ഇത്തരം പ്രവൃത്തി ചെയ്യുന്ന ഒരാളെ ജയിൽ ശിക്ഷക്ക് വിധിക്കുന്നത്. സാധാരണഗതിയിൽ ഇത്തരക്കാർക്ക് പിഴയും മറ്റും ഈടാക്കുകയാണ് ചെയ്യാറുള്ളത്.
47കാരനായ യൂരി കോന്ദ്രാത്തേവ് ദിവസവും രാത്രി രണ്ട് മണിക്കൂറോളമാണ് ഉച്ചത്തിൽ കുതിര കരയുന്ന ശബ്ദം ഉണ്ടാക്കാറ്. ഇതുവഴി അയൽവാസികളെ ആരെയും സുഖമായി ഉറങ്ങാൻ ഇയാൾ അനുവദിക്കാറില്ലായിരുന്നു. യൂരി കോന്ദ്രാത്തേവിനെ പിടികൂടുന്നതിനായി 80ൽ അധികം പരാതികളാണ് അയൽവാസികൾ പൊലീസിന് നൽകിയിരുന്നത്. ഏതാണ്ട് 2018 മുതൽ ഇയാൾ ഇത്തരത്തിൽ സമീപവാസികളെ ശല്യപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ട്.
ഏതാനും വർഷങ്ങളായി യൂരി തൊഴിൽരഹിതനാണ്. വർഷങ്ങൾക്ക് മുമ്പ് ഭാര്യയും ഇയാളെ ഉപേക്ഷിച്ച് പോയി. ഈ രണ്ട് സംഭവങ്ങൾക്കും ശേഷമാണ് അയൽക്കാരായ ആളുകളെ ഇയാൾ ശല്യപ്പെടുത്താൻ തുടങ്ങിയത്. ആദ്യം ഉച്ചത്തിൽ പാട്ട് വെക്കുകയാണ് ചെയ്യുക പിന്നീട് അത് കുതിരയുടെ കരച്ചിൽ ശബ്ദത്തിലേക്കും കുതിര ഓടുന്ന ശബ്ദത്തിലേക്കും വഴിമാറും. രാത്രിയിലെ അസഹ്യമായ ശബ്ദം സഹിക്കാനാകാതെ വന്നതോടയൊണ് അയൽക്കാർ പരാതിയുമായി രംഗത്ത് എത്തിയത്. മാനസിക പ്രശ്നങ്ങൾ കാരണമാകാം ഇങ്ങനെ ചെയ്യുന്നത് എന്നും ഇതിനായി ചികിത്സ തേടണം എന്നും അയൽക്കാർ നിർദേശിച്ചു.
VIRAL VIDEO | ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
തുടർന്ന് മാനസിക ആശുപത്രിയിൽ നിന്നും തനിക്ക് യാതൊരും പ്രശ്നവും ഇല്ല എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും യൂരി നേടിയിരുന്നു. എന്നാൽ, രാത്രിയിലെ ശല്യം ചെയ്യലിന് ഒരു കുറവും ഉണ്ടായില്ല. നിരവധി തവണ പൊലീസ് പിഴ ഈടാക്കുകയും ചെയ്തെങ്കിലും തന്റെ പ്രവൃത്തിയിൽ നിന്ന് പിൻമാറാൻ ഇയാൾ തയ്യാറായില്ല. ഇതോടെയാണ് പൊലീസ് യൂരിയെ അറസ്റ്റ് ചെയ്തത്. 2018 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ 80ൽ അധികം പരാതി ലഭിച്ചെന്നും. പിഴ ഈടാക്കിയിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ അറസ്റ്റ് ചെയ്യുക ആയിരുന്നു എന്നും പൊലീസ് പറഞ്ഞു.
2020ൽ ജനിച്ച കുഞ്ഞ്; കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് തെറ്റിദ്ധരിച്ച് പാവം കുഞ്ഞ്
മാസങ്ങൾക്ക് മുമ്പ് നിരന്തം ഉച്ചത്തിൽ പാട്ടു വെച്ച് അയൽക്കാരെ ശല്യപ്പെടുത്തിയ ഒരാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെയിൽസ് മാനായി ജോലി ചെയ്തിരുന്ന ഇയാളെ അയൽവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരെ മദ്യലഹരിയിൽ ഇയാൾ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അയൽക്കാരെ ശല്യപ്പെടുത്തൽ, പൊലീസുകാരെ മർദ്ദിക്കൽ, പെർമിറ്റില്ലാതെ മദ്യം സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇയാൾക്ക് മൂന്ന് മാസത്തെ തടവും 2250 ദിർഹം (45000 രൂപ) പിഴയുമാണ് കോടതി വധിച്ചത്.
മദ്യത്തിന്റെ സ്വാധീനത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരോട് മോശമായി പെരുമാറുകയും ഇവരെ മർദ്ദിച്ചതായും കോടതി കണ്ടെത്തി. അയൽക്കാരെ ശല്യപ്പെടുത്തുക, പെർമിറ്റില്ലാതെ മദ്യം സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളും ഇയാൾ ചെയ്തതായി കണ്ടെത്തിയതോടെയാണ് തടവുശിക്ഷയടക്കം കോടതി വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.